Breaking News

Trending right now:
Description
 
Jun 06, 2013

ശ്രീശാന്ത്‌ നികുതി നല്‌കിയതു മാത്രം രണ്ടുകോടി രൂപ, എന്നിട്ടും 10 ലക്ഷത്തിനുവേണ്ടി ഒത്തുകളിച്ചോ?

എലാന പീറ്റര്‍
image വാതുവയ്‌പും അതിന്റെ പേരിലുള്ള കോലാഹലങ്ങളും കേള്‍ക്കുമ്പോള്‍ ആരും ചോദിച്ചുപോകുന്നൊരു ചോദ്യമുണ്ട്‌, ശ്രീശാന്തിന്‌ ഈ 40 ലക്ഷം വലിയ തുകയാണോ? കഴിഞ്ഞ വര്‍ഷം ശ്രീശാന്ത്‌ നികുതിയായി അടച്ച തുക രണ്ടുകോടി രൂപയാണെന്നറിയുമ്പോഴാണ്‌ നാല്‍പ്പതു ലക്ഷമെന്നത്‌ വെറുമൊരു ചെറിയ തുകയായി ആര്‍ക്കും തോന്നാവുന്നത്‌.

സ്‌കൂള്‍ കുട്ടികളുടെ കൈയില്‍ പോലും പതിനായിരം രൂപയില്‍ കൂടിയ വിലയുടെ മൊബൈല്‍ കൈവശമുള്ളപ്പോള്‍, അന്‍പതിനായിരത്തോളം രൂപ വില വരുന്ന മൊബൈല്‍ ശ്രീശാന്ത്‌ വാങ്ങിയെന്ന്‌ പോലീസ്‌ വലിയ അതിശയോക്തി കലര്‍ത്തി പറയുന്നതില്‍ കാര്യമുണ്ടോ? റാംപുകളിലും ഷോകളിലും സജീവവും ബോളിവുഡില്‍ സാന്നിധ്യമുറപ്പിക്കാന്‍ ചര്‍ച്ചകളിലുമായിരുന്ന ശ്രീശാന്തിന്‌ വാതുവയ്‌പുകാരുടെ കൈയില്‍നിന്ന്‌ പണം കിട്ടിയിട്ട്‌ വേണോ വില കൂടിയ ജീന്‍സ്‌ വാങ്ങിക്കാന്‍? ലക്ഷങ്ങള്‍ മറിഞ്ഞെന്ന്‌ പോലീസ്‌ ആരോപിക്കുമ്പോഴും ശ്രീശാന്തില്‍നിന്ന്‌ കണ്ടെടുക്കാന്‍ കഴിഞ്ഞത്‌ 75000 രൂപ മാത്രമായിരുന്നു. കണക്കില്ലാതെ പണം കൈയിലെത്തിയെങ്കില്‍ അതുകണ്ടെത്താന്‍ ഒരു റെയ്‌ഡ്‌ പോലും നടത്താന്‍ പോലീസ്‌ തയാറായില്ല? തെളിവുകളുണ്ടെങ്കില്‍ അത്‌ കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിന്‌ കാരണമെന്ത്‌ എന്നു തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഈ കേസില്‍ ഉയര്‍ന്നുവരുന്നുണ്ട്‌. കേസുകള്‍ ചമയ്‌ക്കാനും അതിനു തെളിവുനിരത്താനും പോലീസിനുള്ള വൈദഗ്‌ധ്യം അറിയാവുന്നവര്‍, പ്രത്യേകിച്ച്‌ മുംബെ, ഡല്‍ഹി പോലീസുകാരുടെ ഇക്കാര്യത്തിലുള്ള അതിവിരുത്‌ തിരിച്ചറിയുന്നവര്‍ ശ്രീശാന്തിനുനേരെയുള്ള ആരോപണങ്ങള്‍ അല്‍പ്പം ഉപ്പുകൂട്ടിയേ വിഴുങ്ങൂ. ശ്രീശാന്തിനെ അറസ്‌റ്റു ചെയ്യാന്‍ കാണിച്ചതിന്റെ പകുതിപോലും കോടതിയില്‍തെളിവുകള്‍ നിരത്താന്‍ പോലീസ്‌ കാണിക്കാത്തതെന്തെന്നും സംശയം ഉണരുന്നു.

രണ്ട്‌ കട ഉദ്‌ഘാടനം ചെയ്‌താല്‍ ശ്രീശാന്തിന്‌ ഇതിലും കൂടുതല്‍ തുക കിട്ടുമെന്ന്‌ ഒരു സുഹൃത്ത്‌ ചൂണ്ടിക്കാട്ടിയതിനു പിന്നിലും ഇതേ ചേതോവികാരമാണ്‌. നാല്‍പ്പതുലക്ഷം പറഞ്ഞുറപ്പിക്കുകയും കൈയില്‍ പത്തുലക്ഷം മാത്രം കിട്ടുകയും ചെയ്യുമ്പോള്‍ നീണ്ട ഇന്നിംഗ്‌സുകളുള്ളൊരു കരിയര്‍ നശിപ്പിക്കാന്‍ മാത്രം അത്രയ്‌ക്കു മണ്ടനാണോ ശ്രീശാന്ത്‌? ശ്രീശാന്തിനോ ഉപഗ്രഹങ്ങള്‍ക്കോ മലയാളികള്‍ അല്‍പ്പത്തരമെന്നു വിശേഷിപ്പിച്ച പൊങ്ങച്ചമുണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ അപ്പാടെ എഴുതിത്തള്ളാന്‍ പറ്റുന്ന കളിക്കാരനാണോ ശ്രീശാന്ത്‌? മലയാളികള്‍ ഉറക്കെ ചോദിക്കുന്ന ചോദ്യമാണിത്‌.


