Breaking News

Trending right now:
Description
 
Jun 10, 2013

ടി.ആര്‍.എയും ദര്‍ശനപുരവും സഹകരിച്ച്‌ ആടും വീടും പദ്ധതി

image ആലപ്പുഴ: സ്‌ത്രീകള്‍ക്ക്‌ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷ സാധ്യമാക്കുന്നതിനും വേണ്ടി തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്റെ (ടി.ആര്‍.എ) നേതൃത്വത്തില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹന പദ്ധതി നടപ്പാക്കും. `ആടും വീടും' എന്ന പദ്ധതി സാമൂഹ്യസേവന കേന്ദ്രമായ ദര്‍ശനപുരവുമായി സഹകരിച്ചാണ്‌ നടത്തുന്നത്‌. പട്ടണത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു പദ്ധതി ഒരു റസിഡന്റ്‌സ്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തുന്നത്‌.

`ആടും വീടും' പദ്ധതിയുടെ ഉദ്‌ഘാടനം 2013 ജൂണ്‍ 11-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 5.30-ന്‌ ദര്‍ശനപുരം ഡയറക്ടര്‍ ഫാ.സിറിയക്‌ തുണ്ടിയില്‍ സി.എം.ഐ നിര്‍വഹിക്കുമെന്ന്‌ ടി.ആര്‍.എ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അറിയിച്ചു. ടി.ആര്‍.എ 10-ല്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക്‌ വിനോദ്‌ അലക്‌സാണ്ടര്‍, ആന്റണി ജോസഫ്‌, റോയി ആന്റണി, കെ.ജെ.ജോസഫ്‌, പി.ഇ.ജോസഫ്‌, എം.വി.സ്‌കറിയ, ആന്റണി കെ. ജോസ്‌, ടിജോ വര്‍ഗീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കും.

അപേക്ഷനല്‌കുന്ന അംഗഭവനങ്ങള്‍ക്ക്‌ എല്ലാം തുടക്കത്തില്‍ പെണ്ണാടുകളെ വിതരണം ചെയ്യും. തുടര്‍ന്ന്‌ ആടുകള്‍ പ്രസവിക്കുന്ന മുറയ്‌ക്ക്‌ പിന്നീട്‌ ആവശ്യമുള്ളവര്‍ക്ക്‌ വിതരണം ചെയ്യുന്ന രീതിയാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. ആടുവളര്‍ത്തല്‍ അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതി ടി.ആര്‍.എ പ്രദേശത്തിനു യോജിച്ചതാണെന്നു ഈ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയതനുസരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.
ടി.ആര്‍.എ പ്രദേശത്തെ സ്‌ത്രീകള്‍ക്ക്‌ ചെറിയ പ്രയത്‌നത്തില്‍ കൂടുതല്‍ വരുമാനം സാധ്യമാക്കാന്‍ `ആടും വീടും' പദ്ധതിക്കു കഴിയുമെന്നാണ്‌ പ്രതീക്ഷ. സ്വയംതൊഴില്‍, സ്വയംപര്യാപ്‌തത, പരസ്‌പരസഹകരണം, സത്യസന്ധത, ന്യായവില, കലര്‍പ്പില്ലാത്തതും പുതുമയാര്‍ന്നതുമായ ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങിയവയും പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളാണ്‌. പദ്ധതിയില്‍പ്പെട്ട പെണ്ണാടുകളെ കറന്നു കിട്ടുന്ന പാല്‌ സ്വന്തം ആവശ്യത്തിനു ശേഷം വില്‌ക്കുകയാണെങ്കില്‍ വിപണി വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്‌ക്ക്‌ ടി.ആര്‍.എ അംഗഭവനങ്ങള്‍ക്കു നല്‌കാന്‍ ധാരണയുണ്ട്‌.

`ആടും വീടും' പദ്ധതിയുടെ ലോഗോ പ്രശസ്‌ത ചിത്രകാരനായ തോമസ്‌ കുര്യനാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌.

ആലപ്പുഴ എ..സി റോഡിലുള്ള ദര്‍ശനപുരം വിവിധ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമാണ്‌. കാര്‍മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ (സി.എം.ഐ), കുട്ടനാട്‌ ഇന്റഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി (കിഡ്‌സ്‌), കുട്ടനാട്‌ കാത്തലിക്‌ അസോസിയേഷന്‍ (കെ.സി.എ) തുടങ്ങിയവ ദര്‍ശനപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

തുച്ഛമായ നിക്ഷേപം കൊണ്ട്‌ ആടു വളര്‍ത്താനും ലാഭകരമായി മാറ്റാനും ചെറുകിട കര്‍ഷകര്‍ക്ക്‌ കഴിയും. കുറഞ്ഞ മൂലധനനിക്ഷേപം മാത്രമായതിനാല്‍ പെട്ടെന്ന്‌ ലാഭം തിരികെ ലഭിക്കും. സംരക്ഷണവും ഭക്ഷണരീതിയും ലളിതമായ രീതിയില്‍ മതി. ആടുവളര്‍ത്തല്‍ ഒരു ജോലിയായി സ്വീകരിക്കുന്നവര്‍ക്ക്‌ വര്‍ഷം മഴുവനും ജോലിയുണ്ട്‌. എപ്പോള്‍ വേണമെങ്കിലും വിറ്റ്‌ കാശാക്കുകയും ചെയ്യാം.