Breaking News

Trending right now:
Description
 
Jun 03, 2013

എയര്‍ ഇന്ത്യ കാലപ്പഴക്കംചെന്ന 19 എയര്‍ബസുകള്‍ പിന്‍വലിക്കും

image എയര്‍ ഇന്ത്യ രാജ്യാന്തര സെക്ടറുകളില്‍ സര്‍വീസ്‌ നടത്തുന്ന 19 എയര്‍ബസ്‌ എ - 320 വിമാനങ്ങള്‍ പിന്‍വലിക്കുന്നു. പകരം പുതുതായി വാങ്ങുന്ന 14 ബോയിംഗ്‌ 787 വിമാനങ്ങള്‍ ഉപയോഗിക്കും. എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ്‌ ഇവയെല്ലാം. പിന്‍വലിക്കുന്ന 19 എയര്‍ ബസുകള്‍ 20 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്‌. ഇവയ്‌ക്ക്‌ ഇന്ധനക്ഷമത കുറവാണ്‌. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയുള്ള മുതല്‍മുടക്കും ഏറെയാണ്‌. പിന്‍വലിക്കുന്ന എയര്‍ബസുകള്‍ ആഭ്യന്തര സര്‍വീസിനു വിട്ടുകൊടുക്കാനാണു നിര്‍ദേശിച്ചിട്ടുള്ളത്‌. പുതുതായി വാങ്ങുന്ന ബോയിംഗ്‌ 787 വിമാനങ്ങളില്‍ 264 ഇക്കണോമി - ബിസിനസ്‌ ക്ലാസ്‌ സീറ്റുകള്‍ ഉണ്ടായിരിക്കും. മെല്‍ബണ്‍, മാഞ്ചസ്റ്റര്‍, സിഡ്‌നി എന്നിവിടങ്ങളിലേക്കു നേരിട്ടു സര്‍വീസ്‌ നടത്താന്‍ ബോയിംഗ്‌ വിമാനങ്ങള്‍ ഉപയോഗിക്കും. നഷ്ടം കുറയ്‌ക്കല്‍ നടപടിയുടെ ഭാഗമായി 2012- 13 സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ ചെലവില്‍ 243 കോടി രൂപ ലാഭം ഉണ്ടാക്കിയിട്ടുണ്ട്‌. ഡല്‍ഹി, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, കോല്‍ക്കത്ത എന്നിവിടങ്ങളിലുള്ള സ്വത്തുക്കളുടെ വിപണനം വഴി എയര്‍ ഇന്ത്യ ആയിരം കോടി രൂപ അധിക വരുമാനവുമുണ്ടാക്കി. നിശ്ചിത സമയത്തു വിമാനങ്ങള്‍ നല്‌കാതിരുന്ന ബോയിംഗ്‌ കമ്പനിയില്‍നിന്നും വന്‍ തുക നഷ്ടപരിഹാരം പ്രതീക്ഷിക്കുന്നു. എയര്‍ ഇന്ത്യയ്‌ക്ക്‌ 2007 ഏപ്രില്‍ ഒന്നു മുതല്‍ 2012 മാര്‍ച്ച്‌ 31 വരെ സഞ്ചിത നഷ്ടം 28,000 കോടി രൂപയാണ്‌. ഈ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്‌ക്കു വേണ്ടി 30,000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു.