Breaking News

Trending right now:
Description
 
May 26, 2013

വട്ടന്‍ പെട്ടെന്നു വില്ലനായി, കാലികളെ വിട്ട്‌ ഇപ്പോള്‍ ആക്രമിക്കുന്നത്‌ മനുഷ്യരെ

പരമ്പര 6
image വട്ടന്‍ എന്നു കേട്ടാല്‍ ആദ്യം തോന്നുക മനോദൈര്‍ബല്യമുള്ളവരെന്നാണ്‌. എന്നാല്‍, ഇടുക്കി ജില്ലയിലുള്ളവര്‍ വട്ടന്‍ എന്നു കേട്ടാല്‍ ഒന്നു ഭയക്കും. കുട്ടികളോട്‌ കളി നിര്‍ത്തി പെട്ടെന്ന്‌ വീട്ടില്‍ കയറാന്‍ പറയും. കേരളത്തിലെ മാറിയ പരിതസ്ഥിതിയില്‍ പെട്ടെന്നു വില്ലനായി മാറിയ ജീവിയാണ്‌ വട്ടന്‍. പണ്ടുകാലം മുതലേ കന്നുകാലികളുടെ ദേഹത്ത്‌ പറ്റിപ്പിടിച്ച്‌ ചോരയൂറ്റിക്കുടിക്കുന്നതാണ്‌ വട്ടന്റെ രീതി.

ചെറിയ ചെള്ളിന്റെ പരുവത്തില്‍ രോമങ്ങള്‍ക്കിടയില്‍കഴിയുകയും ചോരകുടിച്ച്‌ വീര്‍ത്ത്‌ വളരുകയും ചെയ്യും വട്ടന്‍. ഇതിനെ കാണുന്ന മാത്രയില്‍ കൈകൊണ്ട്‌ പെറുക്കിക്കളയുന്നതോടെ വട്ടന്റെ ശല്യം തീരുമായിരുന്നു. അതല്ലെങ്കില്‍, അഞ്ചോ ആറോ തുള്ളി വേപ്പെണ്ണ പുരട്ടിയാല്‍ കാലികളില്‍ പിന്നെ വട്ടന്‍ കാണില്ല.

എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വട്ടന്‍ മനുഷ്യര്‍ക്കു നേരെ തിരിഞ്ഞിരിക്കുന്നു. ഇടുക്കി ജില്ലയില്‍നിന്ന്‌ ഓരോ ദിവസവും വട്ടന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. കളിക്കളങ്ങളിലും കൃഷിയിടങ്ങളിലും എത്തിപ്പെടുന്നവരെയാണ്‌ വട്ടന്‍ ആക്രമിക്കുന്നത്‌. തൊലിയില്‍ പറ്റിപ്പിടിക്കുന്ന വട്ടന്‍ തൊലി തുരന്ന്‌ അകത്തുകയറും. അവിടെ രക്തം കുടിച്ച്‌ വീര്‍ക്കും. എന്തോ കടിച്ചു ചൊറിഞ്ഞു എന്നായിരിക്കും ആദ്യം തോന്നുക. അതുകൊണ്ടുതന്നെ വട്ടന്‍ കടിച്ചതാണെന്ന്‌ ആരുമറിയില്ല. കണ്‍പോളയിലും ചെവിയിലും മറ്റും വട്ടന്‍ കടിച്ച്‌ ആകെ പ്രശ്‌നത്തിലായവര്‍ ആശുപത്രിയിലെത്തുമ്പോഴാണ്‌ വട്ടന്‍ കടിച്ചതാണെന്നു മനസിലാക്കുക. ഓപ്പറേഷന്‍ നടത്തി വട്ടനെ പുറത്തുകളയേണ്ട സ്ഥിതി വരെയുണ്ടായിട്ടുണ്ട്‌.

തേയിലത്തോട്ടങ്ങളോടു ചേര്‍ന്നുള്ള ഷട്ടില്‍ കോര്‍ട്ടുകളിലും മറ്റു കളിക്കുന്ന കുട്ടികളെ വട്ടന്‍ ആക്രമിക്കുന്നതായി വ്യാപകമായ റിപ്പോര്‍ട്ടുണ്ട്‌. കൃഷിയിടങ്ങളില്‍ ഇറങ്ങി നടക്കുന്നവരെയും വട്ടന്‍ വെറുതെ വിടുന്നില്ല.


വട്ടന്‍ പെട്ടെന്നു വില്ലനായതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്‌. കേരളത്തില്‍ വട്ടന്‍ ഇത്രയധികം പെരുകിയതിനു കാരണമെന്താണ്‌? വട്ടനെ നിയന്ത്രിക്കുന്നതിന്‌ എന്തു ചെയ്യണം? വട്ടന്‍ കടിക്കുന്നതുമൂലം എന്തൊക്കെ രോഗങ്ങള്‍ പകരാന്‍ കാരണമാകും? വട്ടന്റെ കടിയേറ്റാല്‍ മരണം സംഭവിക്കുമോ? ചോദ്യങ്ങള്‍ നിരവധിയാണെങ്കിലും ഒന്നിനും ഉത്തരമില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പ്‌ അധികൃതരോ ഇക്കാര്യം ഗൗരവമായി പഠിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല.

ടിക്‌, കാറ്റില്‍ ടിക്‌ എന്നൊക്കെ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന വട്ടന്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. കന്നുകാലികളെ വ്യാപകമായി വളര്‍ത്തുന്നിടത്ത്‌ വേനല്‍ക്കാലങ്ങളില്‍ വട്ടന്‍ മനുഷ്യരെ ആക്രമിക്കുകയും അസഹനീയമായ ചൊറിച്ചിലും ത്വക്‌ രോഗങ്ങളും പരത്തുകയും ചെയ്‌തിരുന്നു. വേനല്‍ക്കാലത്ത്‌ കൃഷിയിടങ്ങളിലും ഗ്രാമങ്ങളിലും മറ്റും അവധിയാഘോഷിക്കാനെത്തുന്നവര്‍ക്കു നേരെയാണ്‌ വട്ടന്‍ തിരിഞ്ഞത്‌. ഇതിനെതിരേ വേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന്‌ അവിടെ കൃത്യമായ ബോധവത്‌കരണം നടക്കുന്നുണ്ട്‌. ഇതിനായി ബ്രോഷറുകളും മറ്റും വ്യാപകമായി വിതരണം ചെയ്യുന്നു.


വട്ടനെ നിയന്ത്രിക്കാനും രോഗങ്ങള്‍ തടയാനും നടപടിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ കേരളത്തില്‍ അത്‌ വലിയ പരിസ്ഥിതി പ്രശ്‌നമായി വളര്‍ന്നേക്കാം. ഹൈറേഞ്ചുകളിലെ ടൂറിസം കേന്ദ്രങ്ങളില്‍ വട്ടന്‍ പെരുകിയാല്‍ അത്‌ ടൂറിസം വരുമാനത്തെ തന്നെ ബാധിച്ചെന്നുവരും. തേയിലത്തോട്ടങ്ങളിലെയും മറ്റു കൃഷിയിടങ്ങളിലെയും മരുന്നുതളിയെ അതിജീവിച്ച്‌ ജനിതകപരിവര്‍ത്തനം വരുത്തിയ വട്ടന്‍ പെരുകിയാല്‍ അതിനെ നിയന്ത്രിക്കുന്നതുതന്നെ പ്രയാസമായേക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങളില്‍ അടിയന്തരമായി ശ്രദ്ധചെലുത്തേണ്ടത്‌ ആവശ്യമാണ്‌.

(പരമ്പര തുടരും)