Breaking News

Trending right now:
Description
 
May 24, 2013

സ്വകാര്യ ആശുപത്രികളില്‍ പുരുഷ നഴ്‌സുമാര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തണമെന്ന്‌ യുഎന്‍എ സംസ്ഥാന കമ്മിറ്റി

യുഎന്‍എ സംസ്ഥാന കമ്മിറ്റി സെക്രട്ടറി സുധീപ്‌ കൃഷ്‌ണന്‍
image തൃശൂര്‍ : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പുരുഷ നഴ്‌സുമാര്‍ക്ക്‌ 35 ശതമാനം സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിവര്‍ഷം സംസ്ഥാനത്തും അന്യസംസ്ഥാനങ്ങളിലുമായി ഇരുപതിനായിരത്തോളം പേരാണ്‌ നഴ്‌സിങ്‌ പഠനം പൂര്‍ത്തിയാക്കുന്നത്‌. ഇതില്‍ ഇരുപത്‌ ശതമാനത്തോളം ആണ്‍കുട്ടികളാണ്‌. എന്നാല്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പുരുഷ നഴ്‌സുമാര്‍ക്ക്‌ അപ്രഖ്യാപിത വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. നഴ്‌സിങ്‌ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ യുഎന്‍എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ കേന്ദ്ര സംസ്ഥാന തൊഴില്‍ വകുപ്പ്‌ മന്ത്രിമാര്‍ക്ക്‌ നിവേദനം നല്‍കും, തുടര്‍സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും. 

നഴ്‌സിങ്‌ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്‌പയുടെ പേരില്‍ പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന പീഡനം അവസാനിപ്പിക്കണണം, പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്‌പ എഴുതി തളളാന്‍ സര്‍ക്കാര്‍ തയ്യാറാകണം, ജനറല്‍ നഴ്‌സിങിന്‌ പിഎസ്‌ സി ഏര്‍പ്പെടുത്തിയ നിയമന നിരോധനം പിന്‍വലിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാനതലത്തില്‍ പ്രക്ഷോഭം നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 

രോഗികളുടെ ജീവന്‍ പന്താടികൊണ്ട്‌ നഴ്‌സിങ്‌ വിദ്യാര്‍ത്ഥികളെ നിയമവിരുദ്ധമായി നഴ്‌സിങ്‌ ജോലി ചെയ്യിക്കുന്ന ആശുപത്രികള്‍ക്കെതിരെ ആരോഗ്യ വകുപ്പ്‌ നടപടി എടുക്കണം. 

ബലരാമന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പഠിക്കാനും നടപ്പാക്കാനും മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം യുഎന്‍എ സ്വാഗതം ചെയ്‌തു. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കാന്‍ ചില സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നടത്തുന്ന നീക്കത്തെ എന്തുവില കൊടുത്തും ചെറുത്തുതോല്‍പ്പിക്കും. പുതുക്കിയ ശമ്പളം നല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും യുഎന്‍എ സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ്‌ നല്‍കി. 

തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന പ്രസിണ്ടന്റ്‌ ജാസ്‌മിന്‍ഷാ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുധീപ്‌ കൃഷ്‌ണന്‍, ജിഷ ജോര്‍ജ്ജ്‌, റൈവി വര്‍ഗീസ്‌, സുധീപ്‌ എം വി, സുജനപാല്‍ അച്യുതന്‍, സിബി മുകേഷ്‌, ശ്രീകുമാര്‍, പി രശ്‌മി, ബെല്‍ജോ ഏലിയാസ്‌ എന്നിവര്‍ സംസാരിച്ചു.