Breaking News

Trending right now:
Description
 
Jun 10, 2013

ലോക്കൗട്ടിലായ കമ്പനിയുടെ ലാപ്‌സായ പദ്ധതിക്ക്‌ കോടികളുടെ വായ്‌പ സര്‍ക്കാര്‍ വക

ജിജി ഷിബു / ടെസില്‍ കുംഭകോണം പരമ്പര - 4
image ടെസില്‍ കമ്പനി സ്വര്‍ണത്താക്കോലിട്ട്‌ തുറക്കുമെന്നായിരുന്നു 2001-ല്‍ ഐക്യജനാധിപത്യമുന്നണി ചിങ്ങവനത്തെ ടെസില്‍ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമായി നല്‌കിയ തെരഞ്ഞെടുപ്പ്‌ ഉറപ്പ്‌. കമ്പനി തുറക്കുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തെ പലരും രാഷ്ട്രീയമായി ഉപയോഗിച്ചു. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ടെസില്‍ പുനര്‍ജ്ജീവിപ്പിക്കാന്‍ സജീവമായി ശ്രമിച്ചിരുന്നു. എന്നാല്‍, വഴിവിട്ട തീരുമാനങ്ങള്‍ക്ക്‌ കൂട്ടുനില്‌ക്കാന്‍ ആന്റണി തയാറല്ലായിരുന്നു.

എന്നാല്‍, കമ്പനിയുടെ പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അനുവദിച്ച വൈദ്യുതപദ്ധതികള്‍ പൊടിതട്ടിയെടുക്കാന്‍ 2005-ല്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. അഴിമതിയുടെ പുതിയ അദ്ധ്യായങ്ങള്‍ സ്വര്‍ണത്താക്കോലിട്ട്‌ തുറന്നത്‌ അന്നുമുതലാണ്‌. പ്രവര്‍ത്തിക്കാത്ത കമ്പനിയുടെ പേരില്‍ ആറു കോടി രൂപ സര്‍ക്കാരിനു കീഴിലുള്ള കെഎസ്‌ഐഡിസിയില്‍ നിന്ന്‌ വായ്‌പയായി അനുവദിച്ചു. ലോക്കൗട്ടിലായ കമ്പനിയുടെ പേരിലുള്ള ലാപ്‌സായ പദ്ധതിക്കാണ്‌ ലോണ്‍ അനുവദിച്ചത്‌. തൊഴിലാളികളെ രക്ഷിക്കാന്‍ എന്നതായിരുന്നു എല്ലാ നീക്കങ്ങള്‍ക്കും മുന്നില്‍ നിരത്തിയ ന്യായം. കാര്യങ്ങള്‍ അങ്ങനെയെങ്കില്‍ വഴിവിട്ട കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാം. പക്ഷേ, കാര്യങ്ങള്‍ അങ്ങനെയല്ല നടന്നത്‌. വളരെ ആസൂത്രിതമായി എരണ്ടു ചെറുകിട വൈദ്യുതി പദ്ധതികള്‍ വില്‍ക്കാനായിരുന്നു നീക്കം. ടെസില്‍ തുറക്കുക എന്നതല്ല ലക്ഷ്യമെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.

ടെസില്‍ മാനേജ്‌മെന്റ്‌ ഇഡിസിഎല്‍ എന്ന കമ്പനിയുമായി ചേര്‍ന്ന്‌ ഒപ്പിട്ട മെമ്മോറാണ്ടം ഓഫ്‌ അണ്ടര്‍സ്റ്റാന്റിങ്ങ്‌ പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം വളരെ വ്യക്തമാകും. സര്‍ക്കാര്‍ പദ്ധതി അനധികൃതമായി വില്‌ക്കാന്‍ തീരുമാനമെടുത്തതിനു ശേഷമാണ്‌ കമ്പനിക്ക്‌ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‌കുന്നത്‌.

ടെസിലിനു വേണ്ടി വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ ക്യാപ്‌റ്റീവ്‌ പവര്‍ പ്രൊജക്ടായി (സിപിപി) പദ്ധതി നല്‌കുമ്പോള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ്‌ ഈ പദ്ധതി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. നടത്തിപ്പില്‍ കമ്പനി വീഴ്‌ച വരുത്തിയാല്‍ യാതൊരുവിധ നഷ്ടവും നല്‌കാതെ ഈ പദ്ധതി തിരിച്ചെടുക്കാമെന്ന വ്യക്തമായ വൃവസ്ഥയും ഇതിലുണ്ട്‌.

സിപിപിയില്‍ നിന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കുവാന്‍ ആകില്ല. 2005 സെപ്‌റ്റംബര്‍ 19-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുമതിയോടെ സിപിപി കണ്‍വേര്‍ട്ട്‌ ചെയ്‌ത്‌ സ്വതന്ത്ര വൈദ്യുതി പദ്ധതിയാക്കുന്നു. സിപിപി യാതൊരുവിധത്തിലും ഇത്തരത്തില്‍ കണ്‍വേര്‍ട്ട്‌ ചെയ്യാനാവില്ല എന്ന്‌ വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ഉത്തരവ്‌ എങ്ങനെയിറങ്ങി? ഹൈക്കോടതി പരിശോധിക്കുന്ന പ്രധാനപ്പെട്ട കാര്യമിതാണ്‌. കടുത്ത സമ്മര്‍ദ്ദത്തിന്റെ പേരിലാണ്‌ സ്വതന്ത്ര പദ്ധതിയാക്കുന്നതെന്നാണ്‌ വ്യക്തമാകുന്നത്‌. ഇക്കാര്യം ഉത്തരവില്‍ അങ്ങനെതന്നെ പറയുന്നു. മുഖ്യമന്ത്രി കൂടി ഉള്‍പ്പെട്ട കേസായതിനാല്‍ സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണം ഫലവത്താകില്ലെന്നും സിബിഐ തന്നെ നേരിട്ട്‌ കേസ്‌ അന്വേഷിക്കണമെന്നും ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ദേശീയരാഷ്ട്രീയത്തിലെ കരുത്തുറ്റവരായ അമര്‍സിംഗ്‌, മുലായം സിംഗ്‌ യാദവ്‌, അമിതാഭ്‌ ബച്ചന്‍, ജയ ബച്ചന്‍ തുടങ്ങിയവര്‍ അംഗങ്ങളായുള്ള ഇഡിസിഎല്‍ എന്ന കമ്പനിയ്‌ക്കാണ്‌ സര്‍ക്കാര്‍ ചെറുകിട പദ്ധതി വില്‌ക്കാന്‍ തീരുമാനിച്ചത്‌. വില്‌പന കരാറില്‍ തീരുമാനമെടുത്ത കമ്പനി 2006 മാര്‍ച്ച്‌ 9-ലെ എംഒയുവില്‍ പറയുന്നത്‌ ക്യാപ്‌റ്റീവ്‌ പവര്‍ പ്രൊജക്ട്‌ മാറ്റി ഇന്‍ഡിപെന്‍ഡന്റ്‌ പവര്‍ പ്രൊജക്ടാക്കണമെന്നാണ്‌. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‌ക്കേ 2006 മാര്‍ച്ച്‌ 27-നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാബിനറ്റ്‌ പദ്ധതി വില്‍ക്കാന്‍ അനുമതി നല്‌കിയതെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണം അവസാനിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ഈ തീരുമാനമെടുത്തത്‌ എന്നതാണ്‌ ശ്രദ്ധേയം. മേയ്‌ 18-നായിരുന്നു അച്യുതാനന്ദന്‍ മന്ത്രിസഭ നിലവില്‍ വന്നത്‌.

രണ്ട്‌ പദ്ധതികള്‍ക്കായി നേരിട്ട്‌ കൈമാറിയ തുക ഏതാണ്ട്‌ 83.5 കോടി രൂപയെന്നാണ്‌ രേഖകളില്‍. കേരള സര്‍ക്കാരിന്റെ റവന്യൂ, വനം നൂറേക്കര്‍ ഭൂമിയില്‍ നില്‍ക്കുന്ന പദ്ധതി എങ്ങനെയാണ്‌ സ്വകാര്യ കമ്പനിക്ക്‌ മറിച്ചുവില്‍ക്കാന്‍ കഴിയുക? പദ്ധതിയുടെ കാച്ച്‌മെന്റ്‌ ഏരിയ അടക്കമുളള സ്ഥലം ശബരിമല ഉള്‍പ്പെടുന്ന വനമേഖലയിലായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ ഒരു പദ്ധതി ഇവിടെ നടത്താന്‍ കഴിയുമോ? രേഖകളില്‍ 83.5 കോടി എന്നു മാത്രം കാണിക്കുമ്പോഴും ബ്ലാക്ക്‌മണിയായി 200 കോടി രൂപയാണ്‌ കൈമറിഞ്ഞത്‌. ദുബായിലാണ്‌ പണം കൈമാറിയതത്രേ. വിശദവിവരങ്ങള്‍ നാളെ വായിക്കുക. 

http://globalmalayalam.com/news.php?nid=4598#.UbqqHvlpMrk