Breaking News

Trending right now:
Description
 
Jun 13, 2013

യൂറോപ്പ്‌ പ്രവാസി മലയാളി സംഗമം അവിസ്‌മരണീയമായി

Binu Mohan
image വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്റെ നേതൃത്വത്തില്‍ യൂറോപ്പ്‌ പ്രവാസി മലയാളി സംഗമം ജൂണ്‍ 8-ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ചില്‍ നടന്നു. റീജനല്‍ ചെയര്‍മാന്‍ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ മന്ത്രിയും കോതമംഗലം എംഎല്‍എയുമായ ഷെവ. ടി യു കുരുവിള, മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍, യുവ വ്യവസായി ബോബി ചെമ്മണ്ണൂര്‍, സിനിമാനടനും നിര്‍മ്മാതാവുമായ പ്രേംപ്രകാശ്‌, ഗ്‌ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍(ജര്‍മനി), ഗ്‌ളോബല്‍ പ്രസിഡന്റ്‌ എ എസ്‌ ജോസ്‌(ബഹ്‌റിന്‍), മുന്‍ ഗ്‌ളോബല്‍ സെക്രട്ടറി ജോര്‍ജ്‌ കാക്കനാട്ട്‌( അമേരിക്ക), സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍ നായര്‍, മേജര്‍ കെ എം നായര്‍, ഫാ. ജോണ്‍ തലച്ചിറ സിഎംഐ, റീജനല്‍ ട്രഷറര്‍ ജോര്‍ജുകുട്ടി നമ്പുശേരില്‍, സ്വിസ്‌ പ്രോവിന്‍സ്‌ പ്രസിഡന്റ്‌ ജോയി കൊച്ചാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

റീജനല്‍ പ്രസിഡന്റ്‌ ജോബിന്‍സണ്‍ കൊറ്റത്തില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മജു പേയ്‌ക്കല്‍ നന്ദിയും പറഞ്ഞു.

സംഗമത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്‌മരണിക ഷെവ. ടി യു കുരുവിള പ്രകാശനം ചെയ്‌തു. ചീഫ്‌ എഡിറ്റര്‍ മജു പേയ്‌ക്കല്‍ ആദ്യ കോപ്പി എറ്റുവാങ്ങി.

യുവ വ്യവസായി ബോബി ചെമ്മണ്ണൂരിന്‌ മികച്ച ഹ്യൂമാനിറ്റേറിയനുള്ള അവാര്‍ഡും പ്രിന്‍സ്‌ പള്ളിക്കുന്നേലിന്‌ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡും നല്‍കി.

രാവിലെ "രണ്ടാം തലമുറയുടെ പ്രശനങ്ങളും പരിഹാരങ്ങളും," "സ്‌ത്രീയും സാമൂഹികജീവിതവും," "പ്രവാസി മലയാളികള്‍ നേരിടുന്ന വെല്ലുവിളികള്‍" തുടങ്ങിയ വിഷയങ്ങളില്‍ സിംപോസിയം നടന്നു.

മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, ഷെവ. ടി യു കുരുവിള, ടി പി ശ്രീനിവാസന്‍, ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം ദുരന്തവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി, ഗ്‌ളോബല്‍ വൈസ്‌ ചെയര്‍മാന്‍ രാജു കുന്നക്കാട്ട്‌ (അയര്‍ലാന്‍ഡ്‌), ഇന്ത്യന്‍ റീജനല്‍ പ്രസിഡന്റ്‌ ഡോ. സൂസന്‍ ജോസഫ്‌(പൂനെ), ബിസിഎം കോളേജ്‌ റിട്ട. അധ്യാപിക പ്രൊ. ഡയ്‌സി ലൂക്ക്‌, ആഫ്രിക്കന്‍ റീജനല്‍ പ്രസിഡന്റ്‌ അബ്ദുല്‍ കരീം(കെനിയ), റീജനല്‍ വൈസ്‌ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍(അയര്‍ലാന്‍ഡ്‌), റീജനല്‍ വൈസ്‌ പ്രസിഡന്റ്‌ ഷാജു കുര്യന്‍(കോര്‍ക്ക്‌), റീജനല്‍ ഇലക്ഷന്‍ കമ്മീഷണര്‍ മേഴ്‌സി തടത്തില്‍(ജര്‍മനി), പ്രൊവിന്‍സ്‌ സെക്രട്ടറി ജോസ്‌ കുമ്പിളുവേലില്‍, സ്വിസ്‌ പ്രൊവിന്‍സ്‌ ട്രഷറര്‍ ജോസ്‌ ഇടാട്ടേല്‍ തുടങ്ങിയവര്‍ വിവിധ സിംപോസിയങ്ങള്‍ക്കു നേതൃത്വം നല്‍കി.

സ്വിസ്‌ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ജോഷി പന്നാരക്കുന്നേല്‍, പ്രസിഡന്റ്‌ ജോയി കൊച്ചാട്ട്‌, സെക്രട്ടറി ജോസ്‌ വള്ളാടിയില്‍ എന്നിവര്‍ സിംപോസിയത്തിന്റെ മൊഡറേറ്റര്‍മാരായിരുന്നു.

വൈകുന്നേരം സ്വിസ്‌ പ്രൊവിന്‍സിന്റെ നൃത്തശില്‍പത്തോടെ ആരംഭിച്ച കലാസന്ധ്യയില്‍ വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി, പ്രദീപ്‌ ബാബു, പ്രേം പ്രകാശ്‌ തുടങ്ങിയവര്‍ നയിച്ച ഗാനമേള, വോഡഫോണ്‍ കോമഡി സ്‌റ്റാര്‍സ്‌ നെല്‍സണും ജോബിയും നയിച്ച, ബൈജു മേലില(ഏഷ്യാനെറ്റ്‌) സംവിധാനം ചെയ്‌ത കോമഡി ഷോ എന്നിവയും ഉണ്ടായിരുന്നു.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്റെ ചരിത്രത്തിലാദ്യമായാണ്‌ ഇത്തരമൊരു പ്രവാസി സംഗമം നടന്നത്‌.

ഇറ്റലി, അയര്‍ലാന്‍ഡ്‌, ജര്‍മനി, ഫ്രാന്‍സ്‌, ഹംഗറി, യു കെ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നായി ആയിരത്തില്‍പ്പരം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.