Breaking News

Trending right now:
Description
 
Jun 01, 2013

കുവൈറ്റില്‍ നാടുകടത്തല്‍ തുടരുന്നു; ജയിലില്‍കഴിയുന്ന വിദേശമലയാളികള്‍ ദുരിതത്തില്‍

image വീസ പ്രശ്‌നങ്ങളെത്തുടര്‍ന്നു പിടികൂടിയ ഇന്ത്യക്കാര്‍ അടക്കമുള്ളവരെ കുവൈറ്റ്‌ മടക്കി അയയ്‌ക്കുന്നു. ഇരുപതോളം മലയാളികളടക്കം നൂറുകണക്കിനു പേരാണ്‌ ഇന്നലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്‌. 25,000 ത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ കുവൈറ്റ്‌ ജയിലുകളിലുണ്ടെന്നു മടങ്ങിയെത്തിയവര്‍ പറയുന്നു. ആഹാരവും വെള്ളവും ലഭിക്കാതെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കുവേണ്ടി വിദേശകാര്യ മന്ത്രാലയ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നു മടങ്ങിയെത്തിയ മലയാളികള്‍ കുറ്റപ്പെടുത്തി. വീട്ടുജോലികളുമായി ബന്ധപ്പെട്ടുള്ള വീസകളുമായി എത്തിയവര്‍ മറ്റു പുറംജോലികള്‍ ചെയ്യുന്നതു പരിശോധിക്കുന്നതിനിടെയാണ്‌ ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ പിടിയിലായത്‌. പതിമ്മൂന്നും പതിനഞ്ചും വര്‍ഷമായി ജോലി ചെയ്യുന്നവരും ഒരു മാസം പോലുമാകാത്തവരും പിടിയിലായവരില്‍ പെടുന്നു. നൂറു പേര്‍ക്കു പോലും തങ്ങാനിടയില്ലാത്ത സെല്ലുകളില്‍ 450 ഓളം പേരെയാണു പാര്‍പ്പിച്ചിരുന്നതെന്നും ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിച്ചിരുന്നില്ലെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു. സൗദി അറേബ്യയിലെ ഫ്രീ വീസയുടെ മാതൃകയില്‍ ഖാദിം വീസയില്‍ ജോലി ചെയ്‌തിരുന്നവരാണ്‌ അറസ്റ്റിലായത്‌. മുന്നറിയിപ്പില്ലാതെയാണ്‌ കുവൈറ്റ്‌ തൊഴില്‍വകുപ്പ്‌ നടപടി ആരംഭിച്ചതെന്നും ഇവര്‍ ആരോപിച്ചു. കുവൈറ്റിലെ അബ്ബാസിയ, റിഗ്ഗ, ഷുവൈക്ക്‌, ഫാഹില്‍ എന്നിവിടങ്ങളില്‍ പണിയെടുത്തിരുന്നവരാണ്‌ അറസ്റ്റിലായത്‌. തൊഴില്‍വ കുപ്പ്‌ അപ്രതീക്ഷിതമായി അറസ്റ്റ്‌ ചെയ്‌ത ഞങ്ങളെ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ നാട്ടിലേക്കു കയറ്റിവിട്ടതാണെന്നു ചിലര്‍ പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയ മലയാളികള്‍ക്കു നാട്ടിലേക്കു മടങ്ങുന്നതുവരെ താമസിക്കാനുള്ള സൗകര്യവും യാത്രച്ചെലവും ടിക്കറ്റ്‌ എടുത്തു കൊടുക്കുന്നതിനുമുള്ള ക്രമീകരണങ്ങളും നോര്‍ക്ക റൂട്‌സ്‌ അധികൃതര്‍ സജ്ജമാക്കിയിരുന്നു.