Breaking News

Trending right now:
Description
 
Jun 20, 2013

ഗണേശന്റെ വനിതാ അതിഥി നല്‌കിയ പരാതിയില്‍ ദിവസക്കൂലിക്കാരനായ വാച്ചര്‍ പുറത്തുനിന്നത്‌ ഒരു വര്‍ഷം, ആരായിരുന്നു ആ വിശിഷ്ടാതിഥി?

image ഒരു വര്‍ഷം മുമ്പായിരുന്നു തേക്കടി വനത്തിലെ ഇടപ്പാളയം ഗസ്റ്റ്‌ ഹൗസിലെ ദിവസക്കൂലിക്കാരനായ വാച്ചര്‍ കണ്ണനെ പ്രഗല്‌ഭനായ വനമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ നേരിട്ട്‌ വിളിച്ച്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നത്‌. കാര്യമറിയാതെ വാ പൊളിച്ച കണ്ണന്‍ തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസ്‌ മുതല്‍ താഴെ തേക്കടി ഫോറസ്‌റ്റ്‌ ഓഫീസു വരെ കാര്യം തിരക്കി നടന്നു. അവസാനമാണ്‌ അറിയുന്നത്‌ മന്ത്രിയുടെ ശിപാര്‍ശയില്‍ ഇടപ്പാളയം ഗസ്റ്റ്‌ ഹൗസില്‍ താമസിക്കാനെത്തിയ വനിതാ അതിഥിയെയും സംഘത്തെയും കണ്ണന്‍ കാര്യമായി സല്‍ക്കരിച്ചില്ലെന്നതാണ്‌ കുറ്റമെന്നു കണ്ടെത്തിയത്‌.

കണ്ണന്റെ സസ്‌പെന്‍ഷന്‍ അറിഞ്ഞ പലരും ഇപ്പോള്‍ വിളിച്ചു ചോദിക്കുന്നത്‌ ആരാണ്‌ ഇടപ്പാളയത്ത്‌ കണ്ണന്റെ സസ്‌പെന്‍ഷന്‌ കാരണമായി അതിഥിയെന്നാണ്‌. വിളിക്കുന്നവരില്‍ കൂടുതലും പത്രക്കാര്‍ തന്നെ. എന്നാല്‍, വീണ്ടുമൊരു സസ്‌പെന്‍ഷന്‍ വാങ്ങേണ്ടല്ലോ എന്നു കരുതി കണ്ണന്‍ ആരോടും ഒന്നും പറയാറില്ല. 

