Breaking News

Trending right now:
Description
 
Jul 02, 2013

'457 വിസ' പദ്ധതിയിലെ മാറ്റങ്ങള്‍ക്ക്‌ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്‌ അംഗീകാരം നല്‌കി, ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക്‌ തിരിച്ചടി

Vinod Mathai
image ഓസ്‌ട്രേലിയില്‍ വിദേശ തൊഴിലാളികള്‍ക്കായി നിലവിലിരുന്ന 457 വിസ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക്‌ പാര്‍ലമെന്റ്‌ അംഗീകാരം നല്‌കി. ഇന്ത്യന്‍ ഐടി വിദഗ്‌ധര്‍ ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ ജോലി തേടുന്നവര്‍ക്ക്‌ വലിയ തിരിച്ചടിയാണിത്‌. സ്‌കില്‍ഡ്‌ ഫോറിന്‍ വര്‍ക്കര്‍ വിസ പ്രോഗ്രാം എന്ന പേരില്‍ 1990 മുതല്‍ നിലവിലിരുന്ന നിയമമാണ്‌ ഇതോടെ ഇല്ലാതായത്‌. അമേരിക്കയിലെ എച്ച്‌ ബി1 വിസയ്‌ക്ക്‌ ഏതാണ്ട്‌ തുല്യമായിരുന്നു ഇത്‌. ഈ വിസയില്‍ എത്തി ജോലി നോക്കുന്നവര്‍ക്ക്‌ പെര്‍മനന്റ്‌ റെസിഡന്‍സി ലഭിക്കാനും സാഹചര്യമുണ്ടായിരുന്നു.

പുതിയ നിയമത്തിന്‌ അംഗീകാരം ലഭിക്കുന്നതോടെ പ്രാദേശികമായി തൊഴിലാളികളെ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശത്തുനിന്നുള്ളവരുടെ സേവനം ഉപയോഗിക്കാന്‍ കഴിയൂ. അതായത്‌ ഒരു പ്രത്യേക ജോലി ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശ പൗരന്മാരെ പരിഗണിക്കാന്‍ കഴിയൂ. യൂണിയനുകളെ തൃപ്‌തിപ്പെടുത്താന്‍ ലേബര്‍ ഗവണ്‍മെന്റ്‌ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ്‌ പുതിയ നിയമനിര്‍മാണമെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. വിദേശതൊഴിലാളികളെ ആശ്രയിക്കുന്ന വിവിധ മേഖലകളില്‍നിന്നുള്ളവര്‍ 457 - ന്‌ അനുകൂലമായിരുന്നു. 


ഓസ്‌ട്രേലിയയിലെ തൊഴില്‍ തേടുന്ന പൗരന്മാര്‍ക്ക്‌ രക്ഷ നല്‌കുന്നതിന്‌ എന്ന പേരിലാണ്‌ മുന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തില്‍ 457 വിസ നിയമം അഴിച്ചുപണിയാന്‍ തീരുമാനിച്ചത്‌. നിയന്ത്രണാതീതമായി വിദേശതൊഴിലാളികള്‍ ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ എത്തുന്നുവെന്നതായിരുന്നു വിസ നിയമം പൊളിച്ചെഴുതാന്‍ ജൂലിയ നടത്തിയ വാദം. കണ്‍സ്‌ട്രക്ഷന്‍ പോലെയുളള മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറയുകയാണെങ്കിലും 457 വിസകളില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഓസ്‌ട്രേലിയയില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വന്‍ അവസരമാണ്‌ എന്ന്‌ മട്ടില്‍ ഇപ്പോഴും പ്രചാരങ്ങള്‍ നടക്കുന്നുണ്ട്‌. വിവിധ വിസകളില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നരില്‍ പരലും ജോലി കണ്ടെത്താന്‍ കഴിയാതെ മടങ്ങുന്ന സാഹചര്യം നിലവിലുള്ളപ്പോഴും ഇതൊക്കെ മറച്ചുവച്ചുകൊണ്ടാണ്‌ വ്യാജപ്രചാരണം നടക്കുന്നത്‌. ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ മനുഷ്യകടത്തു നടത്തുന്ന ചില ഏജന്‍സികളാണ്‌ ഇതിനു പിന്നിലെന്ന കാര്യം വ്യക്തമാണ്‌. റിക്രൂട്ട്‌മെന്റിന്‌ ആളെക്കൂട്ടാനായി വിശ്വാസ്യത വരുത്താനായി പല സ്രോതസുകളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌. മാധ്യമങ്ങളെ ഉപയോഗിച്ച്‌ നിലവില്‍ സാധ്യതകള്‍ ഏറെയുണ്ടെന്ന മട്ടില്‍ പ്രചരിപ്പിക്കുകയും ആളെക്കൂട്ടി റിക്രൂട്ട്‌മെന്റിനായി ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്യും. ജോലി തേടി ഓസ്‌ട്രേലിയയില്‍ എത്തുന്നതോടെ ഇത്തരം ഏജന്‍സികള്‍ കയ്യൊഴിയും. വിസ കാലാവധി വരെ ജോലി തേടി അലഞ്ഞ്‌ വീണ്ടും ലക്ഷങ്ങള്‍ മുടക്കി മനസ്‌ മടുത്ത്‌ പലരും മടങ്ങും. 


ഏഴു വര്‍ഷത്തിനു ശേഷം സാധ്യതകള്‍ ഉണ്ട്‌ എന്നു പ്രചരിപ്പിച്ചാണ്‌ ഇപ്പോള്‍ ആളെ കൂട്ടാന്‍ ശ്രമിക്കുന്നത്‌. 457 വിസ നിയമങ്ങള്‍ മാറിയതോടെ പ്രാദേശികമായ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ മറ്റുള്ളവരെ ജോലിക്ക്‌ പരിഗണിക്കാന്‍ കഴിയൂ.