Breaking News

Trending right now:
Description
 
Oct 07, 2012

അന്റാര്‍ട്ടിക്കയ്‌ക്കു കുറുകെ ഫെലിസിറ്റി നടന്നുകയറിയത്‌ ലോകറിക്കോര്‍ഡിലേയ്‌ക്ക്‌

image ഒറ്റയ്‌ക്കു നടന്നുനടന്ന്‌ ലോകറിക്കാര്‍ഡിട്ട വനിതയാണ്‌ ബ്രിട്ടീഷുകാരി ഫെലിസിറ്റി ആസ്റ്റണ്‍. ഇതാണോ വലിയ കാര്യമെന്നു ചോദിക്കാന്‍ വരട്ടെ. അന്റാര്‍ട്ടിക്കയ്‌ക്കു കുറുകെ കൊടുമഞ്ഞിലൂടെ 59 ദിവസം തുടര്‍ച്ചയായി നടക്കുകയായിരുന്നു ഫെലിസിറ്റി. സൗത്ത്‌ പോളില്‍നിന്ന്‌ ഒടുങ്ങാത്തത്ര മഞ്ഞുമലകളും മരംകോച്ചുന്ന ശീതക്കാറ്റും വകവയ്‌ക്കാതെ ഫെലിസിറ്റി നടന്നുകൊണ്ടേയിരുന്നു. 1744 കിലോമീറ്റര്‍ ദൂരമാണ്‌ ഈ ബ്രിട്ടീഷ്‌ സാഹസികയാത്രക്കാരി മറികടന്നത്‌. സ്വന്തം കാലുകള്‍കൊണ്ട്‌ അന്റാര്‍ട്ടിട്ട കുറുകെ കടക്കുന്ന മനുഷ്യജീവിയെന്ന നേട്ടവും ഫെലിസിറ്റിക്കാണ്‌ സ്വന്തം. നേരത്തെ ഒരു സ്‌ത്രീയും പുരുഷനും ചേര്‍ന്ന്‌ അന്റാര്‍ട്ടിക്ക കുറുകെ കടന്നിരുന്നു. അവരെ സഹായിക്കാന്‍ പലവിധ ഉപകരണങ്ങളുണ്ടായിരുന്നു. മഞ്ഞോ കാറ്റോ കൂടുതല്‍ ദുരിതമായതെന്നു ചോദിക്കുമ്പോള്‍ ഫെലിസിറ്റി പറയുന്ന ഉത്തരം വേറൊന്നാണ്‌. ഏകാന്തതയായിരുന്നു ഏറ്റവും വലിയ പ്രതിബന്ധം. ആരോടും മിണ്ടാനില്ലാതെ ആരുമൊന്നും ചോദിക്കാനില്ലാതെ തുറന്ന ജയിലിലെ ഏകാന്തതടവുകാരിയെപ്പോലെ ഫെലിസിറ്റി ഒറ്റപ്പെട്ടുപോയി. മനസ്‌ വല്ലാതെ വിങ്ങിപ്പൊട്ടി. പൊതുവെ ഉറച്ചമനസുള്ള ഫെലിസിറ്റിയുടെ മനസ്‌ യാത്രയില്‍ പുതിയൊരു രൂപമെടുത്തു. തന്റെ ട്വീറ്റുകള്‍ വായിക്കുന്നവരെ ഓര്‍ത്ത്‌ ഫെലിസിറ്റി കരഞ്ഞു. ആരോടും സംസാരിക്കാനില്ലാതെ ഒറ്റയ്‌ക്കു നടക്കുമ്പോള്‍ മനസ്‌ വികാരവിക്ഷോഭത്തിലായി. അവസാന പോയിന്റായ മലനിരകള്‍ കണ്ടപ്പോള്‍ ഫെലിസിറ്റിയുടെ കണ്ണുതള്ളിപ്പോയി. സമയത്തിനെത്തില്ലെന്നായിരുന്നു അവസാനപാദത്തില്‍ ഉടനീളം ഫെലിസിറ്റി കരുതിയിരുന്നത്‌. ഉദ്ദേശിച്ചിരുന്നതിലും മൂന്നു ദിവസം നേരത്തെ എത്തിയതിന്റെ സന്തോഷത്തില്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു ഘട്ടത്തില്‍ ഫെലിസിറ്റി ശരിക്കും ഹതാശയായി. ലൈറ്റര്‍ പ്രവര്‍ത്തിക്കാതെ വന്നപ്പോഴായിരുന്നു അത്‌. സ്‌റ്റൗ കത്തിക്കാനോ മഞ്ഞുരുക്കി വെളളമാക്കാനോ ലൈറ്റര്‍ പ്രവര്‍ത്തിച്ചേ തീരു എന്നതോര്‍ത്തപ്പോള്‍ നടുങ്ങിപ്പോയി. രണ്ടു ബ്യൂട്ടേന്‍ ലൈറ്ററുകളും പ്രവര്‍ത്തിക്കാതായി. തണുപ്പില്‍ മരിച്ചുപോകുമെന്ന സ്ഥിതി. ചെറിയൊരു തീപ്പെട്ടിയുണ്ടായിരുന്നുവെന്നതായിരുന്നു ആശ്വാസം. ഉയരം കുറഞ്ഞ പ്രതലത്തില്‍ എത്തിയതോടെയാണ്‌ ബ്യൂട്ടേന്‍ ലൈറ്ററുകള്‍ പിന്നീട്‌ പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. മഞ്ഞില്‍ നടക്കുന്നവരുടെ പേടിസ്വപ്‌നമാണ്‌ ഹൈപ്പോതെര്‍മിയ. കൊടുംതണുപ്പില്‍ ശരീരത്തിന്റെ ധര്‍മ്മങ്ങള്‍ ഒന്നൊന്നായി മരവിച്ചുപോകുന്ന അവസ്ഥയാണിത്‌. തൊലി നീലിക്കും. ഹൃദയതാളം പതിയെയാവും ശ്വാസതടസം അനുഭവപ്പെടും. മനസിന്റെ താളം തെറ്റും. തലച്ചോറിന്റെ നിയന്ത്രണം തകിടം മറിയും. ശരീരത്തിലെ പുറംഭാഗങ്ങളിലേയ്‌ക്ക്‌ രക്തം ഇരമ്പിയെത്തും. ശരീരമാകെ ചൂടായതുപോലെയാകും അനുഭവപ്പെടുക. ഉടുത്തിരിക്കുന്നതൊക്കെ പറിച്ചെറിയാനുള്ള പ്രവണതയുണ്ടാകുന്നത്‌ അങ്ങനെയാണ്‌. അതോടെ ശരീരത്തിലുള്ള ചൂടുകൂടി നഷ്ടപ്പെടും. ഒപ്പമുള്ളവരാണ്‌ സാധാരണഗതിയില്‍ ഹൈപ്പോതെര്‍മിയ തിരിച്ചറിയുന്നത്‌. ഫെലിസിറ്റിയുടെ കാര്യത്തില്‍ ഇക്കാര്യം ആരുപറയും. ശരിക്കും ആസ്‌റ്റോണ്‍ തനിച്ചാണോയെന്നു ചോദിച്ചാല്‍ ഉത്തരം ആണെന്നും അല്ലെന്നും പറയാം. കാരണം ശാരീരികമായി ഫെലിസിറ്റി തനിച്ചാണ്‌. എന്നാല്‍ കൂട്ടിന്‌ സോഷ്യല്‍ സൈറ്റും, കാവലാളായി സൂര്യനുമുണ്ടായിരുന്നു. ആധുനികവാര്‍ത്താവിനിമയ സങ്കേതങ്ങളായിരുന്നു ഫെലിസിറ്റിക്കു കൂട്ടുണ്ടായിരുന്നത്‌. രണ്ട്‌ സാറ്റലൈറ്റ്‌ ഫോണുകള്‍ കരുതിയിരുന്നു. ട്വിറ്ററും ഫേയ്‌സ്‌ബുക്കും സമൃദ്ധമായി ഉപയോഗിച്ചു. ഒപ്പമുണ്ടായിരുന്ന ജിപിഎസ്‌ സംവിധാനം ഫെലിസിറ്റിയുടെ ലൊക്കേഷന്‍ എവിടെയെന്നു മറ്റുള്ളവര്‍ക്കു കണ്ടെത്താന്‍ എളുപ്പമാക്കി. സാധാരണ അന്റാര്‍ട്ടിക്ക കടക്കുന്നവര്‍ കൈറ്റുകളും സെയ്‌ലുകളും നായ്‌ക്കളെയും മറ്റും കൂട്ടത്തില്‍ കൂട്ടും. പക്ഷേ, ഫെലിസിറ്റിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായിരുന്നില്ല. വെറും അഞ്ചടി ആറിഞ്ച്‌ ഉയരമുള്ള സാധാരണക്കാരിയാണ്‌ ഫെലിസിറ്റി.