Breaking News

Trending right now:
Description
 
Jun 12, 2013

ഒരു കുന്ന്‌ ചോദ്യങ്ങള്‍, ഉത്തരം തരാന്‍ സിബിഐക്കാകുമോ?

ജിജി ഷിബു / ടെസില്‍ കുംഭകോണം പരമ്പര - 6
image ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാണ്‌ ടെസിലുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍. ഇതിന്റെ ശരിയുത്തരം എന്ത്‌ എന്ന്‌ ഇന്ന്‌ ആര്‍ക്കുമറിയില്ല. അതിനാണ്‌ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്‌.

ടെസിലിനു മാത്രമായി നല്‌കിയ പദ്ധതി മറിച്ചുവില്‍ക്കാന്‍ ഒത്താശ ചെയ്‌തു കൊടുത്തവര്‍ ആരൊക്കെ എന്നതാണ്‌ ആദ്യത്തെ ചോദ്യം. ഇതില്‍ ഉന്നതരാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദങ്ങളുമുണ്ടെന്ന്‌ വ്യക്തം. സിപിപി ആയി നിശ്‌ചയിച്ച പദ്ധതി ഐപിപി ആക്കി മാറ്റാന്‍ ചരടുവലിക്കുകയും അത്‌ നടത്തിക്കൊടുക്കുകയും ചെയ്‌തവരുടെ വിവരങ്ങളും ജനങ്ങളറിയണം. 83.5 കോടി രൂപ മാത്രം കാണിച്ച്‌ ബാക്കി കൈമാറിയ കള്ളപ്പണം എത്രയെന്നതും പുറത്തുവരണം.

എന്തിനായിരുന്നു സ്വകാര്യമുതലാളിമാരെ സഹായിക്കാന്‍ മാത്രമായി ഒരു കള്ളനാടകം? തൊഴിലാളിയുടെ പേരു പറഞ്ഞ്‌ 50,40,79,135 കോടി രൂപയുടെ കുടിശിക 14,75,58,345 കോടിയായി ഇളച്ചുകൊടുത്തത്‌ എന്തിന്‌? ഇതിന്റെ പേരില്‍ ആരൊക്കെയാണ്‌ കമ്മീഷന്‍ പററിയത്‌? താഴിട്ടുവെന്ന്‌ ഉറപ്പായ കമ്പനിയുടെ പേരിലുള്ള പദ്ധതിക്ക്‌ ആറുകോടിയുടെ വായ്‌പ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുതന്നെ സംഘടിപ്പിച്ചെടുത്തതിനു പിന്നിലെ അതിബുദ്ധി ആരുടേതായിരുന്നു? വില്‍പ്പന നികുതി കുടിശിക കുറച്ചുകൊടുത്തതും പാട്ടക്കാലാവധി നിരക്ക്‌ കൂട്ടാതെതന്നെ നീട്ടിക്കൊടുത്തതും ആരുടെ ശിപാര്‍ശയിലായിരുന്നു? 90 കോടി രൂപയ്‌ക്ക്‌ സ്‌ക്രാപ്പ്‌ വില്‍ക്കാന്‍ കരാറായതിനുശേഷവും വഴിവിട്ട സഹായങ്ങള്‍ നല്‌കിയവരെ വെളിച്ചത്തുകൊണ്ടുവരാന്‍ ആര്‍ക്കു കഴിയും?

ഇത്രയധികം കോടികള്‍ വെട്ടിവിഴുങ്ങിയ ടെസിലിനെക്കുറിച്ച്‌ മുഖ്യധാരാ മാധ്യമങ്ങള്‍ മിണ്ടാത്തതെന്താണ്‌? ഇത്തരം കേസുകള്‍ അത്യുത്സാഹത്തോടെ പൊതുജനസമക്ഷം അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ നേരിട്ട്‌ ഈ കേസ്‌ നിയമസഭയില്‍ അവതരിപ്പിച്ചിട്ടും ശ്രദ്ധ കിട്ടാതെ പോയത്‌ എന്തുകൊണ്ടാണ്‌? ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട രാഷ്ട്രീയനേതാക്കളുടെ അറസ്റ്റും തുടര്‍ന്ന്‌ പി.ജെ. കുര്യന്‍ സംഭവവും സഭയില്‍ കത്തിനിന്ന സമയത്തായിരുന്നു ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ്‌ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്‌. ആ ബഹളങ്ങളില്‍ മുങ്ങിപ്പോയ അഴിമതി ഇപ്പോള്‍ വീണ്ടും ശ്രദ്ധയിലേയ്‌ക്കു വരുന്നത്‌ ഹൈക്കോടതി ഈ കേസ്‌ പരിഗണിച്ചതോടെയാണ്‌.

ടെസിലിനെ ചുറ്റിപ്പറ്റിയുള്ള കോടികളുടെ അഴിമതിയും അതിനപ്പുറം വഴിവിട്ടുനല്‌കിയ ആനുകൂല്യങ്ങളും അള്ളുങ്കല്‍, കാരിക്കയം പദ്ധതികളുടെ പേരില്‍ സംസ്ഥാനത്തിനു നഷ്ടപ്പെടുന്ന 550 കോടിയുടെ വിവരങ്ങളും പുറത്തുവരണം. ഇതിനുള്ള മാര്‍ഗം സിബിഐ അന്വേഷണം മാത്രമാണെന്നാണ്‌ ജനങ്ങള്‍ കരുതുന്നത്‌. ഇതിനായി ഹൈക്കോടതി ഉത്തരവിടും എന്ന പ്രതീക്ഷയാണ്‌ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്ക്‌.

 

ടെസില്‍ കുംഭകോണം പരമ്പര ഇവിടെ അവസാനിക്കുന്നു. പ്രതികരണങ്ങള്‍ തുടരും.