Breaking News

Trending right now:
Description
 
Jun 03, 2013

ഭൂരിപക്ഷ വര്‍ഗീയ വാദികളുടെ അടുത്ത ലക്ഷ്യം അബ്ദു സമദ്‌ സമദാനിയോ?

ജിജി ഷിബു
image മാധവിക്കുട്ടി ലവ്‌ ജിഹാദിനി ഇരയാണെന്നു വരുത്തി തീര്‍ക്കാന്‍ നടക്കുന്ന കുത്സിത ശ്രമങ്ങളെ കേരളത്തിലെ പരിഷ്‌കൃത സമൂഹം അവഞ്‌ജയോടെ തള്ളികളയണം. 

പ്രേമം നടിച്ച്‌ വിവാഹ വാഗ്‌ദാനം നല്‌കി വൃദ്ധയായ മാധവിക്കുട്ടിയെ എഴുത്തുകാരനും എംഎല്‍എയുമായ അബ്ദു സമദ്‌ സമദാനി മതം മാറ്റിയെന്ന  തോന്നത്തക്ക വിധത്തിലാണ്‌ ജന്മഭൂമിയില്‍ ലീലാ മേനോന്‍ എഴുതിയത്‌. 

മാധവിക്കുട്ടിയുടെ നാലാം ചരമവാര്‍ഷികത്തോടുനുബന്ധിച്ചു വന്ന അനുസ്‌മരണ ലേഖനങ്ങളുടെ പശ്ചാത്തതലത്തില്‍ മാധവിക്കുട്ടിയുടെയും സമദാനിയുടെ പ്രണയത്തെ വിശകലനം ചെയ്യുകയാണ്‌ ഇവിടെ. ഭൂരിപക്ഷ വര്‍ഗീയ വാദികളുടെ അടുത്ത ലക്ഷ്യം ആരാണ്‌ സമദാനിയോ?

ചിലര്‍ പ്രണയങ്ങളെ സ്വകാര്യമായ ആഹ്ലാദമായി ആരോടും പങ്കു വയ്‌ക്കാടെ അവരുടേതുമാത്രമായി കൊണ്ടുനടക്കുന്നു. ചിലവ അടുത്ത സുഹൃത്തുക്കളോടും. പ്രണയത്തിന്റെ മഞ്ഞസൂര്യകാന്തി പൂക്കളുടെ താഴ്വരയില്‍ ഞാനിങ്ങനെയാണ്‌ എന്നു ഇളം തെന്നലായി എല്ലാകാലത്തും എല്ലാവരോടും വിളിച്ചു പറഞ്ഞ ആരെയും വേദനിപ്പിക്കാത്ത മാധവിക്കുട്ടി.

ഭര്‍ത്താവിനോടും കുറുമ്പു കാട്ടുമ്പോഴും മക്കളോടും കൊച്ചുമക്കളോടും ശാഠ്യം പിടിക്കുമ്പോളും തന്റെ സൗന്ദര്യത്തില്‍ അഭിമാനിക്കുമ്പോഴും മാധവിക്കുട്ടി സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും നിറകുടമായിരുന്നു. അവരുടെ മതം പ്രണയമായിരുന്നു. കാട്ടു ജമന്തിയുടെ തീക്ഷ്‌ണതയുള്ള പ്രണയമായിരുന്നു ചിലപ്പോള്‍ അവരുടേത്‌.. മറ്റു ചിലപ്പോള്‍ നിലാവു പോലെ പ്രണയം പരന്നൊഴുകി....

ഏത്‌ പ്രായത്തിലും ജരാനരകള്‍ ബാധിക്കാത്ത മനസിനു ഉടമയായ മാധവിക്കുട്ടിക്ക്‌, പണ്ഡിതനും കലാകാരനും കവിഹൃദയമുള്ള സരസനുമായ അബ്ദു സമദ്‌ സമദാനി പ്രണയം തോന്നിയിരിക്കാം.

മക്കളും കൊച്ചുമക്കളുമായാല്‍ സ്‌ത്രീയുടെ ലോകം തീര്‍ന്നുവെന്ന്‌ വിശ്വസിക്കുന്ന സാമൂഹ്യനീതിയോട്‌ കലഹിക്കാന്‍ അവര്‍ സമദാനിയെ പ്രണയിച്ചു. പ്രശസ്‌തയായ ഒരു സ്‌ത്രീക്ക്‌ സാധ്യമാകാത്ത അസാധാരണ ധൈര്യത്തോടെ അവര്‍ പ്രണയത്തിനായി മതം ഉപേക്ഷിക്കുന്നു. അല്ല അവരുടെ വ്യക്തിത്വത്തെ തന്നെ. അവരുടെ മുമ്പില്‍ ലോകമില്ല. സ്‌നേഹത്തിന്റെ ആഴക്കടലിന്റെ അലകളെ വെറുതേ നോക്കി നില്‌ക്കുന്ന കുട്ടിയുടെ മനസാണ്‌ അവരുടേത്‌.  കൗമാരക്കാരിയുടെ മനസോടെ മധ്യവയസ്‌കനായ കാമുകന്റെ ഗസലിനായി കാത്തിരിക്കുന്ന വൃദ്ധയായ മാധവിക്കുട്ടി.

അവിടെ വ്യക്തിയുടെ പ്രായവും സാമൂഹ്യ -മത-ജാതി എത്ര അപ്രസക്തമാണ്‌. മാധവിക്കുട്ടിയുടെ രാഗം ആത്മാവിനോടുള്ള സംവാദമായിരുന്നു. 

