Breaking News

Trending right now:
Description
 
Jun 25, 2013

ബയോഗ്യാസ്‌ പ്ലാന്റുകളില്‍ സൗജന്യമായി കൊതുകുവല ലഭ്യമാക്കണം: ടി.ആര്‍.എ

image ആലപ്പുഴ: വീടുകളില്‍ ഇപ്പോള്‍ വ്യാപകമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ബയോഗ്യാസ്‌ പ്ലാന്റുകളില്‍ നിന്നുണ്ടാകുന്ന കൊതുകുശല്യം ഒഴിവാക്കാന്‍ എല്ലാ പ്ലാന്റുകളിലും അവ മൂടുന്ന വിധത്തില്‍ കൊതുകുവലകള്‍ സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മാണം സംസ്ഥാനത്തൊട്ടാകെ പ്രോത്സാഹിപ്പിക്കുന്ന അവസരത്തില്‍ത്തന്നെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൊതുകു നിയന്ത്രണ നടപടികളും അത്യാവശ്യമായി ചെയ്യേണ്ടതുണ്ട്‌.

പ്ലാന്റുകള്‍ സ്ഥാപിക്കുന്നയിടങ്ങളില്‍ മാലിന്യപ്രശ്‌നം കുറയുന്നതിനാല്‍ കൊതുകുശല്യവും കുറയുമെന്നു കരുതിയിരുന്നെങ്കിലും പ്ലാന്റുകളില്‍ നിന്നു കൊതുകുകള്‍ ധാരാളമായി പുറത്തു വരുന്നുണ്ടെന്നു അനുഭവസ്ഥര്‍ സൂചിപ്പിക്കുന്നു. അതിനെത്തുടര്‍ന്നു അടുത്തകാലത്ത്‌ പുതുതായി സ്ഥാപിക്കപ്പെട്ട ബയോഗ്യാസ്‌ പ്ലാന്റുകള്‍ കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ടോ എന്നു ശാസ്‌ത്രീയമായി ഗവേഷണം നടത്തണമെന്നും ഉണ്ടെങ്കില്‍ പരിഹാരം നിര്‍ദേശിക്കണമെന്നും അധികൃതരോട്‌ ടി.ആര്‍.എ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ അതു പരിഗണിച്ചു മറുപടിയൊന്നും നല്‌കിയില്ല.

സെപ്‌റ്റിക്‌ ടാങ്കുകളില്‍ നിന്നു ധാരാളം കൊതുകുകള്‍ പുറത്തുവരുന്നുണ്ടെന്നു ഉറപ്പായ സ്ഥിതിക്കു ബയോഗ്യാസ്‌ പ്ലാന്റുകളും കൊതുകുപ്രജനനത്തിനു കാരണമാകുമെന്നു സാധാരണക്കാര്‍ കരുതുന്നു. ബയോഗ്യാസ്‌ പ്ലാന്റില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുകയില്ലെന്നാണ്‌ പ്ലാന്റ്‌്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതെങ്കിലും കൊതുകുശല്യമുണ്ടായാല്‍ അല്‌പം മണ്ണെണ്ണ ഒഴിച്ചാല്‍ മതിയെന്നും പ്രതിവിധി നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാലത്‌ നിത്യേന പ്രായോഗികമല്ല. അതു പ്ലാന്റുകളെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്‌.


അധികൃതര്‍ ഔദ്യോഗികമായി മറുപടി നല്‌കിയിട്ടില്ലെങ്കിലും സര്‍ക്കാര്‍ വക പരസ്യങ്ങളില്‍ വീടിനു ചുറ്റും കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ കൊതുകുവല കൊണ്ട്‌ മൂടാന്‍ നിര്‍ദേശിച്ചിരുന്നു. അതു ചൂണ്ടിക്കാട്ടി കൊതുകുവലകള്‍ സൗജന്യമായി നല്‌കണമെന്ന ആവശ്യത്തെത്തുടര്‍ന്നാകണം പിന്നീടു പ്രസിദ്ധീകരിച്ച പരസ്യങ്ങളില്‍ നിന്നു ഇക്കാര്യം ഒഴിവാക്കി വെള്ളം ശേഖരിക്കുന്ന ടാങ്കുകളുടെ കാര്യം മാത്രമാക്കി.

ബയോഗ്യാസ്‌ പ്ലാന്റുകളുടെ പ്രത്യേക ഘടന കണക്കിലെടുത്ത്‌ അതിന്‌ അനുയോജ്യമായ വിധത്തിലും പ്ലാന്റ്‌ ഉപയോഗത്തിനു അസൗകര്യങ്ങളില്ലാതെയും കൊതുകുകള്‍ ഒന്നും പുറത്തുപോകാത്ത രീതിയിലും രൂപകല്‌പന ചെയ്യുന്നവയായിരിക്കണം കൊതുകുവല. പ്ലാന്റ്‌ നിര്‍മിച്ച ഏജന്‍സികള്‍ മുഖേനെ തന്നെ ഇതിനായുള്ള കൊതുകുവലകളും സൗജന്യമായി എത്തിക്കുകയാണ്‌ വേണ്ടത്‌.

ഇതേസമയം, കൊതുകുശല്യത്തെത്തുടര്‍ന്നു പലയിടങ്ങളിലും ഇതിനകം തന്നെ ഉടമകള്‍ സ്വന്തം നിലയില്‍ ബയോഗ്യാസ്‌ പ്ലാന്റുകള്‍ കൊതുകുവല കൊണ്ടു മൂടാന്‍ തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ അശാസ്‌ത്രീയമായ മൂടല്‍ പൂര്‍ണ പ്രയോജനമുണ്ടാക്കുന്നില്ല. കൊതുകുകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സ്ഥിതിക്ക്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി എടുക്കുകയാണ്‌ വേണ്ടത്‌.