Breaking News

Trending right now:
Description
 
Oct 08, 2012

മഞ്ഞുമൂടിയ കാശ്‌മീരില്‍

ഈയിടെ കേരളത്തില്‍നിന്ന്‌ കാശ്‌മീര്‍ സന്ദര്‍ശിക്കാനെത്തിയ പീരുമേട്‌ എംഎല്‍എ ഇ.എസ്‌. ബിജിമോള്‍ ഗ്ലോബല്‍ മലയാളത്തിനായി യാത്രാനുഭവം പങ്കുവയ്‌ക്കുന്നു
image മഞ്ഞുമൂടികിടക്കുന്ന കാശ്‌മീരിനെ പുറമെ നിന്നു നോക്കുമ്പോള്‍ ഒരു പൂവിന്റെ നൈര്‍മല്യമാകും നമുക്ക്‌ അനുഭവപ്പെടുക. ശിശിരം മാറി വസന്തം എത്തുമ്പോള്‍ മഞ്ഞുരുകുന്നതുപ്പോലെ ആ നൈര്‍മല്യം എപ്പോള്‍വേണമെങ്കിലും അപ്രത്യക്ഷമാകാം. താമസസ്ഥലത്തേയ്‌ക്ക്‌ പോകുമ്പോള്‍വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചു, ഒരു കുഞ്ഞു റോസാപ്പൂപ്പോലെ സുന്ദരികളായ പെണ്‍കുട്ടികളുടെ കണ്ണുകളുടെ ആഴങ്ങളിലേയ്‌ക്ക്‌ നോക്കിയാല്‍ കാണാം ഭീതിയുടെ കനലുകള്‍.

കാശ്‌മീരിന്റെ ഭൂപ്രകൃതിക്ക്‌ ഈശ്വരന്‍ കനിഞ്ഞു നല്‌കിയ സൗന്ദര്യം ആവശ്യത്തിലേറെയുണ്ടെങ്കിലും പലര്‍ക്കും അതാസ്വദിക്കാന്‍ സാധിക്കുന്നില്ലന്ന്‌ അവരുടെ കണ്ണുകള്‍ ഞങ്ങളോട്‌ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഞങ്ങള്‍ ആറ്‌ എംഎല്‍എമാരും അവരുടെ കുടുബാംഗങ്ങളും അടങ്ങുന്ന സംഘമാണ്‌ കാശ്‌മീര്‍ സന്ദര്‍ശനത്തിനായി എത്തിയത്‌. കാശ്‌മീര്‍ വിമാനത്താവളത്തില്‍ നിന്ന്‌ കനത്ത സുരക്ഷാകവചങ്ങള്‍ ഒരുക്കി പോലീസുകാരാണ്‌ ഞങ്ങളെ സ്വീകരിച്ചത്‌. നാട്ടില്‍ പക്ഷികളെപ്പോലെ പറന്ന്‌ നടന്ന്‌ വിളിച്ചും വിളിക്കാതെയും ഏത്‌ വീട്ടിലും കയറി ചെല്ലുന്നവരാണ്‌ ഞങ്ങള്‍ കേരളത്തിലെ എംഎല്‍എമാരെന്ന്‌ കാശ്‌മീരി പോലീസിനോട്‌ പറയണമെന്നുണ്ടായിരുന്നു, പക്ഷേ അവരുടെ കൈയ്യിലെ തോക്കും മുഖഭാവവും കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല.

ഏതെങ്കിലും ഭീകരന്‍ അടുത്ത നിമിഷം ചാടിവീണ്‌ ഞങ്ങളെ വകവരുത്തുമെന്ന്‌ ഒരു ഉള്‍ഭയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഏത്‌ ഭീകരാവസ്ഥയെയും നേരിടാനുള്ള മാനസികപക്വത കൈവരിച്ചവരാണ്‌്‌ ഞങ്ങള്‍ മലയാളി നിയമസഭാ സമാജികര്‍. അതുകൊണ്ട്‌ പെട്ടെന്നു തന്നെ എല്ലാവരും സാധാരണ അവസ്ഥയിലേയ്‌ക്ക്‌ മടങ്ങി വന്നു. കാശ്‌മീര്‍ എംഎല്‍എ ഹോസ്‌റ്റലില്‍ ആയിരുന്നു ഞങ്ങള്‍ക്ക്‌ താമസസൗകര്യം ഒരുക്കിയിരുന്നത്‌.

