Breaking News

Trending right now:
Description
 
Jun 21, 2013

എങ്കിലും അറിയാതെ പോയല്ലോ ആ സരിതോര്‍ജ്ജ രഹസ്യം?

E.S. Gigimol
image സത്യം അറിയാതെയാണല്ലോ ഇത്രനാളും ഉമ്മന്‍ചാണ്ടിയെ ഭള്ള്‌ പറഞ്ഞതെന്നോര്‍ത്ത്‌ പാവം സുകുമാരന്‍നായര്‍ പെരുന്നയിലിരുന്ന്‌ ഇപ്പോള്‍ മനസുരുകുകയാണ്‌. അന്നും ഇന്നും ഒരേ ഒരു ആവശ്യമേ അദ്ദേഹം ഉമ്മന്‍ചാണ്ടിയോട്‌ പറഞ്ഞിട്ടുള്ളൂ. അതു സ്വന്തം സമുദായത്തിന്റെ മേല്‍ഗതിയെ കരുതിയാണെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌.

അത്‌ വളരെ ചെറിയൊരു ആവശ്യമായിരുന്നു - ഒരു നായരെ താക്കോല്‍സ്ഥാനത്ത്‌ ഇരുത്തണം. ആ നായര്‍ ഡല്‍ഹി നായര്‍ ആയിരിക്കരുതെന്നും പറഞ്ഞിരുന്നു. മാരാരെ നായരായി കാണില്ലെന്ന കാര്യം കെ. മുരളീധരനോടു വെട്ടിത്തുറന്നു പറഞ്ഞു. അത്‌ ചെന്നിത്തല നായരായിരിക്കണോ കൊട്ടാരക്കര നായരായിരിക്കണോ എന്നതൊക്കെ കുഞ്ഞൂഞ്ഞിന്‌ തീരുമാനിക്കാവുന്നതേയുള്ളൂവെന്നും പറഞ്ഞിരുന്നു. ഇതൊക്കെ കേള്‍ക്കുകയും തലകുലുക്കുകയും ചെയ്‌തതല്ലാതെ ശിരസാ വഹിക്കുന്നില്ലെന്നു തോന്നിയതുകൊണ്ടാണ്‌ സുകുമാരന്‍നായര്‍ പലപ്പോഴും പൊട്ടിത്തെറിച്ചത്‌. പെരുന്നയില്‍നിന്ന്‌ പൂച്ച കരച്ചില്‍ പോലും കേള്‍ക്കുന്നില്ലെന്നു തോന്നിയതുകൊണ്ട്‌ ഒരു സിംഹഗര്‍ജ്ജനം തന്നെയാകാമെന്നു കരുതിയെന്നേയുള്ളൂ.

അണ്ണനു ശബ്ദം പോരെന്നു തോന്നിയതുകൊണ്ട്‌ വെള്ളാപ്പള്ളിതമ്പിയെക്കൂടി കൂടെക്കൂട്ടി. സംഗതികള്‍ ഇങ്ങനെയൊക്കെയായിട്ടും താക്കോല്‍സ്ഥാനത്ത്‌ ഒരു നായര്‍തന്നെയാണെന്ന കാര്യംമാത്രം ഉമ്മന്‍ചാണ്ടി പറഞ്ഞില്ലല്ലോ, അക്കാര്യമറിഞ്ഞില്ലല്ലോ എന്ന സങ്കടമാണ്‌ ഇപ്പോള്‍ അണ്ണന്‌.
വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്ന്‌ യേശുക്രിസ്‌തു പറഞ്ഞിട്ടുള്ളത്‌ ശിരസാ വഹിച്ച്‌ സത്യക്രിസ്‌ത്യാനിയായ ഉമ്മന്‍ചാണഅടി തന്റെ ഭൂരിപക്ഷ ചങ്ങാത്തത്തിന്റെ കഥ നായര്‍ സാബിനോട്‌ പറയാന്‍ പോയില്ല. അണ്ണനും തമ്പിയും നോക്കുന്നിടത്തൊക്കെ ന്യൂനപക്ഷോര്‍ജ്ജം പ്രസരിക്കുന്നതു മാത്രമേ കണ്ടുള്ളൂ. അത്‌ അപ്പഴപ്പോള്‍ വിളിച്ചുപറയുകയും ചെയ്‌തു. എന്നിട്ടും ഇപ്പോഴല്ലേ അറിഞ്ഞത്‌. ഭരണത്തിന്റെ താക്കോല്‍സ്ഥാനത്ത്‌ സരിതാ നായരുണ്ടായിരുന്നുവെന്ന കാര്യം കുഞ്ഞൂഞ്ഞിന്‌ നേരത്തെ ഒന്നു പറയാമായിരുന്നു എന്ന പരിഭവം ഇപ്പോഴും ബാക്കി. അതും സൂര്യപ്രഭയോടെ വിളിപ്പുറത്തുണ്ടായിരുന്ന നായരുടെ കാര്യം ആദ്യം പറയേണ്ടത്‌ പെരുന്നയിലായിരുന്നില്ലേ?

അതിനപ്പുറം നല്ല പിള്ളയായ ഗണേഷിന്റെ തണലിലാണ്‌ സൗര്‍ജ്ജം പടര്‍ന്നു പന്തലിച്ചത്‌ എന്നു കൂടി അറിയാതെ പോയി. ആഴ്‌ചയിലൊന്നെങ്കിലും കണ്ണുംതിരുമ്മി വരുമ്പോള്‍ കണികാണുന്ന ഗണേഷ്‌ പോലും ഇക്കാര്യത്തെക്കുറിച്ച്‌ ഒരു ക്ലൂ പോലും തന്നില്ലല്ലോയെന്നും സുകുമാരന്‍നായര്‍ക്കു വിഷമം തോന്നിക്കാണും. ഗണേഷിന്റെ സര്‍വ കുറ്റങ്ങളും ലൈവായി പറഞ്ഞുനടന്നിരുന്ന പിള്ളേച്ചന്‍ പോലും ഇക്കാര്യം മിണ്ടിയില്ലെന്നതില്‍ മണിച്ചേട്ടന്‍ അതീവ ഖിന്നനാണ്‌.

വേനല്‍ വന്നു കറന്റില്ല എന്നൊക്കെ പലരും മുറവിളി കൂട്ടിയിട്ടും മുഖ്യമന്ത്രി മാടിയൊതുക്കാത്ത മുടിയില്‍ തിരിപ്പിടിപ്പിച്ച്‌ ചെറുചിരിയോടെ നടന്നുപോയത്‌ സൗരോര്‍ജ്ജം ഈ സംസ്‌്‌ഥാനത്തിന്റെ രക്ഷകന്‍ എന്ന്‌ അറിഞ്ഞിട്ടാണെന്ന്‌ ഇപ്പോഴല്ലേ പുറത്തുവന്നത്‌. അതിന്റെ പേരില്‍ എത്ര പേര്‍ മുഖ്യനെ ചീത്തവിളിച്ചിരിക്കുന്നു.

ഇതിനൊക്കെ പരിഹാരമായി മുഖ്യമന്ത്രിക്ക്‌ ഒരു മൊബൈല്‍ സമ്മാനിക്കാനാണ്‌ സുകുമാരന്‍നായര്‍ തീരുമാനിച്ചിരിക്കുന്നത്‌. അതും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നത്‌!!