Breaking News

Trending right now:
Description
 
Jun 02, 2013

ഗുഡ്‌ബൈ മോസ്‌ക്വിറ്റോസ്‌: ടി.ആര്‍.എ സംയോജിത കൊതുകു നിയന്ത്രണ പദ്ധതി നടപ്പിലാക്കും

image ആലപ്പുഴ: പട്ടണത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രോഗകാരണമായ കൊതുകുശല്യം നിയന്ത്രിക്കാന്‍ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍.എ) `ഗുഡ്‌ബൈ മോസ്‌ക്വിറ്റോസ്‌' സംയോജിത കൊതുകു നിയന്ത്രണ പദ്ധതി നടപ്പിലാക്കും. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആലപ്പുഴയ്‌ക്ക്‌ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള സത്‌പേരിനു കൊതുകുകള്‍ മൂലമുള്ള ഗുരുതര പകര്‍ച്ചവ്യാധി വ്യാപനം മൂലം കോട്ടം തട്ടുന്ന സാഹചര്യത്തിലാണ്‌ ബോധവത്‌കരണ-പ്രവര്‍ത്തന പദ്ധതിയുമായി ടി.ആര്‍.എ മുന്നിട്ടിറങ്ങുന്നത്‌.

തുടര്‍പദ്ധതിയുടെ ആരംഭമായി 2013 ജൂണ്‍ രണ്ടിന്‌ ഞായറാഴ്‌ച ടി.ആര്‍.എ അംഗഭവനങ്ങളില്‍ കൊതുകു നിര്‍മാര്‍ജന നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും കൂത്താടി നാശിനി നല്‌കുകയും ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍, സെക്രട്ടറി വിനോദ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു. വംശവര്‍ധന തടയാനായി കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ കാരണമാകുന്ന വെള്ളം കെട്ടിക്കിടക്കുന്ന ചെറു ഉറവിടങ്ങള്‍ പോലും കണ്ടെത്തി അവ ഒഴിവാക്കാനും സെപ്‌റ്റിക്‌ ടാങ്കുകളുടെ ബഹിര്‍ഗമന കുഴലുകള്‍ വലയിട്ടു മൂടാനും പ്രോത്സാഹിപ്പിക്കും. അടുത്ത കാലത്ത്‌ സ്ഥാപിക്കപ്പെട്ട ബയോഗ്യാസ്‌ പ്ലാന്റുകള്‍ കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നുണ്ടോ എന്ന്‌ ഗവേഷണം നടത്താനും ഉണ്ടെങ്കില്‍ പരിഹാരം നിര്‍ദേശിക്കാനും അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കഴിവതും പ്രകൃതിസൗഹാര്‍ദപരമായ മാര്‍ഗങ്ങളിലൂടെയും പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും കൊതുകു നിര്‍മാര്‍ജനം സാധ്യമാക്കുകയാണ്‌ ടി.ആര്‍.എയുടെ ലക്ഷ്യം. ജീവശാസ്‌ത്രപരമായ കൊതുകു നിയന്ത്രണം, കൊതുകുകളെ വികര്‍ഷിക്കുന്ന സസ്യങ്ങള്‍ നട്ടുവളര്‍ത്തല്‍, കൊതുകുകളെ ആകര്‍ഷിച്ചു നശിപ്പിക്കുന്ന കെണികളും ഉപകരണങ്ങളും, വീടുകള്‍ക്ക്‌ ആവശ്യമായ വിവിധതരങ്ങളിലുള്ള കൊതുകുവലകള്‍ തുടങ്ങിയവയ്‌ക്കു മുന്‍ഗണന നല്‌കിയായിരിക്കും സംയോജിത നിയന്ത്രണ പദ്ധതി.

കൊതുകുജന്യ മാരക രോഗങ്ങള്‍ വ്യാപകമായിട്ടും കൊതുകു നശീകരണ കാര്യത്തില്‍ മുനിസിപ്പാലിറ്റി വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നു പരക്കെ പരാതിയുണ്ട്‌. കൊതുകുകളെ തുരത്താനുള്ള മരുന്നു സ്‌പ്രേയിംഗോ ഫോഗിംഗോ കാര്യക്ഷമായി നടത്തുന്നില്ല. മഴക്കാലപൂര്‍വ ശുചീകരണവും കൊതുകു നശീകരണവും ഈ വര്‍ഷവും പ്രദേശത്ത്‌ നടത്തിയിട്ടില്ല. മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്‌ ഓരോ വാര്‍ഡിനും 25,000 രൂപ അനുവദിച്ചിട്ടുണ്ടെന്നു മാധ്യമങ്ങളില്‍ വന്‍തോതില്‍ സര്‍ക്കാര്‍ പരസ്യം ഉണ്ടായിരുന്നുവെങ്കിലും അത്‌ ഉപയോഗിച്ചതായി കാണുന്നില്ല.

മഴക്കാലത്ത്‌ പതിവുപോലെ പൊട്ടിപ്പുറപ്പെടാനിടയുള്ള വിവിധ രോഗങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന്‌ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി നടത്തേണ്ടതുണ്ട്‌. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭകള്‍ക്കു നല്‌കുന്ന തുക യഥാസമയം ഫലപ്രദമായി വിനിയോഗിക്കാതിരുന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നതാണ്‌.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ടു മുനിസിപ്പല്‍ സെക്രട്ടറിക്കു വളരെ നേരത്തേ കത്തു നല്‌കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. റോഡുവക്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യങ്ങള്‍ ഒഴിവാക്കണം, വഴിവക്കിലെ പൊന്തക്കാടുകള്‍ വെട്ടിനീക്കണം, വെള്ളമൊഴുകാനുള്ള ഓടയിലെ തടസ്സങ്ങള്‍ നീക്കണം, കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം, തെരുവു നായ്‌ക്കളേയും പൂച്ചകളേയും ഒഴിവാക്കണം, കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തണം,
പൊതു ടാപ്പുകളില്‍ കുടിവെള്ളം തുടര്‍ച്ചയായി ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ്‌ കത്തില്‍ ഉന്നയിച്ചിരുന്നത്‌. മുന്‍വര്‍ഷങ്ങളിലും ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതിന്റെ ദോഷഫലങ്ങള്‍ പട്ടണവാസികള്‍ അനുഭവിച്ചിട്ടുമുണ്ട്‌.