Breaking News

Trending right now:
Description
 
May 25, 2013

വലിയ മെത്രാപ്പോലീത്താ എപ്പിസ്‌കോപ്പല്‍ വജ്രജൂബിലി ആഘോഷം

image ക്രൈസ്‌തവ സഭകളില്‍ ഏറ്റവും കൂടുതല്‍കാലം മെത്രാന്‍പദവിയില്‍ ഇരുന്നയാളെന്ന ബഹുമതിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത പിന്നിട്ടിരിക്കുന്നു. മാര്‍ത്തോമ്മാ സഭയിലെ മെത്രാനായ അദ്ദേഹം ഈ സ്ഥാനത്തെത്തിയിട്ടു ആറു പതിറ്റാണ്ടു പിന്നിട്ടു. മെത്രാന്‍ സ്ഥാന വജ്രജൂബിലി ആഘോഷം സഭയുടെ ചുമതലയില്‍ ഇന്നു തിരുവല്ലയില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30ന്‌ വിശിഷ്ടാതിഥികളെ തിരുവല്ല പൂലാത്തീനില്‍ നിന്ന്‌ സമ്മേളനവേദിയായ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്‌മാരക ഓഡിറ്റോറിയത്തിലേക്ക്‌ ആനയിക്കും. 60 സണ്ടേസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നല്‌കുന്ന പുഷ്‌പങ്ങള്‍ സ്വീകരിച്ചു വലിയ മെത്രാപ്പോലീത്ത ഹാളിലേക്കു പ്രവേശിക്കും. തുടര്‍ന്നു സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സേക്രഡ്‌ മ്യൂസിക്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ 60 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭയുടെ സിനഡ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ ഗോവിന്ദന്‍ നായര്‍, ആന്റോ ആന്റണി എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. വൈദിക ട്രസ്റ്റി റവ. വി.റ്റി. ജോണ്‍ സഭയുടെ ഉപഹാരം വലിയ മെത്രാപ്പോലീത്തയ്‌ക്കു സമര്‍പ്പിക്കും.