Breaking News

Trending right now:
Description
 
Oct 09, 2012

ഓസ്‌ട്രേലിയയില്‍ ഇരുന്നൂറോളം നേഴ്‌സുമാരുടെ ഭാവി അവതാളത്തില്‍

Special Correspondent/ Global Malayalam
image മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഓവര്‍സീസ്‌ നേഴ്‌സിങ്‌ പ്രൊഗ്രാമായ "ഇനിഷ്യല്‍ രജിസ്‌ട്രേഷന്‍ പ്രൊഗ്രാം ഫോര്‍ നഴ്‌സിങ്ങ്‌ രജിസ്‌ട്രേഷനു" ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ ഏജന്‍സി വഴി രജിസ്‌റ്റര്‍ ചെയ്‌ത ഇരുന്നൂറോളം നേഴ്‌സിംങ്‌ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായിരിക്കുന്നു. ഇവര്‍ കോഴ്‌സിനായി രജിസ്‌റ്റര്‍ ചെയ്‌ത മെല്‍ബണിലെ ഓവര്‍സീസ്‌ നേഴ്‌സിംങ്‌ പ്രൊഗ്രാം നടത്തുന്ന നേഴ്‌സിംങ്‌ കോളേജും നേഴ്‌സിംങ്‌ കൗണ്‍സിലും തമ്മിലുള്ള സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ ഇവിടെ നിന്ന്‌ രജിസ്‌റ്റര്‍ ചെയ്‌ത നേഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ ഓസ്‌ട്രേലിയന്‍ ആരോഗ്യവകുപ്പ്‌ തടഞ്ഞുവച്ചിരിക്കുകയാണ്‌. ഇവിടെ പഠിക്കുന്നവരില്‍ കൂടുതലും മലയാളികളാണ്‌.

"ഇനിഷ്യല്‍ രജിസ്‌ട്രേഷന്‍ പ്രൊഗ്രാം ഫോര്‍ നഴ്‌സിംങ്‌ രജിസ്‌ട്രേഷന്‍" എന്ന കോഴ്‌സ്‌ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ്‌ ഓസ്‌ട്രേലിയയില്‍ ജോലിക്ക്‌ അപേക്ഷിക്കാന്‍ സാധിക്കുക. ഈ കോഴ്‌സിന്‌ ചേരണമെങ്കില്‍ ഏകദ്ദേശം 12 ലക്ഷം ഇന്ത്യന്‍ രൂപയാണ്‌ ചിലവ്‌. കൂടാതെ മറ്റു ചിലവുകള്‍ വേറെ.

പ്രൈമറി സ്‌കൂള്‍ മുതല്‍ ഇംഗ്ലീഷ്‌ ഭാഷ പഠിച്ച്‌ നേഴ്‌സിംങ്‌ യോഗ്യത നേടിയവര്‍ക്ക്‌ ഐഎല്‍ടിഎസ്‌ ഇല്ലാതെ തന്നെ രജിസ്‌ട്രേഷനു അപേക്ഷിക്കാമെന്ന്‌ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന്‌ രജിസ്‌ട്രേര്‍ഡ്‌ നേഴ്‌സുമാര്‍ രജിസ്‌ട്രേഷനു വേണ്ടി അപേക്ഷിച്ചിരുന്നു.

അതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ കൊയ്‌ത്തുകാലമായി. 12 ലക്ഷം മുതല്‍ 16 ലക്ഷം വരെയാണ്‌ "കോഴ്‌സ്‌ ഫീസിനത്തില്‍" എന്ന പേരില്‍ പല ഏജന്‍സികളും നേഴ്‌സുമാരുടെ കയ്യില്‍ നിന്ന്‌ ഈടാക്കുന്നത്‌. ഈ ഏജന്‍സികളാണ്‌ നേഴ്‌സിംങ്‌ കോളേജ്‌ തിരഞ്ഞെടുക്കുന്നതില്‍ നേഴ്‌സുമാരെ സഹായിക്കുന്നത്‌. ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി എത്തിയിരിക്കുന്ന നേഴ്‌സുമാരുടെ ഭാവിയാണ്‌ ഏജന്‍സിയുടെ അശ്രദ്ധമൂലം അപകടത്തില്‍ ആയിരിക്കുന്നത്‌.

ഈ കോഴ്‌സ്‌ പാസായാലും കടമ്പകള്‍ ഏറെ കടക്കണം ഓസ്‌ട്രേലിയയില്‍ ഒരു രജിസ്‌ട്രേഡ്‌ നേഴ്‌സാകണമെങ്കില്‍. കോഴ്‌സ്‌ പാസായ നേഴ്‌സുമാര്‍ സ്വന്തം നിലയിലാണ്‌ സ്‌പോണ്‍സറെ കണ്ടത്തേണ്ടത്‌. ആദ്യ തവണ കോഴ്‌സ്‌ പാസായില്ലെങ്കില്‍ വീണ്ടും ഒരിക്കല്‍ക്കൂടി പരീക്ഷ എഴുതുവാന്‍ അവസരം ലഭിക്കുന്നതാണ്‌. എന്നാല്‍ പരീക്ഷ കടന്നുകൂടുവാന്‍ കഴിയാതെ വന്നതോടെ പലര്‍ക്കും നാടു വിടേണ്ട ഗതികേടു വന്നു ചേര്‍ന്നിട്ടുണ്ട്‌.

പലരും ബാങ്കും വായ്‌പയും എടുത്തും സ്വന്തം കിടപ്പാടം പണയപ്പെടുത്തിയും വിറ്റു പെറുക്കിയുമൊക്കെയാണ്‌ നല്ലൊരു ജീവിതത്തിനായി അന്യ നാട്ടില്‍ എത്തിച്ചേരുന്നത്‌. എന്നാല്‍ അവിടെ എത്തുന്ന പാവപ്പെട്ട ഈ നേഴ്‌സുമാരെ സഹായിക്കാന്‍ എന്ന വ്യാജേന ചൂഷണം ചെയ്യാന്‍ നൂറുകണക്കിനു ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. ലക്ഷങ്ങളാണ്‌ അധികമായി പലരും കോഴ്‌സിന്റെ പേരില്‍ വാങ്ങുന്നത്‌.

സാങ്കേതിക തകരാറിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ലഭിക്കാതെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന മലയാളി നേഴ്‌സുമാരെ സഹായിക്കാന്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയം അടിയന്തരമായി ഇടപ്പെടണമെന്ന്‌ യുണൈറ്റഡ്‌ നേഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ ആവശ്യപ്പെട്ടു.