തേക്കടി വനത്തിനുള്ളിലെ ഗസ്റ്റ്‌ ഹൗസാണ്‌ ഇടപ്പാളയം. മൃഗങ്ങളെ അടുത്തു കാണുവാന്‍ താല്‌പര്യപ്പെടുന്നവരാണ്‌ സാധാരണയായി ഇവിടെ എത്തുന്നത്‌. കാര്യമായ സൗകര്യങ്ങളില്ലാത്ത, രാത്രികാലങ്ങളില്‍ മാത്രം കെടിഡിസിയുടെ കനിവില്‍ മാത്രം വൈദ്യുതി കിട്ടുന്ന ഈ ഗസ്‌റ്റ്‌ ഹൗസില്‍ പരിമിതമായ ആള്‍ക്കാര്‍ക്ക്‌ മാത്രമേ താമസിക്കാനാവു. ഒരു മണിക്കൂറോളം തടാകത്തിലൂടെ സഞ്ചരിക്കണം ഈ ഗസ്‌റ്റ്‌ ഹൗസില്‍ എത്തണമെങ്കില്‍. മന്ത്രിയുടെ വിശിഷ്ടാതിഥി എത്തുമ്പോള്‍ ഇടപ്പാളയം ഗസ്റ്റ്‌ ഹൗസ്‌ പെയ്‌ന്റിങ്ങ്‌ കഴിഞ്ഞതേയുണ്ടായിരുന്നൊള്ളു. സാധനങ്ങള്‍ അടുക്കി ഒതുക്കുന്നതിനായി ഗസ്റ്റ്‌ ഹൗസില്‍ കണ്ണനെ സഹായിക്കാന്‍ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു.
വൈകുന്നേരത്തോടെ പുഷ്‌പ എന്ന പേരു പറഞ്ഞു പരിചയപ്പെടുത്തിയ ഒരു സ്‌ത്രീയും അമ്മയും സഹോദരന്‍ എന്നു പരിചയപ്പെടുത്തിയ ഒരു പുരുഷനും അടങ്ങുന്ന മൂവര്‍ സംഘം ഇടപ്പാളയത്ത്‌ എത്തി. പിറ്റേ ദിവസം മറ്റൊരു അതിഥി വരുമെന്ന്‌ അറിയിപ്പുണ്ടായിരുന്നതിനാല്‍ രാവിലെ രാവിലെതന്നെ മുറി ഒഴിയണമെന്ന്‌ കണ്ണന്‍ പറഞ്ഞിരുന്നു. താമസസൗകര്യം കുറവായതിനാല്‍ ഒരു അതിഥിയെ മറുകരയില്‍ എത്തിച്ചാല്‍ മാത്രമേ മറ്റുളളവരെ താമസിപ്പിക്കാന്‍ കഴിയൂ. താമസം കഴിഞ്ഞ്‌ പരാതി ഒന്നും പറയാതെ സ്‌നേഹത്തോയെ പിരിയുകയും ചെയ്‌തു.

പുതിയൊരു അതിഥിയുമായി ബോട്ട്‌ വരുന്നതുകണ്ട്‌ ഇവരോട്‌ വേഗം റെഡിയാകുവാന്‍ കണ്ണന്‍ തിരക്ക്‌ കൂട്ടിയത്രേ. കെടിഡിസി പകല്‍ ഇടപ്പാളയത്ത്‌ കറന്റ്‌ നല്‌കാറില്ല, ഇതിന്റെ കുറ്റവും കണ്ണന്റെ മുകളിലായി.

ഗസ്റ്റിനോട്‌ പണം വാങ്ങരുതെന്ന്‌ ഓഫീസര്‍ പറഞ്ഞാല്‍ മാത്രമേ പണം വാങ്ങാതിരിക്കൂ. അല്ലെങ്കില്‍ ആരാണോ അതിഥിയെ അയയ്‌ക്കുന്നത്‌ അവരുടെ അക്കൗണ്ടില്‍നിന്നാകും പണം ഈടാക്കുക. മന്ത്രിയുടെ പ്രത്യേക അതിഥിയാണെന്ന്‌ അറിഞ്ഞിട്ടും തിരക്ക്‌ കൂട്ടിയെന്ന പരാതിയായിരുന്നു കണ്ണനെതിരേ പ്രയോഗിച്ചത്‌. ഇതൊക്കെ വിശിഷ്ടാതിഥി മണി മണിയായി മന്ത്രിയുടെ മുമ്പില്‍ മുദ്രകളും നവരസങ്ങളും നിറച്ച്‌ അവതരിപ്പിച്ചപ്പോള്‍ മന്ത്രി വീണു പോയി. 19 വര്‍ഷം കാടിനെ സേവിച്ച വാച്ചര്‍ക്ക്‌ സസ്‌പെന്‍ഷന്‍ നല്‌കി കലപനയായി.

ആ ദിവസങ്ങളില്‍ ഭാര്യയും മകനും സഹായത്തിന്‌ ഉണ്ടായിരുന്നത്‌ ഭാഗ്യമെന്നു പറഞ്ഞ്‌ സുഹൃത്തുക്കള്‍ കണ്ണനെ ആശ്വസിപ്പിച്ചിരുന്നു. അല്ലെങ്കില്‍ മുറിയില്‍ വാച്ചര്‍ ഒളിഞ്ഞു നോക്കിയെന്നോ കയറി പിടിച്ചുവെന്നോ പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടമായേനെ. ഇതിപ്പോള്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനില്‍ കാര്യം കഴിഞ്ഞല്ലോ?