ഉച്ചകഴിഞ്ഞ്‌ ഞങ്ങള്‍ കാശ്‌മീരിലെ ചെഷ്‌മാഷായി മുഗള്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ തിരിച്ചു. കാശ്‌മീരിലെ മൂന്നു മുഗള്‍ ഗാര്‍ഡനിലെ ഏറ്റവും ചെറിയ മുഗള്‍ഗാര്‍ഡനാണ്‌ ചെഷ്‌മാഷായി ഗാര്‍ഡന്‍. ചെഷ്‌മാഷായി എന്ന വാക്കിന്റെ അര്‍ത്ഥം "രാജകീയ വസന്ത"മെന്നാണെന്ന്‌ ഗാര്‍ഡനില്‍ ഞങ്ങള്‍ക്ക്‌ സഹായി ആയി എത്തിയ പോലീസുകാരന്‍ പറഞ്ഞു.

നെഹ്‌റു മെമ്മോറിയല്‍ പാര്‍ക്കിനു മുകളിലായി സ്ഥിതിചെയ്യുന്ന ഈ ഗാര്‍ഡന്‍ 1632-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനാണത്രേ നിര്‍മ്മിച്ചത്‌. സൗന്ദര്യത്തെ അതിന്റെ തനിമയില്‍ തീര്‍ത്ത്‌ വരുംതലമുറയ്‌ക്കായി കാത്തുസൂക്ഷിച്ച ആ മഹാരാജന്റെ ദീര്‍ഘവീക്ഷണത്തെ ഞാന്‍ ഇത്തിരി അസൂയയോടെയാണ്‌ നോക്കി കണ്ടത്‌. ഇന്നത്തെ ഭരണാധികാരികള്‍ക്ക്‌ നഷ്ടപ്പെട്ടു പോകുന്നത്‌ ഈ ദീര്‍ഘവീക്ഷണമാണ്‌. പൂന്തോട്ടത്തെ വലയം ചെയ്‌ത്‌ നില്‌ക്കുന്ന മലരാക്ഷസന്മാര്‍, അവരുടെ നെഞ്ചു പിളര്‍ന്ന്‌ ഭൂമിയിലേയ്‌ക്ക്‌ പതിക്കുന്ന കുഞ്ഞരുവികള്‍. സന്ധ്യ ചുവന്ന മേലാപ്പുകള്‍ ആകാശത്ത്‌ വിരിച്ചങ്ങ്‌ നില്‌ക്കുകയാണ്‌. ഇളം കാറ്റില്‍ തെന്നിനീങ്ങുന്ന മഞ്ഞിന്റെ ദൂപ്പട്ടകള്‍ അണിഞ്ഞ മലകള്‍ക്കിടയിലൂടെ ദാല്‍ തടാകത്തിന്റെ വിദൂരക്കാഴ്‌ച.

മലകളില്‍നിന്ന്‌ ഒഴുകിയെത്തുന്ന കുഞ്ഞരുവികളിലെ വെള്ളം പൂന്തോട്ടത്തിലേയ്‌ക്ക്‌ കൊണ്ടുവന്ന്‌ ചെറിയ തോടുകളാക്കി തോട്ടത്തിലൂടെ ഒഴുക്കിയിരിക്കുകയാണ്‌. മഞ്ഞയും ചുവപ്പും വയലറ്റും അങ്ങനെ വിവിധ വര്‍ണത്തിലൂടെയുള്ള പൂക്കള്‍ ഒരു കാര്‍പ്പെറ്റ്‌ വിരിച്ചിരിക്കുന്നതുപ്പോലെ പൂന്തോട്ടത്തിന്റെ വിവിധ ഭാഗത്തായി കാണാം. കൂടെ വന്നവര്‍ കാശ്‌മീരിന്റെ പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോകള്‍ എടുക്കുന്ന തിരക്കിലായിരുന്നു.

ഞങ്ങള്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരാണെന്ന്‌ അറിഞ്ഞ്‌ പൂന്തോട്ടം സന്ദര്‍ശിക്കാന്‍ എത്തിയ അകാലിദള്‍ പ്രവര്‍ത്തകര്‍ ഞങ്ങളെ പരിചയപ്പെടുവാന്‍ എത്തി. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി കച്ചവടക്കാര്‍ സഞ്ചാരികളെ വല്ലാതങ്ങ്‌ ശ്വാസംമുട്ടിക്കുയാണെന്ന്‌ തോന്നുന്നു. കാശ്‌മീരിന്റെപരമ്പരാഗത മാലകള്‍ വില്‍ക്കുന്നവര്‍, പഴക്കച്ചവടക്കാര്‍, വിവിധതരം കീചെയിനുകള്‍ അങ്ങനെ നൂറുകണക്കിനു സാധനങ്ങളുമായി നൂറുകണക്കിന്‌ കച്ചവടക്കാരാണ്‌ ഓരോരുത്തരുടെയും ചുറ്റും കൂടുക.

