Breaking News

Trending right now:
Description
 
Jun 09, 2013

അടച്ചിട്ട കുറ്റവാളിയെ തുറന്നുവിട്ടു, അങ്ങനെ പൊതുപദ്ധതി വില്‍പ്പനച്ചരക്കായി

ജിജി ഷിബു/ടെസില്‍ പരമ്പര - 3
image ടെസില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി 2010 ഒക്ടോബര്‍ 22-ന്‌ ഫാക്ടറി വകകളും മെഷീനറിയും ആക്രി എന്ന നിലയില്‍ വില്‍ക്കാന്‍ പ്രമേയം പാസാക്കിയിരുന്നു. കൊള്ളാവുന്ന ഉപകരണങ്ങളും ചെമ്പുകമ്പികളും കടത്തിക്കഴിഞ്ഞിട്ടായിരുന്നു ആക്രിക്കച്ചവടം. വിലപ്പെട്ട സാധനങ്ങള്‍ കടത്തുന്നതിനെ ജീവനക്കാര്‍ ചോദ്യം ചെയ്‌തതോടെ അവര്‍ക്കെതിരേ ഒട്ടേറേ പോലീസ്‌ കേസുകളുണ്ടായി. കേസ്‌ ഭയന്ന്‌ പലരും രംഗത്തുവരാതായതോടെ 90 കോടി രൂപയ്‌ക്ക്‌ ആക്രി കച്ചവടക്കാര്‍ കരാര്‍ ഉറപ്പിച്ചു. ഇതൊന്നും കണക്കിലെടുക്കാതെയാണ്‌ കമ്പനി വീണ്ടും പ്രവര്‍ത്തിക്കുമെന്നു പറഞ്ഞ്‌ 2012-ല്‍ ഈ സ്വകാര്യ കമ്പനിക്ക്‌ 35 കോടി രൂപ ഇളവ്‌ അനുവദിച്ചത്‌.
കനത്ത വൈദ്യുതി ഉപയോഗമാണ്‌ കമ്പനിയുടെ നഷ്ടത്തിനു കാരണമെന്നു കണ്ട്‌ 1994-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ടെസിലിന്‌ സ്വന്തമായി വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള ഒരു പദ്ധതി അനുവദിച്ചിരുന്നു. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ്‌ അന്ന്‌ പ്രത്യേക കാരണങ്ങള്‍ പറഞ്ഞ്‌ വൈദ്യുത പദ്ധതി നല്‌കിയത്‌. കേരളം അനുവദിച്ച ജലസ്രോതസും നൂറേക്കറോളം ക്യാച്ച്‌മെന്റ്‌ ഏരിയയും ഉപയോഗപ്പെടുത്തി ജലവൈദ്യുതി ഉപയോഗിക്കാനായിരുന്നു പദ്ധതി. ക്യാപ്‌റ്റീവ്‌ പവര്‍ പ്രൊജക്ട്‌ (സിപിപി) എന്ന പേരില്‍ മറ്റാര്‍ക്കും കൈമാറാനാകാത്ത പദ്ധതിയായാണ്‌ ഇതിനെ സര്‍ക്കാര്‍ കണ്ടിരുന്നത്‌.

പത്തനംതിട്ട ജില്ലയില്‍ അള്ളുങ്കല്‍ സ്‌മോള്‍ ഹൈഡ്രോ ഇലക്‌ട്രിക്‌ പ്രോജക്‌ട്‌ എന്ന പേരില്‍ ഏഴു മെഗാവാട്ട്‌ ശേഷിയുള്ള വൈദ്യുത പദ്ധതിയും 15 മെഗാവാട്ട്‌ ശേഷിയോടെ കാരിക്കയത്തും വൈദ്യുതി ഉത്‌പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്‌. സര്‍ക്കാര്‍ ഉത്തരവ്‌ എം.എസ്‌. നം. ജെ 94 പി.ഡി എന്ന പേരില്‍ 1994 ഏപ്രില്‍ 25-നും എം.എസ്‌. നം. 9/94/പിഡി എന്ന പേരില്‍ 1994 മേയ്‌ 19-നുമായി രണ്ട്‌ ഉത്തരവുകളിലായാണ്‌ അള്ളുങ്കല്‍, കാരിക്കയം പദ്ധതികള്‍ ടെസിലിനായി അനുവദിച്ചത്‌. ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെയായിരുന്നു ഈ രണ്ടു പദ്ധതികളും സ്വകാര്യ കമ്പനികള്‍ക്കു നല്‌കിയത്‌.

