Breaking News

Trending right now:
Description
 
Jun 29, 2013

വി.എസ്‌. അച്യുതാനന്ദനും മുസ്ലിം ലീഗും തമ്മില്‍ യുദ്ധം മുറുകുന്നു

image വി.എസ്‌. ഒരു വശത്തും മുസ്ലിം ലീഗ്‌ മറുവശത്തുമായി പുതിയ രാഷ്ട്രീയ യുദ്ധമുഖം തുറന്നു. എല്ലായ്‌പ്പോഴും പോലെ വി.എസ്‌ അച്യുതാനന്ദന്‍ ഒരു വശത്തും മറുവശത്ത്‌, യൂത്തന്മാര്‍ ഉള്‍പ്പെടെ ലീഗ്‌ ഒന്നടങ്കം മറുവശത്തും അണിനിരന്നു കഴിഞ്ഞു.

വി.എസ്‌. ഉന്നയിച്ച ആരോപണങ്ങള്‍ എന്താണെന്നും അതിന്റെ വാസ്‌തവും എന്താണെന്നും നോക്കാം. വ്യക്തമായ വിവരങ്ങള്‍ സി.ബി.ഐയില്‍നിന്നുതന്നെ ലഭ്യമായ ശേഷമാണ്‌ വി.എസ്‌. പത്രസമ്മേളനം നടത്തിയത്‌ എന്നറിയുന്നു.

പാസ്‌പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്താന്‍ രണ്ട്‌ പാസ്‌പോര്‍ട്ട്‌ ഓഫീസുകള്‍ക്ക്‌ രേഖാമൂലം അനുമതി നല്‌കിയതിന്റെ മാനദണ്ഡം എന്താണെന്നാണ്‌ വി.എസിന്റെ ചോദ്യം. രാജ്യദ്രോഹമായതിനാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കും കത്തെഴുതുമെന്നും കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ ഇക്കാര്യത്തില്‍ വിശദീകരണം നല്‌കണമെന്നും വി.എസ്‌. ആവശ്യപ്പെടുന്നു.

ഇതൊരു പെണ്‍കടത്തിന്റെ വിഷയം മാത്രമല്ലെന്നും പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ കടത്താനും തീവ്രവാദ പ്രവര്‍ത്തനം നടത്താനും ഇതൊരു മറയാക്കുകയാണെന്നും വി.എസ്‌. ആരോപിക്കുന്നു.

മലപ്പുറം പാസ്‌പോര്‍ട്ട്‌
ഓഫീസിലും സേവാകേന്ദ്രത്തിലും പാസ്‌പോര്‍ട്ട്‌ ഓഫീസറുടെയും ഏജന്റുമാരുടെയും വീടുകളിലും കഴിഞ്ഞ പതിനേഴിന്‌ സി.ബി.ഐ കൊച്ചി യൂണിറ്റ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. അഴിമതിനിരോധന നിയമപ്രകാരം പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ അബ്ദുള്‍ റഷീദിനെതിരേ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌. കുഞ്ഞാലിക്കുട്ടിയുടെ പഴയ ഗണ്‍മാന്‍ റഷീദിന്റെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിക്കാന്‍ സി.ബി.ഐ തീരുമാനമെടുത്തുകഴിഞ്ഞു.

സാധാരണഗതിയില്‍ സംസ്ഥാന തസ്‌തികയിലുള്ളവരെ പാസ്‌പോര്‍ട്ട്‌ ഓഫീസറായി നിയമിക്കാറില്ല. എന്നാല്‍, ഡിവൈഎസ്‌പി റാങ്ക്‌ മാത്രമുണ്ടായിരുന്ന അബ്ദുള്‍ റഷീദിനെ ആരാണ്‌ ഈ തസ്‌തികയില്‍ നിയമിച്ചത്‌ എന്നതാണ്‌ ദുരൂഹം. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസില്‍നിന്ന്‌ ഇതിനായി ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നാണ്‌ ആക്ഷേപം. ലീഗിന്റെ താത്‌പര്യവും ഇക്കാര്യത്തില്‍ ഇപ്പോള്‍ സംശയവിധേയമാണ്‌.

ഇതിനിടെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറി അബ്ബാസ്‌ സേട്ടിന്റെ മരണം. മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സേട്ടിന്‌ ഭരണരഹസ്യങ്ങളെല്ലാം അറിയുന്നയാളാണ്‌.

ഇതേ കേസില്‍ ചോദ്യം ചെയ്യപ്പെടാനിരിക്കെയാണ്‌ ഒരു ദിവസം റെയില്‍വേ സ്റ്റേഷനില്‍ സേട്ട്‌ കുഴഞ്ഞുവീണ്‌ മരിച്ചത്‌. ചികിത്സയില്‍ പിഴവുണ്ടായെന്ന്‌ ആരോപണമുണ്ടായിരുന്നു. ആന്തരികസ്രാവമുണ്ടായിരുന്ന അദ്ദേഹത്തിന്‌ ആസ്‌പിരിന്‍ ഇന്‍ജക്ഷന്‍ നല്‌കിയതോടെ രക്തനഷ്ടം കൂടി മരിച്ചതാണെന്നായിരുന്നു ആക്ഷേപം. ഇക്കാര്യത്തെക്കുറിച്ച്‌ പരാതിപ്പെടാനും ഗൗരവമായെടുക്കാനും ആരും തയാറായിരുന്നില്ല.

വി.എസിന്‌ തലയ്‌ക്കു നല്ല സുഖമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മരിച്ച്‌ കബറില്‍ കിടക്കുന്ന ആളെക്കുറിച്ച്‌ മനുഷ്യത്വമില്ലാതെ മനസാക്ഷി മരവിച്ച മട്ടില്‍ പറയുന്നതെങ്ങനെ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. വി.എസ്‌. രാഷ്ട്രീയ വിഷാദരോഗിയാണെന്ന്‌ മറ്റൊരു ലീഗ്‌ നേതാവ്‌ പ്രതികരിച്ചു.