Breaking News

Trending right now:
Description
 
Jun 05, 2013

ഇന്ന്‌ ലോക പരിസ്ഥിതി ദിനം: മരം നട്ടതിന്‌ ഭാര്യയുടെയും നാട്ടുകാരുടെയും വക ചീത്ത വിളി കേട്ടത്‌ നാല്‌പത്‌ വര്‍ഷം

മരം മത്തായി നട്ട പൂമരങ്ങളുടെ കഥ
image

കോട്ടയം:ഈരാറ്റുപേട്ടയില്‍ നിന്ന്‌ വഴിതിരിഞ്ഞ്‌ വാഗമണിന്റെ ശീതളഛായയിലേക്ക്‌ നിങ്ങളെ സ്വീകരിക്കുന്ന തീക്കോയി എന്ന ഗ്രാമം. അവിടെ പൂത്തുലഞ്ഞ്‌ ചെങ്കതിര്‍ വാരി വിതറി നില്‌ക്കുന്ന പൂമരങ്ങളെ കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം പ്രണയാതുരമായിട്ടുണ്ടാകാം. എന്നാല്‍ ആ പൂമരങ്ങളുടെ പിന്നില്‍ അത്ര പ്രണയാതുരമല്ലാത്ത ഒരു കഥയുണ്ട്‌ അത്‌ മരം മത്തായിയുടെ കഥയാണ്‌.
കാലം നാല്‌പത്‌ വര്‍ഷം മുമ്പാണ്‌. അന്ന്‌ മരം മത്തായിക്ക്‌ പ്രായം 35. മത്തായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുചാക്ക്‌ അരി ചുമ്മാ ചുമക്കുന്ന പ്രായം. പക്ഷേ അന്ന്‌ ഇന്നത്തെ പോലെ പണിയൊന്നുമില്ല. പണിയൊന്നുമില്ലാത്ത ദിവസങ്ങളില്‍ പീടികത്തിണയില്‍ സൊറ പറഞ്ഞു സമയം കളയാതെ എന്തെങ്കിലും ചെയ്യണമെന്നു മത്തായിക്ക്‌ ഒരാഗ്രഹം. അങ്ങനെ മത്തായി കണ്ട കാട്ടിലും പള്ളയിലും കേറി മരങ്ങള്‍ ശേഖരിച്ചു. എന്നിട്ട്‌ തീക്കോയി മുതല്‍ വാഗമണ്‍ വരെയും ഈരാറ്റുപേട്ടയുടെ പ്രാന്തപ്രദ്ദേശങ്ങളിലുമൊക്കെയായി മരങ്ങള്‍ നട്ടു. നാട്ടുകാര്‍ ആദ്യം മുക്കത്ത്‌ വിരല്‍ വച്ചു എന്നിട്ട്‌ ചോദിച്ചു അല്ല മത്തായി മരം നട്ടാല്‍ നിങ്ങള്‍ക്ക്‌ എന്തു പ്രയോജനം? വീട്ടിലെത്തിയപ്പോള്‍ ഭാര്യയും ചോദിച്ചു, മനുഷ്യനിങ്ങള്‍ക്ക്‌ എന്തിന്റെ അസുഖമാ.. കണ്ട റോഡരുകില്‍ മരം നട്ടാല്‍ നിങ്ങള്‍ക്ക്‌ എന്തു പ്രയോജനം?
നാട്ടുകാരും വീട്ടുകാരും എതിര്‍ത്തിട്ടും പരിഹസിച്ചിട്ടും മത്തായി മരം നട്ടു. ഒന്നും രണ്ടുമല്ല ആയിരത്തിലേറെ മരങ്ങള്‍.
മത്തായി പഠിച്ചത്‌ രണ്ടാം തരം വരെ മാത്രം. അത്‌ മൂന്നുവര്‍ഷം. പക്ഷേ പിന്നീട്‌ ജിവിതത്തില്‍ നിന്ന്‌ മത്തായി പഠിച്ചു. തീക്കോയി ലൈബ്രറിയുടെ വാച്ചര്‍ ജോലി കിട്ടിയതോടെ മത്തായി മറ്റൊരു മത്തായിയായി.തീക്കോയി ലൈബ്രറിയില്‍ നിന്ന്‌ കിട്ടിയ പുസത്‌കങ്ങളെല്ലാം മത്തായി ആര്‍ത്തിയോടെ വായിച്ചു. വായിച്ച്‌ വായിച്ച്‌ ഭൂമി ദേവി പ്രണയിച്ചു. അവളുടെ നന്മയ്‌ക്കായി ഓരോ മരവും നട്ടു. പക്ഷേ മരം നട്ടിട്ട്‌ ചെന്നാല്‍ മത്തായിയുടെ യഥാര്‍ത്ഥ ഭാര്യ സോക്രട്ടീസിന്റെ ഭാര്യയെ പോലെയാവും. ചീത്തവിളിയുടെ അഭിഷേകം.
അപ്പോള്‍ മത്തായി സോക്രട്ടീസിനെപ്പോലെ നിശബ്ദനാകും. കാരണം പുസ്‌തകം വായിച്ചതും ഭൂമി പ്രണയിച്ചതും മത്തായി മാത്രമാണല്ലോ. എബ്രാഹം ലിങ്കണിന്റെ ഭാര്യയെപ്പോലെയാ എന്റെ ഭാര്യയും. നന്മയുടെ നന്മ അറിയാത്തതിനാല്‍ മനസമാധാനം തരില്ല.
ഇന്ന്‌ പ്രായം 74യുണ്ട്‌ മത്തായിക്ക്‌. അന്ന്‌ പരിഹസിച്ചവര്‍ പിന്നീട്‌ ആദരവുമായി എത്തി. മത്തായിയുടെ മഹത്വം ചാര്‍ത്തി. കളിയാക്കി പേരായ മരം മത്തായി അംഗീകരാവുമായി.

ഇന്ന്‌ പൊന്നാടയായി ചെല്ലുമ്പോഴും മത്തായിയോട്‌ ഭാര്യ ചോദിക്കും. ദേ, മനുഷ്യ നിങ്ങള്‍ക്ക്‌ നമുടെ അവസ്ഥ അവരോട്‌ പറഞ്ഞൂടായിരുന്നോ? അപ്പോഴും മത്തായി ചിരിക്കും കാരണം മത്തായി മാത്രമാണല്ലോ പുസ്‌തകം വായിച്ചതും... തന്നെ ആരെങ്കിലും വയസാകുമ്പോള്‍ അംഗീകരിക്കുമെന്ന്‌ ഓര്‍ത്തല്ല കഴിഞ്ഞ നാല്‌പത്‌ വര്‍ഷമായി മത്തായി മരം നട്ടതെന്ന്‌ പറയണമെന്നുണ്ട്‌ മത്തായിക്ക്‌ പക്ഷേ മത്തായി പറയില്ല.

തീക്കോയിലെ ഒരു കോളനിയില്‍ ജീവിക്കുന്ന മത്തായിക്ക്‌ സ്വത്തായി തലചായ്‌ക്കാന്‍ നല്ലൊരു കിടപ്പാടം ഇല്ല. മകനും പറയുന്നു അച്ഛന്‍ ഇനി മരം നടേണ്ട. ഈ മരം നട്ടതുകൊണ്ട്‌ അച്ഛന്‍ എന്തു നേടി. . ഭൂമിയുടെ അവകാശികളായി മനുഷ്യര്‍ മാത്രമല്ല ഇവിടെയുള്ളതെന്ന്‌ പറയണമെന്നുണ്ട്‌ മത്തായിക്ക്‌ പക്ഷേ അതും പറയാറില്ല മത്തായി.
താന്‍ നട്ട മരം വെട്ടിയവര്‍ക്കെതിരെ പരാതിയുമായി പോയ മത്തായിക്ക്‌ ലഭിച്ചത്‌ തുപ്പല്‍ അഭിഷേകം മാത്രം. അത്‌ ഒരു പാതിരിയുടെ വക സമ്മാനം.
മീനച്ചിലാറിന്റെ കളകളാരവവും ചീവിടിന്റെ സംഗീതവും മരങ്ങള്‍ പ്രണയിക്കുന്നതിന്റെ സൗന്ദര്യവും മരം മത്തായി കാണുന്നത്‌.കാടുവെട്ടി , പുഴ വറ്റി വേനലിന്‍ വറുതിയായി പെരുമഴയുടെ സൗന്ദര്യം ചാറ്റല്‍ മഴയായി. മരം മത്തായിക്ക്‌ പ്രസംഗിക്കാന്‍ അറിയില്ല. അദ്ദേഹം നടുകയാണ്‌ നൂറായിരം മരങ്ങള്‍ ഈ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന്‌ കാരണം ഈ ഭൂമിയുടെ പച്ചപ്പ്‌ വരും തലമുറയ്‌ക്ക്‌ നല്‌കാന്‍ കാവലായി നീയുണ്ടാവില്ലേ മത്തായി എന്നു ഭൂമി ദേവിയുടെ തേങ്ങല്‍ മത്തായിക്ക്‌ ചുറ്റും എപ്പോഴും ഉണ്ട്‌.

അടിയന്‍ ആവുന്നോടത്തോളം കാലം എന്തെങ്കിലുമൊക്കെ ചെയ്യാം ദേവി വാര്‍ധക്യത്തിന്റെ അവശതകളിലും മത്തായി മന്ത്രിക്കുന്നു