Breaking News

Trending right now:
Description
 
Jun 07, 2013

ലോക്കൗട്ടായ ടെസിലിന്റെ പേരില്‍ 550 കോടി രൂപയുടെ കുംഭകോണം

ജിജി ഷിബു
image അടച്ചു പൂട്ടി ആക്രിക്കാര്‍ക്കു വില്‍ക്കാന്‍ തീരുമാനിച്ച സ്വകാര്യകമ്പനിക്കു വഴിവിട്ട സഹായങ്ങള്‍ ചെയ്‌തതുവഴി കേരള സര്‍ക്കാരിന്‌ നഷ്ടമാകുന്നത്‌ ഏതാണ്ട്‌ 550 കോടിയിലധികം രൂപ. കോട്ടയം ചിങ്ങവനത്തു പ്രവര്‍ത്തിച്ചിരുന്ന ടെസില്‍ ഇലക്ട്രോ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഹൈഡ്രോപവര്‍ ലിമിറ്റഡിന്റെ പേരിലാണ്‌ കേരളത്തിലെ ഉന്നത രാഷ്ട്രീയക്കാര്‍ കൂട്ടുനിന്നു വന്‍ അഴിമതിക്ക്‌ കളമൊരുക്കിയത്‌. എണ്ണൂറിലധികം ജീവനക്കാരുടെ ജീവിതമാര്‍ഗമായിരുന്നു ഈ കമ്പനി.

കനത്ത വൈദ്യുതി ചെലവുമൂലം നഷ്ടത്തിലായിത്തീര്‍ന്ന കമ്പനിയിലെ തൊഴിലാളികള്‍ക്ക്‌ തുണയാകാന്‍ എന്ന പേരില്‍ രാഷ്ട്രീയ നേതൃത്വം നടത്തിയ ഇടപെടലുകളാണ്‌ ഖജനാവില്‍ നിന്നു കോടികള്‍ ചോരാന്‍ കാരണമായിത്തീര്‍ന്നത്‌. കമ്പനി പൂട്ടി താഴിടുവാന്‍ തീരുമാനിച്ച്‌ പ്രമേയം പാസാക്കിയതിനുശേഷമായിരുന്നു കതിരില്‍ വളംവയ്‌ക്കുന്ന മാതിരി സഹായം സര്‍ക്കാര്‍ എത്തിച്ചത്‌ എന്നതുതന്നെ അഴിമതിയുടെ സാധ്യതകള്‍ മുതലാക്കാനായിരുന്നു എന്നത്‌ വ്യക്തമാക്കുന്നു.


ടെസിലിനെ മുന്നില്‍ നിറുത്തി നേടിയെടുത്ത വൈദ്യുത പദ്ധതി സ്വകാര്യകമ്പനി ഇപ്പോള്‍ കോടികള്‍ക്ക്‌ മറിച്ചുവില്‍ക്കുന്നതിനായി പരസ്യം നല്‌കിയിരിക്കുകയാണ്‌. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്റെയും രാഷ്ട്രീയ തട്ടകം കൂടിയായ ടെസിലിനെയും അവിടുത്തെ തൊഴിലാളികളെയും മുന്നില്‍ നിര്‍ത്തി നടത്തിയ അതീവ നിഗൂഢമായ കളികള്‍ പുറത്തുവരണമെങ്കില്‍ വിപുലമായ അന്വേഷണം വേണം. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതിയാണിത്‌. ഇന്ത്യയെതന്നെ പിടിച്ചുലച്ച ബൊഫോഴ്‌സ്‌ തോക്കിടപാടിലെ കോഴ വെറും അറുപതു കോടിയാണ്‌ എന്നറിയുമ്പോഴാണ്‌ ടെസില്‍ കുംഭകോണത്തിന്റെ വ്യാപ്‌തി മനസിലാകുന്നത്‌. ടെസിലിനെ ചുറ്റിപ്പറ്റിയുള്ള ഈ അഴിമതി പുറത്തു വരാതിരിക്കാന്‍ ഇടതു-വലതു രാഷ്ട്രീയ കേരളം ചരട്‌ വലിക്കുന്നുവെന്നതാണ്‌ ഏറ്റവും രസകരമായ കാര്യം.

വൈദ്യുതി പ്രതിസന്ധിയാണ്‌ കമ്പനി പൂട്ടാന്‍ കാരണമാകുന്നത്‌ എന്നുതിരിച്ചറിഞ്ഞ്‌ കേരള സര്‍ക്കാര്‍ കമ്പനിക്കായി പ്രത്യേക വൈദ്യുതോത്‌പാദന പദ്ധതി അനുവദിച്ചിരുന്നു. ഇതില്‍നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കമ്പനിക്ക്‌ ഉപയോഗിക്കാമെന്നും അതുവഴി നഷ്ടത്തില്‍നിന്ന്‌ കരകയറാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ടെന്‍ഡര്‍ പോലും വിളിക്കാതെയായിരുന്നു വൈദ്യുതപദ്ധതി അനുവദിച്ചത്‌. പദ്ധതിക്കായി സര്‍ക്കാരിന്റെ അധീനതയിലുള്ള ഭൂമി കമ്പനിക്ക്‌ പാട്ടത്തിനു നല്‌കി. ഇതില്‍ ഡാം നിര്‍മിച്ച്‌ ഹൈഡ്രോ ഇലക്ട്രിക്‌ പ്രൊജക്ട്‌ ആരംഭിക്കാന്‍ കമ്പനിയെ അനുവദിച്ചിരുന്നു. ക്യാപ്‌റ്റീവ്‌ പവര്‍ പ്രൊജക്ട്‌ (സിപിപി) ആയാണ്‌ പദ്ധതിയെ കണ്ടത്‌. എന്നാല്‍, പിന്നീട്‌ പ്രത്യേക തീരുമാനത്തോടെ ഇതിനെ ഇന്‍ഡിപെന്‍ഡന്റ്‌ പവര്‍ പ്രൊജക്ട്‌ (ഐപിപി) ആക്കി മാറ്റിക്കൊടുത്തു. ഇതോടെ കമ്പനിക്ക്‌ സ്വതന്ത്രമായി ഇടപാടുകള്‍ നടത്താമെന്നായി. അങ്ങനെയാണ്‌ പദ്ധതി മറിച്ചുവില്‍ക്കാന്‍ കളമൊരുങ്ങിയത്‌.

കനത്ത വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനത്ത്‌ സ്വകാര്യമേഖലയില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള പദ്ധതി വടക്കേ ഇന്‍ഡ്യന്‍ ലോബി മറിച്ചു വില്‌ക്കാന്‍ നോക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ചെറുവിരല്‍ അനക്കാന്‍ പോലും തയാറാകുന്നില്ല എന്നതാണ്‌ ആക്ഷേപം.

ടെസിലിന്റെ പേരിലുള്ള വന്‍ അഴിമതി സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. അടുത്ത ദിവസം ചേരുന്ന നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു നേരെ പ്രതിപക്ഷം എടുത്തു പ്രയോഗിക്കുന്ന രാഷ്ട്രീയ ബോംബായിരിക്കും ടെസില്‍ അഴിമതി. ടെസിലിനെ ചൂഴ്‌ന്നു നില്‌ക്കുന്ന കോടികളുടെ അഴിമതിയുടെ കാണാക്കയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഗ്ലോബല്‍ മലയാളം തുറന്നെഴുതുന്നു. സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ ജിജി ഷിബു എഴുതുന്ന പരമ്പര മറക്കാതെ വായിക്കുക.


http://globalmalayalam.com/news.php?nid=4598#.UbqqHvlpMrk