
വീസ
പ്രശ്നങ്ങളെത്തുടര്‍ന്നു കുവൈറ്റില്‍നിന്നു മടക്കി അയച്ച പ്രവാസികള്‍ക്കു മതിയായ
രേഖകളുണ്ടെങ്കില്‍ വീണ്ടും ജോലിക്കായി മടങ്ങിപ്പോകാമെന്നു കുവൈറ്റ് അംബാസഡര്‍ സമി
മുഹമ്മദ് അല്‍ സുലൈമാന്‍. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി നടത്തിയ
ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, കേസുകളില്‍പ്പെട്ടവരും
ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മടങ്ങിവരുന്നവരിരില് ഉണ്ടാകാന്‍ പാടില്ലെന്നും
കുവൈറ്റ് സ്ഥാനപതി വിശദമാക്കി. നിയമം ലംഘിച്ചവരെ മാത്രമാണു പിടികൂടി
തിരിച്ചയച്ചിട്ടുള്ളത്. ഇതിനായി പുതിയ നിയമമൊന്നും കൊണ്ടുവന്നിട്ടില്ല. നിലവിലെ
നിയമം കര്‍ക്കശമാക്കുകയാണു ചെയ്തത്. പിടിയിലാകുന്നവരുടെ മുഴുവന്‍ വിവരങ്ങളും
ഇന്ത്യന്‍ എംബസിക്കു കൈമാറുമെന്നും സ്ഥാനപതി മന്ത്രിക്ക് ഉറപ്പു നല്കി.
പിടിയിലാകുന്ന ഇന്ത്യക്കാരോടു മാനുഷിക പരിഗണന കാണിക്കണമെന്നു വയലാര്‍ രവി
അംബാസഡറോട് ആവശ്യപ്പെട്ടു.
അതേസമയം, കുവൈറ്റിലെ നാടുകടത്തലുമായി ബന്ധപ്പെട്ട
ആശങ്കകള്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ചൂണ്ടിക്കാട്ടി. സല്മാന് ഖുര്‍ഷിദുമായി ടെലിഫോണിലും വയലാര്‍ രവി, ഇ. അഹമ്മദ്
എന്നിവരുമായി നേരിട്ടുമാണു മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. കുവൈറ്റില്‍നിന്നു
കയറ്റിവിടുന്നതിനെത്തുടര്ന്നു തിരിച്ചെത്തുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍
ചെയ്യും. ഇന്ത്യയിലേക്ക് അയയ്ക്കുന്നവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നു കുവൈറ്റ്
അംബാസഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങിയെത്തുന്നവര്‍ക്കുള്ള യാത്രച്ചെലവും
താമസസൗകര്യവും നോര്‍ക്ക ഒരുക്കിയിട്ടുണ്ട്. എന്നാല്‍ കുവൈറ്റില്‍നിന്നു
കയറ്റിവിടുന്നവരെക്കുറിച്ചുള്ള യഥാര്‍ഥ വിവരം ലഭ്യമല്ല. കുവൈറ്റ് എംബസിയിലെ
ഉദ്യോഗസ്ഥന് വിധു ബി. നായരോട്, പിടിയിലാകുന്നവരുടെ വിവരങ്ങള്‍ ഡല്‍ഹിയിലെ കേരള
ഹൗസില്‍ അറിയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.