Breaking News

Trending right now:
Description
 
Jun 05, 2013

ഗാര്‍ഫീല്‍ഡില്‍ 'സ്വര്‍ഗം' ഭൂമിയിലേക്ക്‌ ഇറങ്ങിവരുന്നു

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: സ്വര്‍ഗത്തിലെ വിശുദ്ധന്മാര്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവരുന്ന അപൂര്‍വസംഗമത്തിന്‌ ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡ്‌ ബ്ലസഡ്‌ ജോണ്‍പോള്‍ സെക്കന്‍ഡ്‌ സീറോ മലബാര്‍ മിഷന്‍ വേദിയാകുന്നു.

ലോകമാകമാന കത്തോലിക്കാസഭ വിശ്വാസവര്‍ഷം ആഘോഷിക്കുന്നവേളയില്‍ ജൂണ്‍ എട്ടിന്‌ ഞായറാഴ്‌ച രാവിലെ പത്തുമുതലാണ്‌ മിഷനിലെ ഇരുനൂറില്‍പരം സി.സി.ഡി വിദ്യാര്‍ഥികള്‍ ചേര്‍ന്ന്‌ അത്രതന്നെ വിശുദ്ധന്മാരുടെ ചരിത്രം ആലേഖനം ചെയ്‌ത പോസ്‌റ്ററുകളും, പവര്‍പോയിന്റ്‌ പ്രസന്റേഷനുകളും ഫ്‌ളോട്ടുകളും അവതരിപ്പിക്കുന്നത്‌.

മാര്‍പാപ്പ വിശ്വാസവര്‍ഷം പ്രഖ്യാപിച്ചനാള്‍മുതല്‍ മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്‌ക്കലിന്റെ നേതൃത്വത്തില്‍ സി.സി.ഡി അധ്യാപകരും വിദ്യാര്‍ഥികളും തയാറെടുപ്പു നടത്തിവരുന്ന ഈ എക്‌സിബിഷനായി കൂറ്റന്‍ ബാനറുകളും കട്ടൗട്ടുകളും തയാറാക്കിവരികയാണ്‌.

ഇരുനൂറില്‍പ്പരം വിദ്യാര്‍ഥികള്‍ ഓരോ വിശുദ്ധനെക്കുറിച്ചും വിശദമായി പഠനംനടത്തി അവരുടെ ജീവിതത്തെ പ്രതിപാദിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററുകള്‍ നിര്‍മിച്ചു. പ്രത്യേകം പവര്‍പോയിന്റ്‌ പ്രസന്റേഷനുകളും ഒരുക്കി. കൂടാതെ ഓരോ ക്ലാസില്‍നിന്നും മൂന്നും നാലും വിദ്യാര്‍ഥികള്‍ വിശുദ്ധരുടെ രൂപസാദൃശ്യത്തില്‍ വേഷവും ചമയവുമണിഞ്ഞ്‌ പ്രദര്‍ശനം നടത്തുന്നുണ്ട്‌. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പതിനൊന്നാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി 12 വ്യത്യസ്‌ത എക്‌സിബിഷന്‍ ബൂത്തുകളാണ്‌ പള്ളിയുടെ ബേസ്‌മെന്റിലുള്ള ഹാളില്‍ ക്രമീകരിക്കുന്നത്‌. ഓരോ ബൂത്തിലും സന്നിഹിതരായിരിക്കുന്ന കുട്ടികള്‍ അവരവരുടെ പോസ്‌റ്ററുകളെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും കാണികള്‍ക്ക്‌ വിശദീകരിക്കും. വിവിധ വിശുദ്ധരെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

വിശ്വാസവര്‍ഷം പ്രഖ്യാപിച്ചതുമുതല്‍ തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധന്മാരെക്കുറിച്ചുള്ള പവര്‍പോയിന്റ്‌ പ്രസന്റേഷന്‍ മുതിര്‍ന്ന കുട്ടികള്‍ ഞായറാഴ്‌ചകളില്‍ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടത്തിവരികയായിരുന്നു. വിശുദ്ധരുടെ ജീവിതാനുഭവങ്ങള്‍ മുമ്പു കേട്ടറിഞ്ഞിട്ടില്ലാത്ത പലര്‍ക്കും ഇത്‌ നവ്യാനുഭവമായി. ഈ തിരിച്ചറിവാണ്‌ ഫെയ്‌ത്ത്‌ ഇയര്‍ സ്‌പെഷന്‍ ആയി വിശുദ്ധന്മാരുടെ ജീവിതയാത്രകളെക്കുറിച്ചുള്ള വിപുലമായ പ്രദര്‍ശനം നടത്താന്‍ സി.സി.ഡി അധ്യാപകരെയും മിഷന്‍ ഡയറക്ടര്‍മാരെയും പ്രേരിപ്പിച്ചത്‌. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും അത്യന്തം പ്രോത്സാഹകജനകമായ പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ മിഷന്‍ സി.സി.ഡി. കോ-ഓര്‍ഡിനേറ്റര്‍മാരായ സജിമോന്‍ ആന്റണി, ലീല സെബാസ്‌റ്റിയന്‍ എന്നിവര്‍ പറഞ്ഞു.

എക്‌സിബിഷന്റെ നടത്തിപ്പിനായ സി.സി.ഡി. അധ്യാപകരുടെയും യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരികയാണ്‌. പി.ടി.എ കമ്മിറ്റി ഭാരവാഹികളായ റോയി പെരുമാട്ടി, റോബി കുട്ടപ്പശേരി, കൊച്ചുമോള്‍ പോള്‍, സോണിമോന്‍ കുര്യാക്കോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിബിഷനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. പള്ളിയുടെ ബേസ്‌മെന്റ്‌ ഹാളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സ്റ്റാളുകള്‍ നിര്‍മിച്ചുവരികയാണ്‌.

ഗാര്‍ഫീല്‍ഡിലെ അവര്‍ ലേഡി ഓഫ്‌ സോറോഴ്‌സിലെ ഇടവകാംഗങ്ങളെയും സീറോ മലബാര്‍ സഭയിലെ സമീപ ഇടവകകളിലെ എല്ലാ വിശ്വാസികളെയും ഈ ഫെയ്‌ത്ത്‌ എക്‌സിബിഷനിലേക്ക്‌ സ്വാഗതംചെയ്യുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്‌ക്കലും, സി.സി.ഡി കോ-ഓര്‍ഡിനേറ്റര്‍മാരായ സജിമോന്‍ ആന്റണി, ലീല സെബാസ്‌റ്റിയന്‍ എന്നിവര്‍ പറഞ്ഞു.

എക്‌സിബിഷന്റെ വിജയത്തിന്‌ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന്‌ ട്രസ്റ്റിമാരായ ബാബു ജോസഫും ബിനു ജോണും അറിയിച്ചു.

പ്രദര്‍ശന സമയം ഞായറാഴ്‌ച രാവിലെ പത്തുമുതല്‍ പതിനൊന്നര വരെ. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ നാലര വരെ.

വിലാസം- 30 മഡോണ പ്ലേസ്‌, ഗാര്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി. 07026. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക-

സജിമോന്‍ ആന്റണി- 862-438-236. ലീല സെബാസ്‌റ്റിയന്‍- 201-906-5564.