എന്നാല്‍ എഴുത്തുകാരിയായ ഇന്ദു മോനോനും പത്രപ്രവര്‍ത്തകയായ ലീല മേനോനും മാധവിക്കുട്ടിയുടെ പ്രണയത്തെ സാമൂഹിക ശരികളോട്‌ കൂട്ടിവിളക്കാന്‍ ശ്രമിക്കുന്നു. എന്നിട്ട്‌ ജാതി സ്‌പര്‍ധ ഇളക്കി വിടുന്ന രീതിയില്‍ ആരോപണം ഉന്നയിക്കുകയാണ്‌. മാധവിക്കുട്ടിയെ വഞ്ചിച്ചുവെന്നു ഇവര്‍ സമദാനിക്ക്‌ നേരെ ആരോപണം ഉന്നയിക്കാന്‍ കാരണം സാധാരണ പ്രണയത്തില്‍ സ്‌ത്രീക്ക്‌ നേരെ പ്രയോഗിക്കുന്ന കളങ്കിതം എന്ന പദമല്ല, പണവും മറ്റു സൗകര്യങ്ങളുമല്ല. വാത്സല്യം തോന്നേണ്ട സ്ഥാനത്ത്‌ പ്രണയം തോന്നിയതില്‍ ലീല മേനോനും ഇന്ദുവിന്‌ ഇത്തിരി അസൂയയുണ്ട്‌. 

മാധവിക്കുട്ടി എന്ന എഴുത്തുകാരി ലോകത്തിന്റ കയ്യില്‍ നിന്ന്‌ എഴുതിവാങ്ങിയ കോപ്പി റൈറ്റുള്ള അവകാശമാണ്‌ ഈ പ്രണയ ധൈര്യം

ഇവിടെ മാധവിക്കുട്ടി പ്രണയത്തിനായി മറ്റൊരു മതത്തിന്റെ മേല്‍ക്കുപ്പായം സ്വയമേ അണിഞ്ഞു. സത്യത്തില്‍ അവര്‍ പ്രണയത്തിനായി ഇത്തരം വലിയൊരു മാറ്റത്തിനു തയാറായതെങ്കില്‍ സ്‌നഹം എന്ന പദത്തെ അവര്‍ ഉദാത്തവല്‍ക്കരിച്ചു... പ്രണയ പ്രതിരൂപമായി അവര്‍ കൊണ്ടു നടന്ന സങ്കല്‌പത്തിന്‌ സമദാനിയുമായി സാമ്യം തോന്നിയതിനാല്‍ അവര്‍ അയാളെ പ്രണയിച്ചു. അയാള്‍ ക്രിസ്‌ത്യാനിയാണെങ്കിലും സിഖു മതവിശ്വാസിയാണെങ്കിലും അവര്‍ പ്രണയിച്ചേനെ. കാരണം അവരുടെ കാല്‌പനിക മനസു ശ്വസിച്ചത്‌ പ്രണയത്തിന്റെ പ്രാണവായുവാണ്‌.

മാധവിക്കുട്ടിയുടെ പ്രണയം ശരിയാണെങ്കില്‍ സമദാനിയുടെ നിലപാടുകളും ശരിയാണ്‌. വൃദ്ധയായ മാധവിക്കുട്ടിയോടുള്ള യുവാവായ സമദാനിയുടെ പ്രണയം ശാരീരികാഭിലാഷങ്ങളുടെ പൂര്‍ത്തികരണത്തിന്‌ അല്ലായിരുന്നു. ആത്മനിബദ്ധമായ രാഗമായിരുന്നു. അതുകൊണ്ടല്ലേ അവരുടെ ഹൃദയ വിശുദ്ധിയില്‍ അയാള്‍ ആകൃഷ്ടനായത്‌.  അവര്‍ക്കായി ഗസലു പാടുകയും അവരെ സുരയ്യ എന്നു വിളിക്കാന്‍ തയാറാകുകയും ചെയ്‌തത്‌. അയാളുടെ സാമിപ്യം എപ്പോഴും ആഗ്രഹിച്ചിരുന്നതിനാല്‍ വിവാഹം കഴിക്കാന്‍ മാധവിക്കുട്ടിയുടെ കുറുമ്പു മനസു ശാഠ്യം പിടിച്ചതാണ്‌.

മാധവിക്കുട്ടിക്ക്‌ ചുറ്റും കാല്‌പനിക ലോകമേ ഉണ്ടായിരുന്നൊള്ളു. എന്നാല്‍ സമദാനി ചിലപ്പോഴക്കെ സമകാലിക ലോകത്തിന്റെ തിരിച്ചറിവുകള്‍ പിന്‍തുടര്‍ന്നിരുന്നു. മാധവിക്കുട്ടി വിവാഹം കഴിച്ചിരുന്നുവെങ്കില്‍ പ്രണയ കലഹങ്ങള്‍ സഹിക്കാനാവാതെ അവര്‍ സമദാനിയെ മൊഴി ചൊല്ലിയേനെ. ...എങ്കില്‍ സമദാനിയുടെ അവസ്ഥ എന്താകുമായിരുന്നു.

യൗവനം നഷ്ടമാകുന്നതോടെ കിഴവി എന്നു വിളി കേള്‍ക്കുകയും പ്രണയത്തില്‍ നിന്ന്‌ പുരുഷന്മാര്‍ ഒഴിവാക്കുയും ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ സമദാനി ഒരു ആശ്വാസമാണ്‌. സ്‌ത്രീകളുടെ സ്‌ത്രീത്വത്തിനായി അവര്‍ നടത്തിയ ഈ സമരത്തെ ബഹുമാനിക്കാം.