Breaking News

Trending right now:
Description
 
May 23, 2013

മരംകൊത്തിയെ പോലും കാണാനില്ല, പരലും വാകയും നാടുനീങ്ങുന്നു

പരമ്പര - 4
image കേരളത്തില്‍ സര്‍വസാധാരണമായിരുന്ന എത്രയിനം പക്ഷികളെയാണ്‌ ഇന്ന്‌ കാണാതായിരിക്കുന്നത്‌. വിളനിറഞ്ഞു കിടക്കുന്ന വയലുകളില്‍നിന്ന്‌ കതിരു കൊത്തിപ്പറക്കുന്ന തത്തകള്‍തന്നെ എത്രയിനമുണ്ടായിരുന്നു. പഞ്ചവര്‍ണക്കിളിയും പച്ചത്തത്തയും വേലിത്തത്തയുമെല്ലാം ഇന്ന്‌ നാടുനീങ്ങിയ പരുവത്തിലാണ്‌. 

ഒരു മരംകൊത്തിയെ കണ്ടിട്ടുണ്ടോയെന്ന്‌ കൊച്ചുകുട്ടികളോട്‌ ചോദിച്ചുനോക്കൂ. ഓലേഞ്ഞാലിയും ഉപ്പനും കരിയിലപ്പക്കിയും തേന്‍കുരുവികളുമൊക്കെ കേരളത്തിന്‌ അന്യമാകുന്ന കാഴ്‌ചകളാകുകയാണ്‌. തെങ്ങോലകളിലെ പുഴുക്കളെ അരിച്ചുപെറുക്കി തിന്നിരുന്നവയാണ്‌ ഓലേഞ്ഞാലി. തെങ്ങിന്‍തടികളിലെ കീടങ്ങളെ കൊത്തിയകത്താക്കിയിരുന്നവയാണ്‌ മരംകൊത്തികള്‍. ഒപ്പം മറ്റു കിളികള്‍ക്ക്‌ കൂടൊരുക്കാന്‍ മാളങ്ങളും തീര്‍ത്തു. 

വെണ്‍കൊറ്റികള്‍ പോലും ചപ്പുകൂനകളില്‍ തീറ്റതേടുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍. വയല്‍വരമ്പുകളില്‍ ആവശ്യമുള്ള തീറ്റ കിട്ടാതെ വരുമ്പോള്‍ സന്യാസിക്കൊക്കുകളും കാലിമുണ്ടികളും കുളക്കൊക്കുകളും പൊന്‍മാനുകളുമൊക്കെ മുനിസിപ്പല്‍ വെയ്‌സ്റ്റ്‌ കൂനയിലെത്തുന്നു. 

എലികളെ മൂങ്ങകളും പാമ്പുകളും പാമ്പുകളെ പരുന്തും പുള്ളും തിന്നുതീര്‍ക്കുമെന്ന്‌ പഴമക്കാര്‍ക്കറിയാമായിരുന്നു. ഇന്ന്‌ മൂങ്ങകള്‍ കാണാക്കാഴ്‌ചയാണ്‌. എലികളുടെ അന്തകനായിരുന്ന വെള്ളിമൂങ്ങകള്‍ വംശനാശത്തിന്റെ വക്കിലും. മന്ത്രവാദികളാണ്‌ ഇപ്പോള്‍ വെള്ളിമൂങ്ങകളുടെ കൈകാര്യക്കാര്‍. തിരുവനന്തപുരം നഗരത്തിലൊഴികെ കേരളത്തില്‍ മിക്കയിടങ്ങളിലും പരുന്തുകളെപ്പോലും കാണാനില്ല. അമിതമായ കീടനാശിനി പ്രയോഗമാണ്‌ പല പക്ഷികളെയും ഇല്ലാതാക്കിയതെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. കീടനാശിനി ഉള്ളില്‍ച്ചെല്ലുന്ന പരുന്തുകള്‍ ഇടുന്ന മുട്ടയുടെ തോടിന്‌ കട്ടിയുണ്ടാവില്ലത്രേ. അതുകൊണ്ടുതന്നെ തോല്‍മുട്ടകള്‍ വിരിയാതെ പൊട്ടിപ്പോകും. വംശം കുറ്റിയറ്റു പോകും. മറ്റു പക്ഷികളുടെ കാര്യത്തിലും ഇതുതന്നെയാവും സ്ഥിതി. 