ബിപിസിഎലിലെ അസിസ്റ്റന്റ്‌ മാനേജര്‍ എന്ന നിലയില്‍ ഓഫീസിലേയ്‌ക്ക്‌ ഒന്നു പോകുകപോലും ചെയ്യാതെ 14 ലക്ഷം രൂപ ശ്രീശാന്തിന്റെ പോക്കറ്റില്‍ വീഴുമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ നിലനില്‍ക്കുന്നതിനു മാത്രം റീട്ടെയ്‌നര്‍ഷിപ്പായി വര്‍ഷത്തില്‍ ലഭിക്കുന്നത്‌ 25 ലക്ഷം രൂപ. ഒരു ടെസ്റ്റ്‌ മാച്ച്‌ കളിച്ചാല്‍ ഏഴു ലക്ഷം രൂപ അക്കൗണ്ടിലെത്തും. വണ്‍ ഡേ ഇന്റര്‍നാഷണല്‍ ആണെങ്കില്‍ 4 ലക്ഷം രൂപയാണ്‌ ഒരു ദിവസത്തെ വേതനം. ട്വന്റി20 മാച്ച്‌ കളിക്കുമ്പോള്‍ രണ്ടുലക്ഷം രൂപ കിട്ടും. ഇതിനു പുറമേയാണ്‌ പരസ്യങ്ങളില്‍നിന്നും മറ്റു പരിപാടികളില്‍നിന്നുമുള്ള വരുമാനം. സമ്മാനങ്ങളായി ലഭിക്കുന്നവ പുറമെ. രണ്ടുകോടി രൂപ നിയമാനുസൃതം നികുതി കൊടുത്തുവെന്നു പറയുമ്പോള്‍തന്നെ വരുമാനക്കണക്ക്‌ ഊഹിക്കാം. സ്റ്റാര്‍ സൗകര്യങ്ങളോടെ സര്‍വവിധ ചെലവുകളും അതിനുപുറമെയാണ്‌.

ഝാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്നത്‌ ടീം ഇന്ത്യ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയാണ്‌. പന്ത്രണ്ടുകോടി രൂപയാണ്‌ മാര്‍ച്ച്‌ അവസാനംവരെ നികുതിയിനത്തില്‍ ധോണി നല്‌കിയത്‌. കഴിഞ്ഞ മൂന്നുവര്‍ഷമായി ഏറ്റവും വലിയ നികുതിദായകന്‍ എന്ന പദവിയും ധോണിക്കുതന്നെ. 2008-2009-ല്‍ 4.7 കോടി രൂപയായിരുന്നു ധോണി ഒടുക്കിയ നികുതി. അതിനു മുന്‍വര്‍ഷം 3.4 കോടി രൂപ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2008-2009-ല്‍ 8.1 കോടി രൂപ നികുതി നല്‍കിയിരുന്നു. അതിനു മുന്‍വര്‍ഷത്തില്‍ 8.7 കോടി രൂപയും. വീരേന്ദ്ര സേവാഗ്‌ 2008-2009-ല്‍ 3.1 കോടി രൂപയും അതിനു മുന്‍വര്‍ഷത്തില്‍ 1.9 കോടി രൂപയുമായിരുന്നു നികുതിയായി നല്‍കിയത്‌.

മൂന്ന്‌ ഗ്രേഡായി തിരിച്ചാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്‌. ഗ്രേഡ്‌ എ കളിക്കാര്‍ക്ക്‌ ടീമില്‍ നിലനില്‍ക്കുന്നതിനുമാത്രം ഒരു കോടി രൂപ കൈയില്‍ വരും. സച്ചിന്‍, ധോണി, ഗൗതം ഗംഭീര്‍, യുവരാജ്‌ സിംഗ്‌, വീരേന്ദര്‍ സേവാഗ്‌, രാഹുല്‍ ദ്രാവിഡ്‌, വിവിഎസ്‌ ലക്ഷ്‌മണ്‍, സുരേഷ്‌ റെയ്‌ന, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ ഖാന്‍, വിരാട്‌ കോഹ്‌ ലി, ഇഷാന്ത്‌ ശര്‍മ എന്നിവരാണ്‌ ഗ്രേഡ്‌ എയിലുള്ളവര്‍.

ഗ്രേഡ്‌ ബിയിലുള്ള ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ 50 ലക്ഷം രൂപയാണ്‌ റീട്ടെയ്‌നര്‍ ഫീ. പ്രവീണ്‍കുമാര്‍, ആര്‍. അശ്വിന്‍, ഓജ, രോഹിത്‌ ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ്‌ ഗ്രേഡ്‌ ബിയില്‍.

ശ്രീശാന്ത്‌ ഉള്‍പ്പെടെ പത്തൊന്‍പതു പേരാണ്‌ ഗ്രേഡ്‌ സിയിലുള്ളത്‌.