Breaking News

Trending right now:
Description
 
May 24, 2013

പുതുതലമുറയുടെ സ്‌പന്ദനങ്ങളറിയാന്‍ പാരഡോക്‌സ്‌ പാനലുമായി ടൈറ്റന്‍ ഇന്‍ഡസ്‌ട്രീസ്‌

image

21-35 പ്രായത്തിനിടയിലുള്ള മില്ലെനിയല്‍ ജനറേഷന്റെ ഉള്‍ത്തുടിപ്പുകളറിയാനും അവരുമായി സംവദിക്കാനും പാരഡോക്‌സ്‌ പാനല്‍ എന്ന ഡിസ്‌കഷന്‍ ഫോറമൊരുക്കുന്നു മുന്‍നിര ടാറ്റാ ഗ്രൂപ്പ്‌ സ്ഥാപനമായ ടൈറ്റാന്‍ ഇന്‍ഡസ്‌ട്രീസ്‌. പാരഡോക്‌സ്‌ പാനലിന്റെ ആദ്യ ധവള പത്രം- മില്ലെനിയല്‍ പാരഡോക്‌സ്‌ ആന്റ്‌ ദ ഏജ്‌ ഓഫ്‌ കളക്‌ടീവ്‌ ഇന്‍ഡിവിജ്വലിസം- കമ്പനി ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കി.

ടൈറ്റാന്‍ ഇന്‍ഡസ്‌ട്രീസിന്റെ 25-ാമത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ സ്ഥാപിച്ച ഡിസ്‌കഷന്‍ ഫോറം ഉപഭോക്തൃസ്വഭാവം, കുടുംബം, ബന്ധങ്ങള്‍, പ്രൊഫഷണല്‍ ജീവിതം, വിനോദം തുടങ്ങിയ മേഖലകളില്‍ പുതിയ തലമുറ എങ്ങിനെയെല്ലാമാണ്‌ മാറിയത്‌ എന്ന്‌ അന്വേഷിക്കുന്നു. ഫോറത്തിലെ കണ്ടെത്തലുകള്‍ പാദ വാര്‍ഷിക പ്രസിദ്ധീകരണങ്ങളായി കമ്പനി പുറത്തിറക്കും.

പുതുതലമുറയിലാകെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളാണ്‌ പാരഡോക്‌സ്‌ പാനലിന്റെ അമരത്ത്‌. എംടിവി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ ആദിത്യ സ്വാമി, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ ഡോ: ബിനോ പോള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്‌നോളജിയിലെ അസോസിയേറ്റസ്‌ പ്രൊഫസര്‍ കൗസ്‌തവ്‌ സെന്‍ഗുപ്‌ത, റീഡിഫ്യൂഷന്‍ ഇന്ത്യയുടെ വൈസ്‌ ചെയര്‍മാനും ക്രിയേറ്റീവ്‌ ഡയറക്‌ടറുമായ സാം അഹമ്മദ്‌ എന്നിവരാണ്‌ പാരഡോക്‌സ്‌ പാനലിലെ പാനലിസ്റ്റുകള്‍.

വ്യക്തിപരമായ താല്‍പര്യങ്ങളും, ആത്മപ്രകാശന തല്‍പരതയും സ്വന്തം അഭിപ്രായങ്ങളുമൊക്കെ നിലനിര്‍ത്തുമ്പോള്‍ തന്നെ തൊഴില്‍പരമായും വ്യക്തിപരമായും ഏതെങ്കിലും കമ്യൂണിറ്റികളുടെ ഭാഗമാകാനുള്ള പുതു തലമുറയുടെ താല്‍പര്യമാണ്‌ പാരഡോക്‌സ്‌ പാനലിന്റെ പ്രഥമ റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യുന്നത്‌. കൂടുതല്‍ വിപുലമായ വിശകലനങ്ങളും കണ്ടെത്തലുകളും തുടര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകളില്‍ പ്രതീക്ഷിക്കാം.