തട്ടേക്കാട്‌ പക്ഷിസങ്കേതത്തില്‍നിന്നു മാത്രം 320 ഇനം പക്ഷികളെയാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇവയില്‍ മിക്കവയും നമ്മുടെ നാട്ടില്‍ പുറങ്ങളിലും സമൃദ്ധമായുണ്ടായിരുന്നവയാണ്‌. ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ ഇവയെ അനുകൂല സാഹചര്യങ്ങള്‍ തേടിയലയാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ്‌്‌ ഹിമാലയന്‍ കഴുകന്മാരെ ഇങ്ങുതാഴെ കര്‍ണാടകത്തിലും കടല്‍ ആളകളെ തേക്കടിയിലുമൊക്കെ കണ്ടെത്തുന്നത്‌. അത്യപൂര്‍വമെന്നു കണ്ടെത്തിയ നമ്മുടെ സ്വന്തം പക്ഷിയാണ്‌ മലബാര്‍ ഹോണ്‍ബില്‍ എന്ന മലമുഴക്കി വേഴാമ്പല്‍. അതിമനോഹരമായ രൂപവും വര്‍ണവൈവിധ്യവും വലിപ്പവും വിശിഷ്ടമായ ജീവിതരീതികളുമുള്ള ഇവയുടെ വംശത്തിനു ഭീഷണിയാകുന്നത്‌ കാട്ടിറച്ചി ചുട്ടുതിന്നാന്‍ ആര്‍ത്തി പൂണ്ടുനടക്കുന്നവരാണത്ര. രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ ഇറച്ചിപ്പരുവത്തില്‍ പിടിച്ചെടുത്താല്‍ മൂന്നാലു കിലോ ഇറച്ചിയുണ്ടാകുമെന്നതിന്റെ പേരില്‍ കാട്ടുവാസികള്‍ വന്‍മരങ്ങളിലെ കൂടുകള്‍ തപ്പിനടക്കുന്നുവെന്നത്‌ വനംവകുപ്പുകാര്‍ക്കു പോലും തലവേദനയാണ്‌. 

അന്തരീക്ഷത്തിലെ ചൂട്‌ കൂടുന്നതുമൂലമുള്ള പ്രത്യാഘാതങ്ങള്‍ നമുക്കു പ്രവചിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്‌. ആഗോളതാപനം വഴി മഞ്ഞുരുകുമെന്നും കടല്‍നിരപ്പ്‌ ഒന്നോ രണ്ടോ അടി ഉയരുമെന്നും അപ്പോഴും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ പ്രശ്‌നമില്ലെന്നുമുള്ള മട്ടിലാണ്‌ പലരും ധരിച്ചുവച്ചിരിക്കുന്നത്‌. ഇതിനപ്പുറം ചൂട്‌ കൂടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര ദൂരവ്യാപകമാണെന്നോ? കുറെ നാള്‍ മുമ്പ്‌ കടലാമകളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയനുസരിച്ച്‌ പതിനായിരക്കണക്കിന്‌ കടലാമ മുട്ടകള്‍ ശേഖരിച്ച്‌ മണലില്‍ കുഴിച്ച്‌ സംരംക്ഷണം നല്‌കി വിരിയിച്ചെടുത്തു. ഇവയെയെല്ലാം വളര്‍ത്തി കടലില്‍ നിക്ഷേപിച്ചു. ഇവയുടെ വളര്‍ച്ചയും സഞ്ചാരവുമെല്ലാം ശാസ്‌ത്രജ്ഞന്മാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വളര്‍ച്ചയെത്തി 30-40 കിലോ തൂക്കംവച്ച ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങി. കൈയും കാലും നഷ്ടപ്പെട്ട്‌ നിരവധി പരിക്കുകളോടെയായിരുന്നു ആമകളുടെ ശവശരീരങ്ങള്‍ കരയ്‌ക്കടിഞ്ഞത്‌. ഇത്‌ ഏതോ രോഗമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, സൂക്ഷ്‌മമായ പഠനത്തില്‍ കൃത്രിമമായി വിരിയിച്ചിറക്കിയവയെല്ലാം ആണ്‍ ആമകളാണെന്നു കണ്ടെത്തി. പ്രത്യേക ഊഷ്‌മാവില്‍ വിരിയുന്ന മുട്ടകളെല്ലാം ആണ്‍ ആമകളായി മാറുകയായിരുന്നു. ഇവ പ്രായപൂര്‍ത്തിയെത്തി പരസ്‌പരം കടിച്ചുകീറിയതായിരുന്നു കൂട്ടമരണത്തിനു കാരണം. അന്തരീക്ഷ താപനിലയിലുള്ള വ്യതിയാനം ആണ്‍-പെണ്‍ അനുപാതത്തെത്തന്നെ മാറ്റിമറിക്കാനും അതുവഴി ഈ ഭൂമിയുടെ സന്തുലനംതന്നെ തലകീഴായി മാറ്റാനും കഴിയുമെന്നത്‌ നാം ഓര്‍ത്തിരിക്കണം. 

എത്രയിനം മീനുകള്‍ തുള്ളിക്കളിച്ചിരുന്നതാണ്‌ നമ്മുടെ തോടുകള്‍. ഇന്ന്‌ അവയുടെ വൈവിധ്യമാകെ നശിച്ചു പോയി. 175 വിവിധതരം മീനുകളെ കേരളത്തില്‍നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവയില്‍ ചിലതെങ്കിലും ചില നദികളിലെ ചില സ്ഥലങ്ങളില്‍ മാത്രമായി കാണുന്നവയാണ്‌. പലയിനങ്ങളെയും കണ്ടുകിട്ടാനില്ല. വരാലും ചേറുമീനും ആറ്റുവാളയും വാകയും മുഷിയും ചെമ്പല്ലിയും കുറുവയും മഞ്ഞക്കൂരിയും വെള്ളക്കൂരിയും പള്ളത്തിയും കണമ്പും കോലായും മനഞ്ഞിലും വിവിധയിനം പരലുകളും ഇന്ന്‌ കാണാന്‍ തന്നെയില്ല. പണ്ട്‌ മഴക്കൊപ്പം ഊത്ത കയറുന്നത്‌ നാടിന്‌ ആഘോഷമായിരുന്നു. മീനും പതിനായിരക്കണക്കിന്‌ മീന്‍കുഞ്ഞുങ്ങളും ഒഴുക്കുവെള്ളത്തില്‍ നിറഞ്ഞുതുള്ളും. ഇന്ന്‌ ഊത്തകയറാന്‍ വയലുകളോ അവിടേയ്‌ക്ക്‌ ഒഴുക്കോ ഇല്ല. 

