Breaking News

Trending right now:
Description
 
May 31, 2013

കാന്‍സര്‍ രോഗം: സ്‌തനത്തിനു പകരം സിലിക്കന്‍ ഇംപ്ലാന്റ്‌

image കാന്‍സര്‍ ബാധിച്ചു മുറിച്ചുമാറ്റിയ സ്‌തനത്തിനു പകരം സ്‌തനം വച്ചുപിടിപ്പിക്കല്‍ ശസ്‌ത്രക്രിയ കൊച്ചി ചക്കരപ്പറമ്പ്‌ ബൈപാസ്‌ റോഡിലെ വിജയലക്ഷ്‌മി മെഡിക്കല്‍ സെന്ററില്‍ വിജയകരമായി നടത്തി. പ്രമുഖ കാന്‍സര്‍ സര്‍ജന്‍ ഡോ.ഷാജി കെ. ആയില്യത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ഇത്തരം ശസ്‌ത്രക്രിയ സംസ്ഥാനത്ത്‌ ആദ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ബാധിച്ച്‌ ഇടതു സ്‌തനം നീക്കം ചെയ്‌ത മുപ്പത്തൊന്നുകാരിയായ വീട്ടമ്മയ്‌ക്കു ചികിത്സയെല്ലാം പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനു ശേഷമാണു സ്‌തനം വച്ചുപിടിപ്പിച്ചതെന്നു ഡോക്ടര്‍ പറഞ്ഞു. മാറിടത്തിലെ ചര്‍മത്തിനകത്തു തന്നെയാണു സ്‌തനത്തിനു പകരമുള്ള സിലിക്കന്‍ ഇംപ്ലാന്റ്‌ ബെക്കര്‍ എക്‌സ്‌പാന്‍ഡര്‍ വച്ചുപിടിപ്പിച്ചത്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ അന്നു തന്നെ അവരെ വിട്ടയയ്‌ക്കുകയും ചെയ്‌തു. കാന്‍സര്‍ ചികിത്സയ്‌ക്കായി മാറിടത്തില്‍നിന്നു മസില്‍ പൂര്‍ണമായും നീക്കം ചെയ്‌തിട്ടുണ്ടോ എന്നു പരിശോധിച്ചശേഷമാണു ചികിത്സാരീതികള്‍ ക്രമീകരിക്കുന്നത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ 50,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണു ചെലവ്‌. ഇത്തരം സിലിക്കോണ്‍ ഇംപ്ലാന്റ്‌ ആജീവനാന്തം ശരീരത്തിനു ദൂഷ്യഫലമൊന്നും ഉണ്ടാക്കുന്നില്ലെന്ന്‌ ഡോ.ഷാജി അവകാശപ്പെട്ടു. ഇന്ത്യയില്‍ ഇതിനു മുമ്പു പൂന, ചെന്നൈ എന്നിവിടങ്ങളില്‍ ഇത്തരം ശസ്‌ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്‌.