Breaking News

Trending right now:
Description
 
May 23, 2013

സീറോ മലബാര്‍ സഭാ അസോസിയേഷന്‍ സംഗമം 30ന്‌ കുവൈറ്റില്‍

image വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാ അസോസിയേഷനുകളുടെ പ്രാദേശിക മഹാസംഗമം കുവൈറ്റില്‍ നടക്കും. കുവൈറ്റ്‌ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (എസ്‌എംസിഎ) ആതിഥേയത്വത്തില്‍ സഭയുടെ പ്രവാസി വിശ്വാസകാര്യ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സംഗമം 30നു കുവൈറ്റിലെ ഹോളി ഫാമിലി കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. അഞ്ചു ലക്ഷത്തോളം സീറോ മലബാര്‍ സഭാ വിശ്വാസികളാണു വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലായുള്ളത്‌. സഭയുടെ വിശ്വാസ, സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പുതുതലമുറയ്‌ക്കു കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ്‌ ആറു ഗള്‍ഫ്‌ രാജ്യങ്ങളിലും അസോസിയേഷനുകളുടെ പ്രവര്‍ത്തനം. സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ നിര്‍ദേശപ്രകാരമാണു പരിപാടി സംഘടിപ്പിക്കുന്നത്‌. കുവൈറ്റ്‌ ഹോളി ഫാമിലി കത്തീഡ്രലില്‍ 30നു വൈകുന്നേരം 7.30ന്‌ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന്‌ പ്രവാസി വിശ്വാസകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ സംഗമം ഉദ്‌ഘാടനം ചെയ്യും. കുവൈറ്റ്‌ ഫയാത്ത്‌ ഹോട്ടലില്‍ 31നു നടക്കുന്ന സെമിനാറില്‍ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, കുവൈറ്റ്‌ സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.മാത്യു കുന്നേല്‍പുരയിടം, പ്രവാസി വിശ്വാസകാര്യ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ ചെറിയമ്പനാട്ട്‌, മതബോധന കമ്മീഷന്‍ സെക്രട്ടറി ഫാ.ജോര്‍ജ്‌ ദാനവേലില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തും. ഗള്‍ഫ്‌ പ്രവാസി ജീവിത പശ്ചാത്തലത്തില്‍ വിശ്വാസജീവിതവും ശാക്തീകരണവും പങ്കുവയ്‌പും എന്നതാണു സംഗമത്തിന്റെ പ്രമേയം. എസ്‌എംസിഎ ഗള്‍ഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്‌ പകലോമറ്റം, ഫാ. ജോയ്‌ മരങ്ങാട്ടിക്കാല, ഫാ. ജോണ്‍സണ്‍ ആരാശേരി എന്നിവര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരാകും.