Breaking News

Trending right now:
Description
 
Jun 11, 2013

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി...

ജിജി ഷിബു / ടെസില്‍ കുംഭകോണം / പരമ്പര - 5
image രേഖകളില്‍ 83.5 കോടി രൂപയെന്നു കാണിക്കുന്നുവെന്നുവെങ്കിലും അതിന്റെ രണ്ടര ഇരട്ടിയോളം രൂപയ്‌ക്ക്‌ വാങ്ങിയെടുത്ത അള്ളുങ്കല്‍, കാരിക്കയം പദ്ധതി ഇപ്പോള്‍ ഇഡിസിഎല്‍ കമ്പനി മറിച്ചുവില്‍ക്കാന്‍ നീക്കം നടത്തുകയാണ്‌. അതിന്‌ മതിപ്പുവില നിശ്ചയിച്ചിരിക്കുന്നത്‌ 550 കോടി രൂപ. പദ്ധതിയുടെ 80 ശതമാനം പൂര്‍ത്തീകരിച്ചതായാണ്‌ ഇഡിസിഎല്‍ പറയുന്നത്‌. തൊഴിലാളി പ്രേമത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ്‌ ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടിന്‌ കോടികള്‍ സമ്പാദിക്കാന്‍ സൗകര്യം ചെയ്‌തുകൊടുത്തതിനെക്കുറിച്ച്‌ മറുപടി പറയാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. അതുതന്നെയാണ്‌ കഴിഞ്ഞ ദിവസം ഈ കേസ്‌ പരിഗണിക്കവെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും. 550 കോടി രൂപയുടെ അഴിമതി ആരോപണത്തെക്കുറിച്ച്‌ നിശബ്ദമായിരിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നാണ്‌ ഹൈക്കോടതി ചോദിച്ചത്‌. ഇക്കാര്യത്തില്‍ നാല്‌ ആഴ്‌ചയ്‌ക്കകം മറുപടി കിട്ടിയില്ലെങ്കില്‍ സിബിഐ അന്വേഷണം എന്ന വാദികളുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.

ഇരുന്നൂറ്‌ കോടി മുടക്കി 550 കോടി രൂപ നേരെ പോക്കറ്റിലിടുന്ന അഴിമതിയുടെ കാണാക്കയങ്ങള്‍ ആരും അറിയാതെ പോകുകയാണ്‌. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന്‌ എത്രവേണമെങ്കിലും അടവുകളുണ്ട്‌ എന്നത്‌ ഒരിക്കല്‍ കൂടി തിരിച്ചറിയപ്പെടുന്നു. അടിയും കിട്ടി പുളിയും കുടിച്ചു പിഴയും കെട്ടി എന്ന മട്ടിലാണ്‌ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ കാര്യം. സര്‍ക്കാര്‍ ഭൂമിയില്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയില്‍നിന്ന്‌ അണകെട്ടി വൈദ്യുതി ഉണ്ടാക്കി അത്‌ സര്‍ക്കാരിനുതന്നെ മറിച്ചുവില്‍ക്കുന്ന കാഴ്‌ചയാണ്‌ ഇവിടെ.

ഇഡിസിഎല്‍-നു കീഴില്‍ അയ്യപ്പ പവര്‍ പ്രൊജക്ട്‌ എന്ന പേരിലാണ്‌ ടെസിലില്‍നിന്നു വാങ്ങിയ പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. അളളുങ്കല്‍ പദ്ധതിയുടേത്‌ ഏഴു മെഗാവാട്ടും കാരിക്കയം പദ്ധതിയുടേത്‌ 15 മെഗാവാട്ടുമാണ്‌ ഉത്‌പാദനശേഷി. 2006-ല്‍ യൂണിറ്റിന്‌ 2.44 രൂപയ്‌ക്കു വില നിശ്ചയിച്ചിരുന്ന വൈദ്യുതി ഇപ്പോള്‍ 3.40 രൂപയ്‌ക്കാണ്‌ കെഎസ്‌ഇബി വാങ്ങുന്നത്‌. കക്കാട്‌ പവര്‍ഹൗസിലേയ്‌ക്കാണ്‌ വൈദ്യുതി നല്‌കുന്നത്‌. ഉടന്‍തന്നെ വൈദ്യുതിയുടെ വില 7.50 രൂപയാക്കിക്കൊടുക്കണമെന്ന്‌ കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഒരു മെഗാവാട്ട്‌ ഉത്‌പാദിപ്പിക്കാനുള്ള നിര്‍മാണത്തിന്‌ പത്തുകോടി രൂപവരെ ചെലവാകുമെന്നാണ്‌ കെ.എസ്‌.ഇ.ബിയുടെ കണക്ക്‌. എന്നാല്‍, അയ്യപ്പ പവര്‍ പ്രോജക്ടിന്‌ ചെലവ്‌ ഒരു മെഗാവാട്ടിന്‌ 4.88 കോടി രൂപ മാത്രമാണ്‌.

എന്നുപറഞ്ഞാല്‍, സ്വകാര്യമേഖലയില്‍ ഏറ്റവും കുറഞ്ഞ ചെലവിലാണ്‌ ഇവിടെ വൈദ്യുതി നിര്‍മിക്കുന്നത്‌. അത്‌ പരമാവധി വിലയ്‌ക്ക്‌ സര്‍ക്കാരിനുതന്നെ മറിച്ചുവില്‍ക്കുന്നു. പദ്ധതിയുടെ ഉത്‌പാദനശേഷി വര്‍ദ്ധിപ്പിക്കണമെന്നും അതിനായി കൂടുതല്‍ സ്ഥലം ഒഴിപ്പിച്ചെടുക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനായി ആദിവാസികളെ കുടിയൊഴുപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്നതുതന്നെ സ്ഥിതി. ഈ കള്ളക്കളികളുടെ കൂടുതല്‍ വിവരങ്ങള്‍ നാളെ വായിക്കുക.  

http://globalmalayalam.com/news.php?nid=4598#.UbqqHvlpMrk