Breaking News

Trending right now:
Description
 
Jun 29, 2013

യുഎസ്‌ കുടിയേറ്റനിയമം സെനറ്റ്‌ പാസാക്കി; ഒരുകോടിയിലധികം പേര്‍ക്ക്‌ പൗരത്വം

image അമേരിക്കയില്‍ താമസിക്കുന്ന ഒരുകോടിയിലധികം പേര്‍ക്ക്‌ പൗരത്വം കിട്ടാന്‍ വഴിയൊരുക്കുന്ന കുടിയേറ്റനിയമം 32 നെതിരേ 68 വോട്ടുകള്‍ക്ക്‌ യുഎസ്‌ സെനറ്റ്‌ പാസാക്കി. അനധികൃത കുടിയേറ്റം കര്‍ശനമായി തടയുന്നതിനാണ്‌ പിതിയ നിയമം കൊണ്ടുവരുന്നത്‌. എച്ച്‌-1 ബി വിസ അനുവദിക്കുന്നതിന്‌ ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന ചില ചട്ടങ്ങള്‍ ഇന്ത്യന്‍ കമ്പനികളെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ്‌ ഒബാമയുടെ അജണ്ടയിലെ പ്രധാന ഇനമായിരുന്നു കുടിയേറ്റ പരിഷ്‌കരണ നിയമം. എന്നാല്‍ ജനപ്രതിനിധിസഭകൂടി പാസാക്കിയാലേ ബില്‍ നിയമമാക്കാന്‍ സാധിക്കൂ. സെനറ്റിലെ മുഴുവന്‍ ഡെമോക്രാറ്റുകളും മൂന്നിലൊന്ന്‌ റിപ്പബ്‌ളിക്കന്മാരും ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്‌തു. അതേസമയം, റിപ്പബ്‌ളിക്കന്മാര്‍ക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ ബില്ലു പാസാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. ജനപ്രതിനിധിസഭയും പാസാക്കിയാല്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിഡന്റിന്റെ അനുമതിയോടെ ബില്‍ നിയമമാകും. അനധികൃതമായി യുഎസില്‍ താമസിക്കുന്ന 110 ലക്ഷംപേര്‍ക്ക്‌ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാനും പൗരത്വം സമ്പാദിക്കാനും ഉതകുന്ന വ്യവസ്ഥകളാണു ബില്ലിലുള്ളതെന്ന്‌ ബില്‍ തയാറാക്കുന്നതിനു നേതൃത്വം നല്‍കിയ ഡെമോക്രാറ്റ്‌ അംഗം റിച്ചാര്‍ഡ്‌ ഡര്‍ബിന്‍ പറഞ്ഞു. ഇനി രാജ്യത്തേക്ക്‌ കുടിയേറുന്നതിനു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അനധികൃത കുടിയേറ്റം തടയാന്‍ 20,000 പേരടങ്ങുന്ന അതിര്‍ത്തി ഗാര്‍ഡ്‌ സേനാ വിഭാഗത്തെ നിയോഗിക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്‌. അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ നിയമപരിരക്ഷ ലഭിക്കുന്നതോടെ തൊഴിലില്ലായ്‌മ വര്‍ധിക്കുമെന്നു ബില്ലിനെ എതിര്‍ത്ത ചില റിപ്പബ്‌ളിക്കന്മാര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍പേര്‍ തൊഴില്‍രംഗത്ത്‌ എത്തുന്നത്‌ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും ഫെഡറല്‍ കമ്മി കുറയ്‌ക്കുമെന്നും ഡെമോക്രാറ്റുകള്‍ അഭിപ്രായപ്പെട്ടു.