Breaking News

Trending right now:
Description
 
Jun 05, 2013

പ്രണയത്തില്‍ കുടുങ്ങിയതിന്‌ യുവതിക്ക്‌ ശിക്ഷ: അഞ്ചു വര്‍ഷം വീട്ടു തടങ്കല്‍, മാതാപിതാക്കള്‍ ഭക്ഷണവും വസ്‌ത്രവും നിഷേധിച്ചു

image

ബാംഗ്ലൂര്‍:: വീട്ടുകാരെ എതിര്‍ത്ത്‌ പ്രണയിച്ച യുവതിയാണ്‌ അഞ്ചു വര്‍ഷമായി വായുവും വെളിച്ചവും കടക്കാത്ത മുറിയില്‍ വീട്ടുതടങ്കലില്‍.

കോമേഴ്‌സ്‌ ബിരുദധാരിയായ 35 വയസുകാരിയായ ഹേമവതി എന്ന യുവതിയെയാണ്‌ വസ്‌ത്രവും ആവശ്യത്തിന്‌ ഭക്ഷണവും ഇല്ലാതെ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്‌. അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന യുവതി പ്രണയിച്ചതിനാണ്‌ വീട്ടുകാരുടെ ക്രൂര ശിക്ഷ.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ നിലവിളി കേട്ട്‌ അയല്‍വാസികള്‍ പോലീസ്‌ സഹായത്തോടെ വീടുതുറന്നപ്പോഴാണ്‌ മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക്‌ നടുവില്‍ അല്‌പ വസ്‌ത്രധാരിണിയായ സ്‌ത്രീയെ കാണുന്നത്‌. ആള്‍ക്കാരെ കണ്ട സ്‌ത്രീ ഭക്ഷണത്തിനായി യാചിച്ചു. നടക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ട സ്‌ത്രീയെ പോലീസ്‌ എടുത്താണ്‌ പുറത്തു കൊണ്ടുവന്നത്‌. മാനസികാസ്വാസ്ഥ്യം സ്‌ത്രീ കാണിക്കുന്നുണ്ടായിരുന്നു. ഇവരെ പിന്നീട്‌ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസമായി വീട്ടില്‍ നിന്ന്‌ സ്‌ത്രീയുടെ നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു.

പഠിക്കാന്‍ മിടുക്കിയും സുന്ദരിയുമായ യുവതി കുറെനാളായി വീട്ടിന്‌ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടുകാര്‍ പറഞ്ഞിരുന്നത്‌ പെണ്‍കുട്ടിക്ക്‌ സന്ധിവാതമാണെന്നായിരുന്നു. നാട്ടുകാര്‍ കാണാന്‍ ശ്രമിച്ചപ്പോഴും വീട്ടുകാര്‍ സന്ദര്‍ശകരെ സൂത്രത്തില്‍ ഒഴിവാക്കുകയായിരുന്നു.

ആറുമാസത്തിലൊരിക്കല്‍ പെണ്‍കുട്ടിയെ ചികിത്സക്ക്‌ എന്നു പറഞ്ഞു പുറത്തു കൊണ്ടു പോകുമായിരുന്നു. എന്നാല്‍ ചികിത്സകള്‍ ഒന്നും തന്നെ നല്‌കിയിരുന്നില്ല. പെണ്‍കുട്ടി ശാരീരിക പീഡനത്തിന്‌ ഇരയായിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷമേ പെണ്‍കുട്ടിയെ വിശദമായ ചോദ്യം ചെയ്യലിന്‌ വിധേയമാക്കുകയുള്ളു.