Breaking News

Trending right now:
Description
 
Jun 22, 2013

യുവതിയുടെ ആദ്യപ്രസവത്തില്‍ സയാമീസ്‌ ഇരട്ടകള്‍

image മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയില്‍ യുവതി ആദ്യ പ്രസവത്തില്‍ സയാമീസ്‌ ഇരട്ടകള്‍ക്കു ജന്മം നല്‌കി. മഞ്ചേരി വെള്ളുവങ്ങാട്‌ വടക്കാങ്ങര സുകുമാരന്റെ ഭാര്യ ഒലിപ്പുഴ സുചിത്ര (22)യാണു സയാമീസ്‌ ഇരട്ടകളുടെ അമ്മയായത്‌. ഇന്നലെ രാവിലെ 8.55 നായിരുന്നു സയാമീസ്‌ ഇരട്ടകളുടെ ജനനം. കുഞ്ഞുങ്ങള്‍ക്ക്‌ 3.8 കിലോ ഭാരമുണ്ട്‌. 

ഡോക്‌ടര്‍മാരായ രമാദേവി, നസ്‌റീന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രസവം. ശസ്‌ത്രക്രിയ കൂടാതെയാണു കുട്ടികളെ പുറത്തെടുത്തത്‌. മധ്യഭാഗത്ത്‌ ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ശിശുക്കളുടെ തലകള്‍ എതിര്‍ദിശയിലാണ്‌. കൈകള്‍ സാധാരണ നിലയിലാണെങ്കിലും കാലുകള്‍ മധ്യഭാഗത്തുനിന്ന്‌ ഇരുവശങ്ങളിലേക്കാണ്‌. ഒന്നു പെണ്‍കുഞ്ഞാണെങ്കിലും രണ്ടാമത്തെ കുട്ടിയുടെ ലിംഗ നിര്‍ണയം സാധ്യമായിട്ടില്ല. എ പോസിറ്റീവാണ്‌ രക്തഗ്രൂപ്പ്‌. കുഞ്ഞുങ്ങളില്‍ ഒരാള്‍ കരയുന്നുണ്ട്‌.

വിദഗ്‌ധപരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി ഇരട്ടകളെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. സുചിത്രയ്‌ക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു. 

14നാണ്‌ സുചിത്രയെ പ്രസവത്തിനായി മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മഞ്ചേരിയിലെ സ്വകാര്യ സ്‌കാനിംഗ്‌ സെന്ററില്‍ അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ ചെയ്‌തിരുന്നുവെങ്കിലും സയാമീസ്‌ ഇരട്ടകളാണെന്നു ഡോക്‌ടര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നു പിതാവ്‌ സുകുമാരന്‍ പറഞ്ഞു. എന്നാല്‍, ഇരട്ടകള്‍ സയാമീസ്‌ ആണോ എന്നതു സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നില്ലെന്നാണു ഡോക്‌ടറുടെ വിശദീകരണം.