Breaking News

Trending right now:
Description
 
Jun 22, 2013

പ്രകൃതിദുരന്തത്തില്‍ പെട്ടവര്‍ക്കായി ദേവാലയങ്ങളില്‍ നാളെ പ്രത്യേക പ്രാര്‍ഥന

image പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവര്‍ക്കും കഷ്‌ടപ്പെടുന്നവര്‍ക്കുമായി പ്രാര്‍ഥിക്കണമെന്നു കെസിബിസി. മരിച്ചവര്‍ക്കു വേണ്ടിയും പകര്‍ച്ചവ്യാധികളാല്‍ ക്ലേശിക്കുന്നവര്‍ക്കും പ്രകൃതിദുരന്തങ്ങളില്‍ കഷ്ടനഷ്ടങ്ങളുണ്ടായവര്‍ക്കു വേണ്ടിയും നാളെ ദേവാലയങ്ങളില്‍ ദിവ്യബലി മധ്യേ പ്രാര്‍ഥിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്‌തു.

പ്രകൃതിദുരന്തങ്ങളാലും പകര്‍ച്ചവ്യാധികളാലും പ്രിയപ്പെട്ടവര്‍ നഷ്‌ടപ്പെട്ടവരോടും വീടും സ്വത്തും നശിച്ചുപോയവരോടുമുള്ള സ്‌നേഹവും ഐക്യവും മെത്രാന്‍ സമിതി രേഖപ്പെടുത്തി. അവരുടെ സങ്കടങ്ങളിലും തീരാനഷ്‌ടങ്ങളിലും പങ്കുചേരാന്‍ സന്മനസുകള്‍ക്കു സാധിക്കണം. പ്രാര്‍ഥന, സേവനം, സാമ്പത്തിക പിന്തുണ എന്നിവ വഴി സഹായിക്കാന്‍ ഏവര്‍ക്കും സാധിക്കണമെന്നും കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു. 

ഉത്തരാഖണ്ഡിലെ പ്രകൃതി ദുരിതങ്ങളില്‍ അകപ്പെട്ടവരുടെ ജീവിതം സാധാരണ നിലയിലെത്താന്‍ ഭാരത കത്തോലിക്കാസഭയുടെ സാമൂഹിക പ്രവര്‍ത്തനവിഭാഗമായ കാരിത്താസ്‌ ഇന്ത്യ, സൈന്യത്തോടു ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. കേരളത്തില്‍ പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നു കെസിബിസിയുടെ കീഴില്‍ വരുന്ന 451 ആശുപത്രികളും പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കെസിബിസി വൃത്തങ്ങള്‍ അറിയിച്ചു.