Breaking News

Trending right now:
Description
 
Jun 08, 2013

ടെസില്‍ താഴിട്ടുപൂട്ടിയിട്ടും ഇളവുകളുമായി സര്‍ക്കാര്‍ പിന്നാലെ

ജിജി ഷിബു
image തിരുവിതാംകൂര്‍ മഹാരാജാവ്‌ 1945-ല്‍ കോട്ടയത്തിനു സമീപം ചിങ്ങവനത്ത്‌ പൊതുജനങ്ങളുടെ സ്ഥലം ഒഴിപ്പിച്ചെടുത്താണ്‌ ഈ കമ്പനി ആരംഭിക്കുന്നത്‌. വി.പി വാര്‍ദ്ദെയും എം.എസ്‌ ഭണ്ഡാര്‍ക്കറും ചേര്‍ന്ന്‌ ടെസില്‍ കെമിക്കല്‍സ്‌ ആന്‍ഡ്‌ പബ്ലിക്‌ ലിമിറ്റഡ്‌ എന്ന പേരില്‍ തിരുവിതാംകൂര്‍ രാജാവ്‌ ഏറ്റെടുത്ത്‌ നല്‌കിയ സ്ഥലത്തു കമ്പനി ആരംഭിച്ചു. ഗ്രാഫൈറ്റ്‌ ഉത്‌പന്നങ്ങളും കാല്‍സിയം കാര്‍ബൈഡും ഉത്‌പാദിപ്പിക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. പിന്നീട്‌ 1964-ലാണ്‌ കമ്പനിയുടെ ഉടമസ്ഥാവകാശം ജി.ഡി. സൊമാനി എന്ന മഹാരാഷ്ട്രക്കാരന്‍ ഏറ്റെടുക്കുന്നത്‌. 

വന്‍ ലാഭത്തിലാണ്‌ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്‌. കാല്‍സ്യം കാര്‍ബൈഡിന്‌ പുറമേ കമ്പനി ഫെറോ സിലിക്കണും ഉത്‌പാദിപ്പിച്ചിരുന്നു. 1991-93 കാലഘട്ടത്തിലാണ്‌ ഫെറോ സിലിക്കണ്‍ ഉത്‌പാദനത്തിന്‌ കമ്പനി കൂടുതല്‍ പ്രാമുഖ്യം നല്‌കിയത്‌. സ്റ്റീല്‍ നിര്‍മാണത്തിന്‌ പ്രധാനപ്പെട്ടതാണ്‌ ഫെറോ സിലിക്കണ്‍. പിവിസി, അസറ്റിലിന്‍ ബ്ലാക്ക്‌ തുടങ്ങിയ വിവിധ ഉല്‌പന്നങ്ങളുമായി ഈ കമ്പനി 1990-കളുടെ ആരംഭം വരെ വന്‍ ലാഭത്തിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തട്ടകം കൂടിയാണ്‌ ഈ കമ്പനി. 

ഉയര്‍ന്ന വൈദ്യുതി ആവശ്യമുള്ള ഈ കമ്പനി 1994 മുതല്‍ നഷ്ടത്തിലായി. ഈ കമ്പനി ലാഭത്തിലാക്കുവാനും തൊഴിലാളി സംരക്ഷണത്തിനുമായി വൈദ്യുതി സ്വയംനിര്‍മിക്കാന്‍ കമ്പനിക്ക്‌ കരുണാകരന്‍ സര്‍ക്കാര്‍ അനുമതി നല്‌കി. പത്തനംതിട്ട ജില്ലയില്‍ സീതത്തോട്‌ വില്ലേജിലെ അള്ളുങ്കല്‍, കാരിക്കയം എന്നീ സ്ഥലങ്ങളില്‍ കെഎസ്‌ഇബിയുടെ ഉടമസ്ഥതയിലുള്ള രണ്ട്‌ ചെറുകിട വൈദ്യുത പദ്ധതികള്‍ ടെസിലിനു നല്‌കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.

ഈ പദ്ധതി ക്യാപ്‌റ്റീവ്‌ പവര്‍ പ്രൊജക്ടായി(സിപിപി) നടപ്പാക്കുവാനാണ്‌ കരുണാകരന്‍ സര്‍ക്കാര്‍ അനുമതി നല്‌കിയത്‌. 36 മാസത്തിനകം വൈദ്യുതി ഉല്‌പാദിപ്പിക്കുക അല്ലെങ്കില്‍ പദ്ധതി സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കും എന്നതായിരുന്നു സര്‍ക്കാരും കമ്പനിയും തമ്മിലുള്ള വ്യവസ്ഥ. എണ്ണൂറോളം തൊഴിലാളി കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ടെന്‍ഡര്‍ പോലും വിളിക്കാതെ കമ്പനിക്ക്‌ ഈ പദ്ധതി നല്‌കിയത്‌. 

