
അമേരിക്കയിലെ കുടിയേറ്റ നിയമത്തില്‍ സമഗ്രമാറ്റം വരുത്തുന്ന ബില്ലിനു
സെനറ്റ് കമ്മിറ്റിയില്‍ അംഗീകാരം. ഇനി സെനറ്റിലും ജനപ്രതിനിധി സഭയിലും നിശ്ചിത
ഭൂരിപക്ഷത്തോടെ ബില്‍ പാസാകണം. ഇന്ത്യക്കാരായ 2.6 ലക്ഷം പേരടക്കം 1.1 കോടി അനധികൃത
കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വം കിട്ടാന്‍ ബില്‍ വഴിതെളിക്കും.
സാങ്കേതികയോഗ്യതയുള്ളവര്ക്കു നല്കുന്ന എച്ച് വണ്‍ ബി വീസയുടെ സംഖ്യ വര്‍ഷത്തില്‍
65,000 എന്നത് 1,80,000 ആയി കൂട്ടാനും ബില്‍ സഹായിക്കും. ഹോട്ടലുകള്‍,
വൃദ്ധപരിചരണം, നിര്‍മാണം തുടങ്ങിയ മേഖലകളിലേക്കു സാങ്കേതിക യോഗ്യത കുറഞ്ഞ
ജീവനക്കാര്‍ക്കായി ഡബ്ള്യു വീസ നല്‍കാനും ബില്‍ നിര്‍ദേശിക്കുന്നു. ഈയിനത്തില്‍
വര്‍ഷം രണ്ടു ലക്ഷം പേര്‍ക്കു വീസ നല്‍കാം. വിദ്യാഭ്യാസം, തൊഴില്‍, അമേരിക്കയില്‍
തങ്ങിയ കാലാവധി തുടങ്ങി വിവിധ ഘടകങ്ങള്‍ക്കു ഗ്രേഡ് നല്കി ഉയര്‍ന്ന ഗ്രേഡ്
കിട്ടുന്നവര്‍ക്കു യോഗ്യതാടിസ്ഥാനത്തില് വീസ നല്കുന്ന ഒരു സ്കീമും ബില്‍
നിര്‍ദേശിക്കുന്നു. വര്‍ഷം രണ്ടരലക്ഷം പേര്‍ക്ക് ഈ യോഗ്യതാധിഷ്ഠിത ബില്‍
ലഭിക്കും. നിലവിലുള്ള ഡൈവേഴ്സിറ്റി വീസ ലോട്ടറി പദ്ധതി ഇല്ലാതാക്കും.
കര്‍ഷകത്തൊഴിലാളികള്‍ക്കു വീസയും അഞ്ചു വര്‍ഷത്തിനുശേഷം പൗരത്വവും നല്‍കാനുള്ള ഒരു
സ്കീമും ബില്ലില്‍ ഉണ്ട്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണു പ്രസിഡന്റ്
ബറാക് ഒബാമ പ്രത്യേക താല്പര്യം എടുത്തു തയാറാക്കപ്പെട്ട ബില്‍. 2011 ഡിസംബര്‍
31-നു മുമ്പ് അനധികൃതമായി കുടിയേറിയവര്‍ക്ക് പത്തു വര്‍ഷം കൊണ്ടു പൗരത്വം
കിട്ടാവുന്നവിധമാണു ബില്ലിലെ വ്യവസ്ഥകള്‍. ഇതോടൊപ്പം അനധികൃത കുടിയേറ്റം തടയാന്‍
മെക്സിക്കന്‍ അതിര്‍ത്തിയില്‍ 100 ശതമാനം കാവലിനും വേലിക്കെട്ടിനും ബില്‍
നിര്‍ദേശിക്കുന്നു.