സസ്‌പെന്‍ഷന്‍ മാറ്റിക്കിട്ടാനായി കണ്ണന്‍ മുട്ടാത്ത വാതിലുകളില്ലെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു. മന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല തിരുവനന്തപുരത്തെ അതിഥിയുടെ നൃത്തസ്‌കൂളിലും കണ്ണന്‍ ഭാര്യാസമേതം എത്തി സമസ്‌താപരാധങ്ങളും ഏറ്റു പറഞ്ഞു മാപ്പാക്കുവാന്‍ കേണു. പക്ഷേ മന്ത്രിയും അതിഥിയും തെറ്റ്‌ ക്ഷമിക്കാന്‍ തയാറായില്ല. എംഎല്‍എയും എംപിയും ഇടപെട്ടു. എന്നിട്ടും ഈ പട്ടിണി പാവത്തിന്റെ അടുപ്പില്‍ തീ പുകയാതെ കഴിഞ്ഞത്‌ ഒരു വര്‍ഷം.

കണ്ണനെ തിരികെയെടുക്കണമെന്ന്‌ പറഞ്ഞ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും മന്ത്രി സിനിമാ സ്റ്റൈലില്‍ മൊഴിഞ്ഞത്‌ ഇങ്ങനെ, "ഞാന്‍ ശിക്ഷ കൊടുത്തതല്ലേ, അയാള്‍ തെറ്റു മനസിലാക്കിയെന്നു ബോധ്യം വന്നാല്‍ ഞാന്‍ തന്നെ തിരികെ എടുത്തോളാം." ഇഷ്ടക്കാര്‍ക്ക്‌ വേണ്ടി എന്തും ചെയ്യുന്ന മന്ത്രിയുടെ 'ജനകീയ' നടപടിയില്‍ നിന്ന്‌ കണ്ണന്‍ മോചിതനായത്‌ മന്ത്രിയുടെ പണി പോയതു കൊണ്ടു മാത്രം. കണ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കണ്ണുനീര്‍ ദൈവം കണ്ടു. എന്നാല്‍ ഗണേശന്‍ തിരിച്ചു മന്ത്രിയാകുന്നുവെന്ന്‌ ഊഹാപോഹങ്ങള്‍ വല്ലപ്പോഴും കാട്ടില്‍ നിന്ന്‌ നാട്ടില്‍ എത്തുമ്പോള്‍ കണ്ണന്‍ അറിയുമ്പോള്‍ കണ്ണന്റെ മനസു പിടയും. 


കാട്ടില്‍ ദിവസക്കൂലി ചെയ്യുന്ന താത്‌കാലിക വാച്ചര്‍മാര്‍ക്ക്‌ 26 ദിവസം കാട്ടില്‍ കഴിഞ്ഞാലാണ്‌ 12 ദിവസത്തെ ദിവസക്കൂലി കിട്ടുന്നത്‌. നിവേദവനും കണ്ണുനീരുമായി പുറകേ നടന്നിട്ടും ആയിരത്തിലേറെ വരുന്ന വാച്ചര്‍മാരെ ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. നാല്‌പതു വര്‍ഷം വരെ സര്‍വ്വീസ്‌ ഉള്ളവരും ഈ കൂട്ടത്തിലുണ്ട്‌. പതിനഞ്ച്‌ വര്‍ഷമായി തേക്കടി വനത്തില്‍ കഞ്ചാവില്ല. വനംകൊള്ളയില്ല. പല വാച്ചര്‍മാര്‍ക്കും ഉള്ളം കയ്യിലെ രേഖകള്‍ പോലെ വനത്തിന്റെ മുക്കും മൂലയും നിശ്ചയം. എന്നിട്ടും ഇവരുടെ കാര്യത്തില്‍ ആര്‍ക്കും അനുകമ്പയില്ല.