എന്നാല്‍ 1999-ല്‍ ടെസില്‍ ലോക്കൗട്ടിലായി. അതുവരെയും അള്ളുങ്കല്‍, കാരിക്കയം പദ്ധതികള്‍ ഒരിടത്തുമെത്തിയില്ല. 36 മാസങ്ങള്‍ കടന്നുപോയതുകൊണ്ട്‌ പദ്ധതി ലാപ്‌സായി. അങ്ങനെ വരുമ്പോള്‍ സിപിപികള്‍ക്കായുള്ള വ്യവസ്ഥ അനുസരിച്ച്‌ ഈ പദ്ധതി സര്‍ക്കാരിന്റേതാകും. 

കമ്പനി ലോക്കൗട്ടിലാകുമ്പോള്‍ പദ്ധതി ആരുടേതാകും എന്ന സ്വാഭാവികമായ ചോദ്യത്തിന്‌, തീര്‍ച്ചയായും കേരള സര്‍ക്കാരിന്റെതാണ്‌ എന്നാണ്‌ ഉത്തരമെങ്കില്‍ തെറ്റി. പണി തുടങ്ങാത്ത വൈദ്യുതപദ്ധതികള്‍ കമ്പനി 2006-ല്‍ മറിച്ചുവിറ്റു. ഇഡിസിഎല്‍-ന്റെ സബ്‌സിഡറി കമ്പനിയായ അയ്യപ്പാ പവര്‍ ലിമിറ്റഡിന്റേതാണ്‌ ഇപ്പോള്‍ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഈ പദ്ധതി. ഇതിനുപിന്നില്‍ അഴിമതിയുടെ കറയുണ്ടെന്നാണ്‌ ആരോപണം. ഒന്നു വച്ചാല്‍ പത്ത്‌, പത്ത്‌ വച്ചാല്‍ നൂറ്‌ എന്ന മട്ടില്‍ മുച്ചീട്ടുകളിക്കാരന്റെ കൈകളില്‍ ചീട്ടുമറിയുന്നതുപോലെയാണ്‌ ടെസിലിന്‌ കിട്ടിയ പദ്ധതി മറിച്ചുവിറ്റ്‌ പണം പിടുങ്ങിയത്‌.

ടെസില്‍ 1999-ല്‍ എന്നന്നേയ്‌ക്കുമായി ലോക്കൗട്ടാകുമ്പോള്‍ അതിലെ ജീവനക്കാര്‍ക്ക്‌ ടെസില്‍ എന്നെങ്കിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. എന്നാലും, ചത്ത കുഞ്ഞിന്റെ ജാതകമെഴുതണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ വാശിയായിരുന്നു. ടെസില്‍ വീണ്ടും തുറക്കുമെന്നുതന്നെ അവര്‍ ജീവനക്കാര്‍ക്കു വാഗ്‌ദാനം നല്‌കി. ഇതിന്റെ പേരുപറഞ്ഞ്‌, 2012 ഫെബ്രുവരിയില്‍ സര്‍ക്കാരില്‍നിന്ന്‌ വൈദ്യുതി കുടിശികയ്‌ക്ക്‌ വന്‍ ഇളവു നേടിയെടുത്തു. ഒറ്റയടിക്ക്‌ 35 കോടിയാണ്‌ സര്‍ക്കാര്‍ ഇളച്ചു കൊടുത്തത്‌. 

ഒറ്റ ഫേയ്‌സ്‌ മാത്രമുള്ള വൈദ്യുതകണക്ഷനുള്ള സാധാരണക്കാരന്‍ കുടിശിക വരുത്തിയാല്‍ പിറ്റേ ദിവസം ഫ്യൂസ്‌ ഊരുന്നതാണ്‌ കേരളത്തിന്റെ വൈദ്യുതി വകുപ്പ്‌. എന്നാല്‍, ടെസില്‍ എന്ന സ്വകാര്യ ഭീമന്റെ കുടിശികകളൊന്നും അധികൃതര്‍ കണ്ടതായി നടിച്ചില്ല. എന്നുമാത്രമല്ല, കോടികളുടെ ഇളവ്‌ നേടിയെടുക്കാന്‍ ഉന്നതര്‍ അടക്കമുള്ളവര്‍ സര്‍വവിധ ഒത്താശയും ചെയ്‌തുകൊടുത്തു. ഇതിന്റെ അണിയറക്കഥകള്‍ നാളെ വായിക്കുക.