Breaking News

Trending right now:
Description
 
Oct 07, 2012

ബിഷപ്പുമാരുടെ ആഗോളസിനഡ്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

image നവസുവിശേഷവത്‌കരണത്തെക്കുറിച്ചു കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ പ്രതിനിധികളുടെ ആഗോള സിനഡ്‌ ഇന്നു വത്തിക്കാനില്‍ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്‌ഘാടനം ചെയ്യും. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനപ്രകാരം പോള്‍ ആറാമന്‍ മാര്‍പാപ്പ 1967ല്‍ തുടങ്ങിയ സിനഡ്‌ സമ്മേളനങ്ങളില്‍ പതിമൂന്നാമത്തേതാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ (262) പങ്കെടുക്കുന്ന സിനഡാണിത്‌. ഇവരില്‍ ആറു പാത്രിയര്‍ക്കീസുമാരും 50 കര്‍ദിനാള്‍മാരും 192 ബിഷപ്പുമാരും 14 വൈദികരുമുണ്ട്‌. ഇവര്‍ക്കാണു സിനഡില്‍ വോട്ടവകാശമുള്ളത്‌. ഇവര്‍ക്കു പുറമേ അല്‌മായരടങ്ങുന്ന 45 വിദഗ്‌ധരെയും 49 നിരീക്ഷകരെയും മാര്‍പാപ്പ നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്‌. 29 പേര്‍ സ്‌ത്രീകളാണ്‌. അകത്തോലിക്കാ സഭകളുടെ പ്രതിനിധികളും നിരീക്ഷകരായി സിനഡില്‍ പങ്കെടുക്കും. ആംഗ്ലിക്കന്‍ സഭാ അധ്യക്ഷന്‍ ഡോ. റൊവാന്‍ വില്യംസ്‌ 10ന്‌ സിനഡില്‍ പ്രസംഗിക്കും. ബോംബെ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, റാഞ്ചി ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ടെലസ്‌പോര്‍ ടോപ്പോ, മലങ്കര സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ, മദ്രാസ്‌-മൈലാപ്പൂര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. എം. ചിന്നപ്പ, ഗോവ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫിലിപ്പ്‌ നേരി ഫെറാവോ, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, കൊല്ലം ബിഷപ്‌ ഡോ. സ്‌റ്റാന്‍ലി റോമന്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ എന്നിവരാണ്‌ ഇന്ത്യയില്‍നിന്നുള്ള സിനഡ്‌ പ്രതിനിധികള്‍. റവ.ഡോ. തോമസ്‌ മാഞ്ഞാലി, സിസ്റ്റര്‍ ഡോ. രേഖ ചേന്നാട്ട്‌, മനോജ്‌ സണ്ണി തുടങ്ങിയ മലയാളികളടക്കം വിദഗ്‌ധരും നിരീക്ഷകരുമായി മറ്റേതാനും ഇന്ത്യക്കാരും സിനഡില്‍ സംബന്ധിക്കുന്നുണ്ട്‌.