Breaking News

Trending right now:
Description
 
Oct 08, 2012

വത്തിക്കാന്‍ സിനഡ്‌ തുടങ്ങി; യൂറോപ്പില്‍ വിശ്വാസികള്‍ കുറഞ്ഞുവെന്ന്‌ മാര്‍പാപ്പ

image വത്തിക്കാന്‍സിറ്റി: യൂറോപ്പില്‍ വിശ്വാസികള്‍ കുറഞ്ഞുകൊണ്ടിരിക്കുകയും ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ പ്രതിബന്ധം ഉയരുകയും ചെയ്യുമ്പോള്‍ സഭയ്‌ക്കു പുതിയ സുവിശേഷീകരണമാണ്‌ ആവശ്യമെന്ന്‌ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു. രണ്ടാംവത്തിക്കാന്‍ സിനഡിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച്‌ ഈ 11ന്‌ ആരംഭിക്കുന്ന വിശ്വാസവര്‍ഷത്തോട്‌ അനുബന്ധിച്ചുള്ള സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ ആര്‍ച്ച്‌ ബിഷപ്പുമാരും ബിഷപ്പുമാരും ഉന്നത വൈദികരുമടക്കം 262 പ്രതിനിധികള്‍ പങ്കെടുത്തു. വര്‍ധിച്ചുവരുന്ന മതവിരുദ്ധതയ്‌ക്കെതിരെ പോരാടുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞ്‌ ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭാനേതാക്കള്‍ വത്തിക്കാനില്‍ നടത്തുന്ന മൂന്നാഴ്‌ചത്തെ സിനഡും ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്‌ഘാടനം ചെയ്‌തു. വിവാഹവും കുടുംബവും പുതിയ സുവിശേഷീകരണത്തിന്റെ കേന്ദ്രസ്ഥാനമായിരിക്കണമെന്നും വിശ്വാസത്തിലെ പ്രതിസന്ധിയും വിവാഹ ജീവിതത്തിലെ പ്രതിസന്ധിയും പരസ്‌പരം ബന്ധപ്പെട്ടതാണെന്നും മാര്‍പാപ്പ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ആത്മീയ ചലനാത്മകതയുടെ സാര്‍വത്രിക പ്രതിഫലനമായിരുന്നു രണ്ടാംവത്തിക്കാന്‍ കൗണ്‍സിലെന്നും അദ്ദേഹം സൂചിപ്പിച്ചു. 2005-ല്‍ മാര്‍പാപ്പ സ്ഥാനമേറ്റതുമുതല്‍ അദ്ദേഹത്തിന്റെ ആത്മീയ ദൗത്യത്തിന്റെ കേന്ദ്രബിന്ധുവാണ്‌ പുതിയ സുവിശേഷീകരണ സന്ദേശം.