Breaking News

Trending right now:
Description
 
Jun 18, 2013

ഡോ.എസ്‌ ബലരാമന്‍ അന്തരിച്ചു

image മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ കൊല്ലം മുണ്ടയ്‌ക്കല്‍ ഈസ്‌റ്റ്‌ സ്വരത്തില്‍ ഡോ. എസ്‌. ബലരാമന്‍ (64) അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായ വി. ശങ്കരന്റെ മകനാണ്‌. പ്രഫ. ടി. സരസ്വതിയാണ്‌ ഭാര്യ. മക്കള്‍: ബിസ (നോര്‍വെ), സിബ. മരുമക്കള്‍: കിരണ്‍ വിശ്വനാഥ്‌, ബസന്ത്‌ പങ്കജാക്ഷന്‍ (മാതൃഭൂമി)
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ എസ്‌ബിഐ ശാഖയില്‍ എത്തിയ ശേഷം മടങ്ങവെ കുഴഞ്ഞുവീണ ഡോ. എസ്‌. ബലരാമനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ഇന്ന്‌ വൈകുന്നേരം അഞ്ചിന്‌ പോളയത്തോട്‌ ശ്‌മശാനത്തില്‍.

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ മുന്‍ ആക്ടിംഗ്‌ വൈസ്‌ ചാന്‍സിലറായിരുന്നു. നഴ്‌സിംഗ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ്‌ ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയത്‌.
കേരളത്തിലെ ഒട്ടേറെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പഠിക്കുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒട്ടേറെ ശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.

നഴ്‌സുമാരുടെ അന്ത്യാജ്ഞലി

തൊഴില്‍ ചൂഷണവും പീഡനങ്ങളും നേരിട്ടിരുന്ന കേരളത്തിലെ നഴ്‌സുമാരുടെ പതിറ്റാണ്ടുകളായുള്ള ദുരിതജീവിതം പൊതുസമൂഹത്തിന്റെകൂടി പ്രശ്‌നമായി കാണുകയും പരിഹാരമാര്‍ഗങ്ങള്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കുകയും ചെയ്‌ത ഡോ.എസ്‌. ബലരാമന്റെ നിര്യാണത്തില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍(യുഎന്‍എ) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
യുഎന്‍എയുടെ പ്രക്ഷോഭത്തെയും ആവശ്യങ്ങളെയും പരിഗണിച്ചാണ്‌ ഡോ.എസ്‌.ബലരാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്‌. യുഎന്‍എ വിവിധ ഘട്ടങ്ങളില്‍ ചൂണ്ടിക്കാട്ടിയ ഗൗരവമേറിയ തൊഴില്‍ചൂഷണവും മാനേജ്‌മെന്റുകളുടെ ക്രൂരമായ പീഡനങ്ങളും ബലരാമന്‍ കമ്മിറ്റി കണ്ടെത്തുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. അടിമകളെപോലെ പണിയെടുത്തിരുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ സമൂഹത്തില്‍ ഉന്നതമായ പരിഗണന ഉണ്ടാക്കിതന്നതില്‍ ഡോ.എസ്‌. ബലരാമിനുള്ള പങ്ക്‌ സ്‌മരണീയമാണ്‌.
എക്കാലത്തും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും തിരുത്തലുകളും യുഎന്‍എയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പരിഗണനയ്‌ക്കെടുത്ത സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതിയില്‍പോലും അദ്ദേഹത്തിന്റെ ഇടപെടലുകളെ വിമര്‍ശിക്കാനാളുണ്ടായിട്ടുണ്ട്‌. മാനേജ്‌മെന്റുകളെ നിലയ്‌ക്കുനിര്‍ത്താന്‍ അദ്ദേഹം കാണിച്ച ആര്‍ജവം സര്‍ക്കാരിലേക്കും പകര്‍ന്നുനല്‍കാനും ഏറെ പരിശ്രമിച്ചിട്ടുണ്ട്‌. നഴ്‌സിങ്‌ മേഖലയില്‍ താന്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ഇരുവിഭാഗത്തിനും ദോഷകരമല്ലാത്ത നിര്‍ദേശങ്ങളാണ്‌ സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. ഇത്‌ നടപ്പാക്കുന്നതിന്‌ വേണ്ടിയും അവസാനനാള്‍ വരെ പരിശ്രമിച്ച ഡോ.എസ്‌. ബലരാമിന്റെ നിര്യാണം നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം രക്ഷിതാവിനെ നഷ്‌ടപ്പെട്ടതുപോലെയാണ്‌.
ഡോ.എസ്‌. ബലരാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ കേരളത്തില്‍ മൂന്ന്‌ ദിവസം ദുഃഖാചരണം നടത്താന്‍ യു.എന്‍.എ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ അറിയിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും നടക്കുന്ന ആംബുലന്‍സ്‌ നഴ്‌സുമാരുടെ സമരങ്ങളില്‍ കറുത്ത ബാഡ്‌ജ്‌ ധരിക്കാനും വാ മൂടിക്കെട്ടി മൗനം ആചരിക്കാനും തീരുമാനിച്ചു.