കേരളത്തിലെ പ്രധാന പുഴകളിലെ മീനുകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. നെയ്യാറിലും അച്ചന്‍കോവിലിലും പമ്പയിലും പാമ്പാറിലും പെരിയാറിലും ചാലക്കുടിപ്പുഴയിലും ഭാരതപ്പുഴയിലും ചാലിയാറിലും കബനിയിലും ചന്ദ്രഗിരിയിലും ഇന്ന്‌ പല മീനുകളെയും കാണാന്‍ തന്നെയില്ല. 

മീനുകള്‍ മുട്ടിയിടുന്ന കാലത്തെ ഊത്തപിടുത്തവും ഹൈറേഞ്ചുകളില്‍ തോട്ടയിട്ടും നഞ്ചുകലക്കിയും വിഷംകലക്കിയും മീന്‍ പിടിക്കുന്നതും തുരിശും ബ്ലീച്ചിംഗ്‌ പൗഡറുമിട്ടുള്ള മീന്‍പിടുത്തവും അച്ചന്‍കോവിലിലും പമ്പയിലും വലിയ മീനുകള്‍ക്കായി വൈദ്യുതി കടത്തിവിട്ടുള്ള മീന്‍കൊയ്‌ത്തും നമ്മുടെ പുഴകളെ വന്ധ്യമാക്കുകയാണ്‌. 

വയലുകള്‍ നികന്നതും അമിതമായി പിടിച്ചുതിന്നുന്നതും കീടനാശിനികളും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മണല്‍വാരലും മാത്രമല്ല കേരളത്തിലെ മീനുകളുടെ അന്തകര്‍. വിദേശത്തുനിന്ന്‌ വളര്‍ത്തുമീനുകളായെത്തിയ പലയിനങ്ങളും നാടന്‍ മീനുകളെ തിന്നുതീര്‍ക്കുകയാണ്‌. ആഫ്രിക്കന്‍ മുശി, തിലാപ്പിയ, വിവിധയിനം കാര്‍പ്പുകള്‍ തുടങ്ങിയവ കേരളത്തിലെ ഫാമുകളില്‍ വളര്‍ത്താന്‍ കൊണ്ടുവന്നവയാണ്‌. ഇവ നദീതടങ്ങളിലും പുഴകളിലും എത്തിപ്പെട്ടതോടെ ആയിരക്കണക്കായി പെറ്റുപെരുകി. ഇവ നാടന്‍ മീനുകള്‍ക്ക്‌ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണെന്ന്‌ ഔദ്യോഗികമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ടും ഇവയെ ഫലപ്രദമായി നിരോധിക്കാന്‍ നമ്മുടെ അധികാരികള്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ല. കുയില്‍, കൂരല്‍, ബ്രാഹ്മണ കെണ്ട തുടങ്ങിയ മീനുകള്‍ക്ക്‌ മറുനാട്ടില്‍നിന്നെത്തിയ തിലാപ്പിയയുമായി ഭക്ഷണത്തിന്‌ മത്സരിക്കേണ്ടി വന്നു. നാടന്‍ മീനുകള്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്നുതന്നെ പറയാം. കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി വളര്‍ത്തുന്ന കട്‌ള, റോഹൂ, മൃഗാള്‍ തുടങ്ങിയ മീനുകള്‍ നാട്ടുമീനുകള്‍ കുറയാന്‍ കാരണമായി. 

ജലശുദ്ധി കുറഞ്ഞതാണ്‌ മറ്റൊരു കാര്യം. കേരളത്തിലെ നദികളിലേയ്‌ക്ക്‌ മലിനജലം ഒഴുക്കുന്നത്‌ ഇരുന്നൂറിലധികം വിവിധ വ്യവസായശാലകളാണ്‌. ചെറുകിട ഇടത്തരം മലിനജല സ്രോതസ്സുകളുടെ എണ്ണം രണ്ടായിരത്തിലധികം വരും. ആസിഡുകളും ആല്‍ക്കലികളും ഫ്‌ളൂറൈഡുകളും എന്തിന്‌ റേഡിയോ ആക്ടീവ്‌ വസ്‌തുക്കള്‍ വരെയാണ്‌ പുഴയിലേയ്‌ക്ക്‌ ഒഴുക്കിക്കളയുന്നത്‌. (പരമ്പര (തുടരും)