1989-ല്‍ കേരള സര്‍ക്കാര്‍ ക്യാപ്‌റ്റീവ്‌ പവര്‍ പ്രോജക്‌ടുകള്‍ നടപ്പാക്കുന്നതിനായി ഇറക്കിയ ഉത്തരവ്‌ അനുസരിച്ച്‌ 36 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്വയമേവ പദ്ധതി ഇല്ലാതാകുമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച്‌ 1997 മാച്ച്‌ 31-നു മുമ്പായി പദ്ധതി പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണ്‌. എന്നാല്‍, പദ്ധതി നടപ്പിലാക്കാതെ 1999-ല്‍ കമ്പനി പൂട്ടിപ്പോയി. നിശ്ചിത കാലാവധിയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാവാതെ വന്നാല്‍ പദ്ധതി സര്‍ക്കാരിന്‌ സ്വന്തമാകുകയോ പദ്ധതി ഇല്ലാതായെന്ന്‌ പ്രഖ്യാപിക്കുകയോ വേണം. ഇതിനായി സര്‍ക്കാരില്‍നിന്ന്‌ ഒരു നടപടിയും ഉണ്ടായില്ല. അതിനു പകരം 2005-ല്‍ സംസ്ഥാന വൈദ്യുതി വകുപ്പ്‌ അള്ളുങ്കല്‍, കാരിക്കയം പദ്ധതികള്‍ക്ക്‌ അനുമതി കൊടുത്തു. (ജി.ഒ (എംസ്‌) 122/05/ഐഎന്‍ഡി)

ഇതൊടെ പദ്ധതി വില്‍ക്കാനുള്ള നീക്കങ്ങളായി. വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി ഡവലപ്‌മെന്റ്‌ കമ്പനി ലിമിറ്റഡ്‌ (ഇഡിസിഎല്‍) എന്ന കമ്പനിക്കു മറിച്ചുവില്‍ക്കാനായിരുന്നു ശ്രമം. 1995-ല്‍ മാത്രം രൂപം കൊടുത്ത ഈ കമ്പനിയുടെ തലപ്പത്തുള്ളത്‌ രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ്‌. അമര്‍സിംഗ്‌ ചെയര്‍മാനായ കമ്പനി 8000 കോടി രൂപയുടെ മുതല്‍മുടക്കാണ്‌ രാജ്യത്തെങ്ങുമായി നടത്താന്‍ ലക്ഷ്യമിടുന്നത്‌.

ഇഡിസിഎല്‍ 2006 മാര്‍ച്ച്‌ ഒന്‍പതിന്‌ ടെസിലില്‍നിന്ന്‌ കാരിക്കയം, അളളുങ്കല്‍ പദ്ധതികള്‍ വാങ്ങുന്നതിന്‌ സമ്മതപത്രം ഒപ്പിട്ടു. ക്യാപ്‌റ്റീവ്‌ പവര്‍ പ്രൊജക്‌ട്‌ ആയ പദ്ധതി ഇന്‍ഡിപെന്‍ഡന്റ്‌ പവര്‍ പ്രോജക്‌ട്‌ ആക്കി മാറ്റണമെന്നായിരുന്നു ഇഡിസിഎല്‍ മെമ്മോറാണ്ടം ഓഫ്‌ അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ ആവശ്യപ്പെട്ടിരുന്ന പ്രധാന കാര്യം. ഇത്‌ യാതൊരു എതിര്‍പ്പുമില്ലാതെ മാര്‍ച്ച്‌ 27-ന്‌ സമ്മതിച്ച്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ്‌ കോടികള്‍ മറിയുന്ന പദ്ധതി മറിച്ചുവില്‍ക്കാന്‍ കളമൊരുങ്ങിയത്‌. ക്യാപ്‌റ്റീവ്‌ പദ്ധതിയെന്നാല്‍, അടച്ചിട്ട പദ്ധതി, സ്വതന്ത്രമല്ലാത്ത പദ്ധതി എന്നു വിവക്ഷിക്കാം. അടച്ചിട്ട കുറ്റവാളിയെ തുറന്നുവിടുന്നതിനു തുല്യമാണ്‌ ക്യാപ്‌റ്റീവ്‌ പദ്ധതി സ്വതന്ത്ര പദ്ധതിയാകുന്നത്‌. ഇതിനു പിന്നില്‍ ചരടുവലിച്ചവര്‍ ആരോക്കെ? അതേക്കുറിച്ചറിയണമെങ്കില്‍ വിശദമായ അന്വേഷണം വേണം. കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരും ഐഎഎസ്‌ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസായതിനാല്‍ കേരളത്തിലെ വിജിലന്‍സ്‌ അന്വേഷിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ടാണ്‌ പൊതുപ്രവര്‍ത്തകനും എന്‍സിപി തൊഴിലാളി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ആലുവ കുഴിപ്പള്ളി വീട്ടില്‍ കെ.എസ്‌.. ഡൊമിനിക്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ അഡ്വ. സേതുനാഥ്‌ മുഖേന ഹൈക്കോടതിയില്‍ റിട്ട്‌ പെറ്റീഷന്‍ നല്‌കിയത്‌. ഡബ്ല്യൂ.പി.സി. നമ്പര്‍ 28746/2012 കേസ്‌ ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണ്‌. ചീഫ്‌ ജസ്റ്റിസും ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രനുമടങ്ങിയ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ വിശദവിവരങ്ങള്‍ തുടര്‍ന്നു വായിക്കുക.