Breaking News

Trending right now:
Description
 
Jun 27, 2013

കുറ്റിച്ചെടികള്‍ വെട്ടിക്കൂട്ടി മാലിന്യക്കൂനകളാക്കി; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല

image
ആലപ്പുഴ: റോഡുവക്കില്‍ വളര്‍ന്നു നിന്നിരുന്ന കുറ്റിച്ചെടികള്‍ വെട്ടിക്കൂട്ടിയെങ്കിലും അത്‌ നീക്കം ചെയ്യാത്തതിനാല്‍ മഴയില്‍ ജീര്‍ണിച്ച്‌ മാലിന്യക്കൂനകളായി രോഗഭീതി പടര്‍ത്തുന്നു.

മഴക്കാലത്ത്‌ പതിവുപോലെ പൊട്ടിപ്പുറപ്പെടാനിടയുള്ള വിവിധ രോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന്‌ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി വഴിവക്കിലെ പൊന്തക്കാടുകള്‍ വെട്ടിനീക്കണമെന്നും റോഡുവക്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യങ്ങള്‍ ഒഴിവാക്കണമെന്നും മറ്റും നാട്ടുകാര്‍ മുനിസിപ്പാലിറ്റിയോട്‌ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്‌ചകള്‍ പലതുകഴിഞ്ഞു മഴ കനത്തപ്പോള്‍ കൂടുതല്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ കുറ്റിച്ചെടികള്‍ വെട്ടാന്‍ തുടക്കമിട്ടത്‌.

തത്തംപളളി വാര്‍ഡിലെ മഠം റോഡ്‌, കോര്‍ത്തശേരി തത്തംപള്ളി കുരിശടി റോഡ്‌, മഠം റോഡ്‌ കുരിശടി റോഡ്‌ ഇടവഴി, കിടങ്ങാംപറമ്പ്‌ കോര്‍ത്തശേരി റോഡിന്റെ ഭാഗം എന്നിവിടങ്ങളിലെ റോഡുവക്കിലുള്ള കുറ്റിച്ചെടികളും പുല്‍പ്പടര്‍പ്പുകളും മുനിസിപ്പല്‍ തൊഴിലാളികള്‍ നന്നായി വെട്ടി കൂട്ടിവച്ചിട്ടുണ്ട്‌. എന്നാല്‍ സ്ഥലം വൃത്തിയാക്കി ഇടവിട്ടു കൂട്ടിവച്ചിട്ടുള്ള പുല്ലും പാഴ്‌വസ്‌്‌തുക്കളും റോഡുവക്കില്‍ നിന്നു ആഴ്‌ചകളായി നീക്കം ചെയ്യാത്തതിനാല്‍ മഴയില്‍ അതു വീണ്ടും ചീഞ്ഞളിഞ്ഞ്‌ റോഡില്‍ പരന്നു ആകെ മലിനമാകുകയും കൊതുകുകളുടെ കൂടുതല്‍ പ്രജനനത്തിന്‌ സാഹചര്യമൊരുക്കുകയും ചെയ്യുകയാണ്‌.

റോഡരികില്‍ കുന്നുകൂടുന്ന ചപ്പുചവറുകള്‍ മുനിസിപ്പാലിറ്റി വാഹനം എത്തിച്ച്‌ സ്ഥിരമായി എടുത്തുമാറ്റാനുള്ള നടപടികള്‍ സ്വീകരിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വൃത്തിയായും ഫലപ്രദമായും നടത്തണമെന്ന്‌ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ മുനിസിപ്പല്‍ സെക്രട്ടറിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന ജൈവ, അജൈവ മാലിന്യങ്ങള്‍ തുടര്‍ച്ചയായി നീക്കം ചെയ്‌ത്‌ പരിസരം വൃത്തിയാക്കിയിടാനും പകര്‍ച്ചവ്യാധികള്‍ തടയാനുമുള്ള ഉത്തരവാദിത്തം മുനിസിപ്പാലിറ്റിക്കു മാത്രമാണ്‌.