ഞങ്ങള്‍ വന്നിരിക്കുന്നത്‌ ചില മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ കൂടിയാണ്‌. സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി വിവിധ സര്‍ക്കാരുകള്‍ നടത്തുന്ന കര്‍മ്മപരിപാടികള്‍ അവിടുത്തെ സ്‌ത്രീകളുടെ പ്രാദേശികമായ വിഷയങ്ങള്‍ അത്‌ കൈകാര്യം ചെയ്യുന്ന രീതിയും ഞങ്ങളുടെ യാത്രയില്‍ പഠനവിഷയമാണ്‌.

സത്യത്തില്‍ കേരളം വിട്ടുകഴിയുമ്പോഴാണ്‌ മനസ്സിലാകുന്നത്‌ നമ്മള്‍ എത്ര ചെറിയ ലോകത്ത്‌ എത്ര ഇടുങ്ങിയ ചിന്താഗതിയോടെയാണ്‌ ജീവിക്കുന്നതെന്ന്‌. യുദ്ധത്തിന്റെയും ഭീകരാക്രമണത്തിന്റെയും നിഴലില്‍ ജീവിക്കുന്നതു കൊണ്ടാകാം അവിടുത്തെ സ്‌ത്രീകള്‍ വല്ലാത്ത മന:ധൈര്യമുള്ളവരാണെന്ന്‌ എനിക്ക്‌ തോന്നി. അവിടുത്തെ കുട്ടികളുടെ കണ്ണില്‍ പോലും വല്ലാത്തൊരു ദൃഢത.

അടുത്ത ദിവസം ഞങ്ങള്‍ യാത്ര പോയത്‌ ഗുല്‍മാര്‍ഗ്‌ ഗൊണ്ടാലയിലെ കേബിള്‍ കാര്‍ യാത്രയ്‌ക്കാണ്‌. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളവും കൂടിയ കേബിള്‍ കാറാണ്‌ ശ്രീനഗര്‍ ഗുല്‍മാര്‍ഗ്‌ ഗൊണ്ടാലയിലേത്‌. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3980 മീറ്റര്‍ ഉയരത്തിലാണ്‌ കേബിള്‍ കാറിലൂടെ നമ്മള്‍ സഞ്ചരിക്കുന്നത്‌. മറക്കാനാവാത്ത യാത്രയായിരുന്നു ഗുല്‍ബര്‍ഗിലേത്‌. ഇതുവരെ മലകളെ മുകളിലേയ്‌ക്ക്‌ നോക്കി ആശ്ചര്യപ്പെടുന്നവരാണ്‌ ഞങ്ങള്‍ ഹൈറേഞ്ചുകാര്‍. ഒരു കുന്നിന്‍പുറത്തു കയറിക്കഴിയുമ്പോള്‍ മറ്റൊരു മല അതിലും ഉയരത്തില്‍ നില്‌ക്കുന്നതു കാണാം.

എന്നാല്‍ മലകളെ കീഴടക്കി ഞങ്ങള്‍ മലകളുടെ മുകളിലൂടെ പക്ഷികളെപ്പോലെ ചിറകുവിടര്‍ത്തി യാത്ര ചെയ്യുകയാണ്‌. മലകള്‍ തലയുയര്‍ത്തി ഞങ്ങളെ ആശ്ചര്യത്തോടെ നോക്കുന്നതുപോലെ. ഇതുപോലെയൊരു ടൂറിസം പദ്ധതി കേരളത്തിലെ വാഗമണ്ണില്‍ നടപ്പിലാക്കുവാന്‍ശ്രമിച്ചിട്ട്‌ നിങ്ങള്‍ തുരങ്കം വയ്‌ക്കുകയല്ലേയെന്നു കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക്‌ സംശയം. ഈ പദ്ധതി നിര്‍ദ്ദേശിച്ച സ്ഥലത്തെ പ്രകൃതി ഇത്തരം പദ്ധതികള്‍ക്ക്‌ അനുയോജ്യമായ സ്ഥലമാണെന്ന്‌ പറയാന്‍ സാധിക്കില്ല. കാരണം എപ്പോഴും ഇടിമിന്നല്‍ സാധ്യതകള്‍ ഏറെയുള്ള പ്രദേശത്താണ്‌ കേബിള്‍ കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഒരു സ്ഥലത്ത്‌ നടപ്പിലാക്കുന്ന വികസനം മറ്റൊരു സ്ഥലത്തിനു യോജ്യമാകണമെന്നില്ല.

