Breaking News

Trending right now:
Description
 
Jun 15, 2013

മെല്‍ബണില്‍ സീറോ മലബാര്‍ സഭയ്‌ക്ക്‌ സ്വന്തമായി ആസ്ഥാനം

Jose M George
image

മെല്‍ബണ്‍: മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ സ്വന്തമായി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും പണിയുവാന്‍ 15 ഏക്കര്‍ സ്ഥലം വാങ്ങി. ഓഷ്യാനയില്‍ ആദ്യമായി സ്വന്തം സ്ഥലത്ത്‌ ആരാധന നടത്താനുള്ള അവസരം സീറോ മലബാര്‍ സഭയ്‌ക്ക്‌ ലഭിക്കുകയാണ്‌.

വിശ്വാസികളുടെ നാളുകളായുള്ള പ്രാര്‍ഥനയും പ്രയത്‌നവും വിജയിച്ചത്‌ മെല്‍ബണ്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ഡെന്നീസ്‌ ഹാര്‍ട്ടിന്റെ പരിപൂര്‍ണ പിന്തുണയുള്ളതുകൊണ്ടാണ്‌.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ ഒരു പ്രതീകമായി മാറുന്ന ഒരു തീരുമാനമാണ്‌ നോര്‍ത്ത്‌ വെസ്റ്റ്‌ ബില്‍ഡിംഗ്‌ കമ്മിറ്റി പള്ളിക്കായി സ്ഥലം ഏറ്റെടുക്കുകവഴി നടപ്പിലായിരിക്കുന്നതെന്ന്‌ സീറോ മലബാര്‍ സഭാ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം പറഞ്ഞു.

മറ്റു റീജനുകളിലും സീറോ മലബാര്‍ സഭ പള്ളിക്കായി സ്ഥലം വാങ്ങുമെന്നും മെല്‍ബണ്‍ ചാപ്ലെയിന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ആദ്യമായാണ്‌ ദേവാലയം നിര്‍മിക്കാനായി ഇത്രയും വലിയ സ്വത്തുക്കള്‍ കരസ്ഥമാക്കുന്നത്‌. ചിരകാലാഭിലാഷമായ ഒരു ദേവാലയം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിലുള്ള സന്തോഷത്തിലാണ്‌ വിശ്വാസികള്‍. റവ. ഫാ. പീറ്റര്‍ കാവുംപുറം രക്ഷാധികാരിയും സാന്റി ഫിലിപ്പ്‌ ജനറല്‍ കണ്‍വീനറുമായ വിപുലമായ കമ്മിറ്റിയാണ്‌ ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ ചുക്കാന്‍ പിടിക്കുന്നത്‌.

സീറോ മലബാര്‍ സഭയുടെ ഈ പുതിയ നീക്കത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും മൈഗ്രന്റ്‌ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലും പ്രത്യേകം അഭിനന്ദിച്ചു.