Breaking News

Trending right now:
Description
 
Jun 03, 2013

എല്ലാ വീട്ടുമുറ്റത്തും പുതിയ സസ്യങ്ങള്‍: ടി.ആര്‍.എയുടെ `ഒരു ചെടി, ഒരു മരം'

image ഇടവപ്പാതി മഴക്കാലത്ത്‌ ആലപ്പുഴ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷനില്‍ (ടി.ആര്‍.എ) എല്ലാ വീട്ടുമുറ്റത്തും പുതുതായി സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന `ഒരു ചെടി, ഒരു മരം' പദ്ധതി നടപ്പിലാക്കും.

പറമ്പില്‍ എന്തിന്റെയെങ്കിലും വിത്ത്‌ ഇടാനോ തൈ നടാനോ അംഗഭവനങ്ങളിലുള്ളവര്‍ സ്വമേധയാ മുന്നോട്ടു വരും. ഇതു സംബന്ധിച്ച തീരുമാനം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി എടുത്തിട്ടുണ്ട്‌. തൈകള്‍ ദീര്‍ഘകാല വന്‍ മരത്തിന്റേയോ ഇടക്കാല ചെറു വിളയുടേതോ ലഘുകാല വള്ളിയുടേതോ ആകാം. പച്ചക്കറികളോ ഔഷധസസ്യങ്ങളോ പൂച്ചെടികളോ ഫലവൃക്ഷങ്ങളോ തെരഞ്ഞെടുക്കാം. ഭൂമിയുടെ പച്ചപ്പിനു സസ്യങ്ങള്‍ കൊണ്ട്‌ ഒരു ഉപഹാരം. പറമ്പില്‍ ഇടമില്ലാത്തവര്‍ക്ക്‌ ടെറസിലോ മതിലിറമ്പിലോ മറ്റോ ചാക്കുകളിലോ ചട്ടികളിലോ ചെടികള്‍ വളര്‍ത്തുകയുമാകാം. പൂക്കളും കായ്‌കളും ഫലങ്ങളും കാലിത്തീറ്റയും മറ്റ്‌ വൃക്ഷോത്‌പന്നങ്ങളും കൂടുതലായി പട്ടണപ്രദേശത്ത്‌ വിളയിക്കാന്‍ ഈ പദ്ധതി പ്രോത്സാഹനമാകും.

സര്‍ക്കാര്‍, സന്നദ്ധസംഘടനാ തലങ്ങളിലൂടെ മെച്ചപ്പെട്ട തൈകളും വിത്തുകളും ലഭ്യമാകുന്ന മുറയ്‌ക്ക്‌ വിതരണം ചെയ്യും. സ്വന്തമായുള്ള വിത്തുകളും ഒടിച്ചു കുത്താവുന്ന കമ്പുകളും മറ്റും അയല്‍പക്കക്കാര്‍ക്ക്‌ സമ്മാനിക്കണമെന്ന്‌ ടി.ആര്‍.എ അഭ്യര്‍ഥിച്ചിട്ടുള്ളതായി പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി വിനോദ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. അത്‌ ഒരു വാഴക്കന്നാകാം, മുരിങ്ങക്കമ്പാകാം, കോവല്‍ വള്ളിയാകാം. എല്ലാ വീട്ടിലും അടുക്കളത്തോട്ടമോ പൂന്തോട്ടമോ രൂപം കൊള്ളണമെന്ന ലക്ഷ്യമാണ്‌ ടി.ആര്‍.എയ്‌ക്കുള്ളത്‌. ജൂണ്‍ അഞ്ചിന്‌ ലോക പരിസ്ഥിതി ദിനത്തില്‍ മറ്റു സംഘടനകളുമായി സഹകരിച്ച്‌ മരങ്ങള്‍ നടും.

ടി.ആര്‍.എ `ഒരു ചെടി, ഒരു മരം' പദ്ധതിയുടെ ലോഗോയിലെ ചിത്രം െൈപ്രമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും കൊച്ചു ചിത്രകാരിയുമായ റീവ അന്ന മൈക്കിളാണ്‌ വരച്ചത്‌.