Breaking News

Trending right now:
Description
 
May 24, 2013

കുഞ്ചാക്കോ ജോണിന്റെ ജീവനെടുത്തതും മുപ്ലി വണ്ടുകള്‍, തലനാട്‌ പഞ്ചായത്തിന്‌ ഉറക്കംകെട്ടു

പരമ്പര - 5
image


തലനാട്‌ പഞ്ചായത്തിലെ വൈസ്‌ പ്രസിഡന്റായ ജോണിന്റെ മകന്‍ കുഞ്ചാക്കോ ജോണ്‍ എന്ന പതിനഞ്ചുകാരന്റെ മരണത്തിന്‌ കാരണക്കാര്‍ മുപ്ലി വണ്ടുകളാണെന്ന്‌ നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം പറയുമ്പോള്‍ അതിലെ പാരിസ്ഥിതിക പ്രശ്‌നം നമ്മെ അമ്പരപ്പിക്കുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ മറ്റൊരാളോടൊപ്പം വരുകയായിരുന്നു ജോണ്‍. ബൈക്ക്‌ ഓടിച്ചിരുന്നയാളുടെ കണ്ണിലേയക്ക്‌ കൂട്ടത്തോടെയാണ്‌ മുപ്ലി വണ്ടുകള്‍ പറന്ന്‌ കയറിയത്‌. ബൈക്ക്‌ അപകടത്തില്‍ പെടുകയും ചെയ്‌തു. തലയിടിച്ച്‌ വീണ കുട്ടിയുടെ മരണം ഒരു ഗ്രാമത്തെ മുഴുവന്‍ രോഷാകുലരാക്കിയിരിക്കുകയാണ്‌.

കോട്ടയം ജില്ലയിലെ പലഭാഗങ്ങളിലും മുപ്ലി വണ്ടുകള്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമായിരിക്കുകയാണ്‌. ഈരാറ്റുപേട്ടയ്‌ക്ക്‌ സമീപമുള്ള തലനാട്‌ ഗ്രാമനിവാസികളാണ്‌ മുപ്ലി വണ്ടുകളെ കൊണ്ട്‌ പൊറുതി മുട്ടിയിരിക്കുന്നത്‌. ഭക്ഷണം കഴിക്കാന്‍ പോലും സാധ്യമാകാത്ത വിധത്തില്‍ വണ്ടുകള്‍ കൂട്ടത്തോടെയാണ്‌ വീടുകളിലേയ്‌ക്ക്‌ പറന്ന്‌ കയറുന്നത്‌. കൊച്ചുകുട്ടികളും പ്രായമായവരുമാണ്‌ ഇവരുടെ പ്രധാന ഇരകള്‍.

ജീവനുള്ള പിശാചുകള്‍ എന്നറിയപ്പെടുന്ന മുപ്ലി വണ്ടുകള്‍ പല പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. മുപ്ലിയം എന്ന സ്ഥലത്താണ്‌ ഇവ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ അതിനാലാണ്‌ ഇവ മുപ്ലി വണ്ടായി അറിയപ്പെടുന്നത്‌. ലുപ്രോപ്‌സ്‌ ട്രിപ്പീസ്‌ എന്ന ശാസ്‌ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ വണ്ടുകള്‍ മനുഷ്യ ജീവിതത്തെ തന്നെ ദുസഹമാക്കുന്നു.

മഴ ുടങ്ങുന്നതിന്‌ മുമ്പായി വീടുകളിലും മറ്റും കയറിപ്പറ്റുന്ന ഇവ തട്ടിന്‍പുറത്തും കതകിനു പിറകിലും വിടവുകളിലുമെല്ലാമായി നിറയും. ലക്ഷക്കണക്കിനു വണ്ടുകളാണ്‌ ഇങ്ങനെ വീടുകളില്‍ കയറിപ്പറ്റുന്നത്‌. ചില കണക്കുകളില്‍ ഒരു വീട്ടില്‍നിന്ന്‌ 45 ലക്ഷം വണ്ടുകളെവരെ കണ്ടെത്തിയിട്ടുണ്ട്‌. ഇവ പുറപ്പെടുവിക്കുന്ന ഫീനോളിക്‌ ദ്രവം മനുഷ്യരില്‍ ചൊറിച്ചിലുണ്ടാക്കും. അതിനപ്പുറം ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവിധം
മുപ്ലി വണ്ടുകള്‍ വ്യാപകമാകുമ്പോള്‍ എങ്ങനെ നേരിടണമെന്ന്‌ അറിയാതെ ആരോഗ്യ വകുപ്പ്‌ കൈമലര്‍ത്തുന്നു.

കാരണം എന്തെങ്കിലും വഴി അറിയാമായിരുന്നുവെങ്കില്‍ തലനാട്ടിലെ പിഎച്ച്‌സിയിലെ വണ്ടുകളെയെങ്കിലും തുരത്താമായിരുന്നുവെന്നാണ്‌ പിഎച്ച്‌ സിയിലെ ഡോക്ടര്‍ പറയുന്നത്‌. ആശുപത്രി വണ്ടിന്റെ പിടിയിലാണ്‌. നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ വണ്ടിന്റെ കടിയേറ്റ്‌ പൊള്ളലേറ്റതായി പറയുന്നു. വണ്ടിരിക്കുന്ന ഭാഗത്ത്‌ അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടുന്നു.

മുപ്ലി വണ്ടിന്റെ കടിയേറ്റ്‌ ശരീരത്തില്‍ പലര്‍ക്കും പൊള്ളലേല്‍ക്കുകയും തൊലിപ്പുറത്ത്‌ അലര്‍ജി വ്യാപകമാകുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം വണ്ടിന്റെ ആക്രമണം രൂക്ഷമാണ്‌. എണ്ണവും വര്‍ധിച്ചിരിക്കുന്നു. തട്ടിന്‍ പുറമുള്ള വീടുകളിലാണ്‌ വണ്ടിന്റെ ആക്രമണം കൂടുതല്‍. കണ്ണിലും ചെവിയിലുമാണ്‌ വണ്ടുകള്‍ പ്രവേശിക്കുന്നത്‌. സാധാരണ ഒരു ഈച്ചയുടെ വലുപ്പമുള്ള ഈ വണ്ടുകള്‍ തമിഴ്‌നാട്ടിലെ കോഴിവളത്തിലൂടെയാണ്‌ കേരളത്തില്‍ വ്യാപകമായത്‌. റബറിന്‌ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണ്‌ ഈ വളം. ഓടുവണ്ടുകള്‍ എന്നും അറിയപ്പെടുന്ന ഇത്തരം വണ്ടുകള്‍ ഏപ്രില്‍ മാസത്തിലാണ്‌ വീടുകളില്‍ കാണുക. മഴ ശക്തിയാര്‍ജിക്കുന്നതോടെ അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വണ്ടിന്റെ ശല്യം കൂടുതലാണ്‌. (പരമ്പര തുടരും)