ഒന്നാം ഘട്ടം കൊണ്ട്‌ യാത്ര അവസാനിപ്പിച്ചു പോകാം. കുറേകൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ രണ്ടാം ഘട്ടത്തിലേയ്‌ക്ക്‌ പോകാം. ഒന്നാം ഘട്ടത്തില്‍ നിന്ന്‌ രണ്ടാം ഘട്ടം യാത്ര കുതിരപ്പുറത്തുമാകാം. മഞ്ഞുകാലമല്ലാത്തതിനാല്‍ ഞങ്ങള്‍ 500 മീറ്ററോളം നടന്നതിനു ശേഷമാണ്‌ മഞ്ഞില്‍ തെന്നി നടക്കുവാന്‍ പറ്റുന്ന സ്ഥലത്ത്‌ എത്തിയത്‌. അതിനു വേണ്ടിയുള്ള പ്രത്യേക സന്നാഹങ്ങള്‍ ഉണ്ടായിരുന്നു.

മഞ്ഞില്‍ തെന്നി വീണാല്‍ ബിജിമോളെ പിടിച്ചെഴുന്നേല്‌പ്പിക്കാന്‍ കഴിയില്ലന്നും സഹസമാജികരായ മോന്‍സ്‌ ജോസഫും സണ്ണിജോസഫുമെല്ലാം മുന്നറിയിപ്പു നല്‌കി. സൂക്ഷിക്കണമെന്ന്‌ എനിക്കും തോന്നി... പലരും തെന്നി വീഴുന്നതു കണ്ട്‌ ഞാന്‍ കുറേ ചിരിച്ചു. ലാവോസില്‍ മഞ്ഞില്‍ തെന്നിവീണ മുഖ്യമന്ത്രിയുടെ കാലിന്‌ ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ഞാന്‍ ഓര്‍ത്തു. മഞ്ഞുപുതപ്പിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച്‌ ഞങ്ങള്‍ ഗുല്‍മാര്‍ഗില്‍ നിന്ന്‌ താഴേയ്‌ക്കെത്തിയപ്പോള്‍ മൂന്നുമണിയോളമായി.

ഭക്ഷണത്തിനു ശേഷം ദാല്‍ തടാകത്തിലൂടെ ഒരു ബോട്ട്‌ യാത്ര. ബോട്ടുകൂലിയായി 2000 രൂപയാണ്‌ ബോട്ടുകാര്‍ ആവശ്യപ്പെട്ടത്‌ നീണ്ട വിലപേശലിനു ശേഷം 300 രൂപയ്‌ക്ക്‌ ബോട്ടുകാരന്‍ ഞങ്ങളെ കൊണ്ടു പോകുവാന്‍ സമ്മതിച്ചു. ടൂറിസ്‌റ്റ്‌ സീസണ്‍ അല്ലാത്തതിനാല്‍ അവര്‍ ഞങ്ങള്‍ക്ക്‌ വഴങ്ങിയെന്നേയുള്ളു. ഒച്ചിഴയുന്ന വേഗത്തില്‍ സഞ്ചരിക്കുന്ന ബോട്ടിനും ചുറ്റും കച്ചവടക്കാര്‍ കൂടി. ബോട്ട്‌ വളഞ്ഞിട്ട്‌ അവര്‍ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

അവിടെ നിന്ന്‌ ഞങ്ങള്‍ പോയത്‌ മുഹമ്മദ്‌ നബിയുടെ വിശുദ്ധ മുടി സൂക്ഷിച്ചിരിക്കുന്ന ഹസ്രത്‌ബാല്‍ മോസ്‌ക്ക്‌ കാണുവാനാണ്‌. ദാല്‍ തടാകത്തിനു സമീപമാണ്‌ വെള്ളക്കല്ലില്‍ കൊത്തിയ ഈ മോസ്‌ക്ക്‌ സ്ഥിതി ചെയ്യുന്നത്‌.

രാത്രിയില്‍ ഞങ്ങള്‍ അത്താഴം കഴിച്ചത്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ചിലെ മലയാളി വൈദികര്‍ക്കൊപ്പമാണ്‌.....

കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