Breaking News

Trending right now:
Description
 
May 22, 2013

തവളക്കാലുകള്‍ കടല്‍കടന്നു, കേരളം കീടങ്ങളുടെ സ്വന്തം നാടായി

പരമ്പര - 3
image കേരളത്തിലെങ്ങും കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ തവളപിടുത്തം തകൃതിയായിരുന്നു. പാടവരമ്പുകളില്‍ നിരന്നിരിക്കുന്ന തവളകളെ പിടികൂടി കാലറുത്ത്‌ കയറ്റിയയ്‌ക്കും. തവളകള്‍ എന്തോ ക്ഷുദ്രജീവികളാണെന്ന മട്ടിലായിരുന്നും ഇവടെ പിടികൂടി കാലുകള്‍വെട്ടിമുറിച്ചു മാംസമാക്കിയിരുന്നത്‌. ഇവറ്റയെക്കൊണ്ട്‌ എന്ത്‌ ഉപകാരം എന്നു ചോദിക്കാനും തവളപിടുത്തക്കാര്‍ മടിച്ചില്ല. ഇന്ന്‌ മലയാളികള്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കുകയാണ്‌. കേരളത്തില്‍ കീടങ്ങള്‍ പെരുകി, പണ്ടൊക്കെ ഒന്നോ രണ്ടോ തരം കൊതുകുകള്‍ മാത്രം കണ്ടിരുന്നിടത്ത്‌ ഇന്ന്‌ മാരകരോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ പൂരമാണ്‌. ജീവനെടുക്കുന്ന രോഗങ്ങളാണ്‌ ഇവ പരത്തുന്നത്‌. കൊതുകുനിവാരണത്തിനായി സര്‍ക്കാര്‍ മുടക്കുന്ന്‌ത ലക്ഷങ്ങള്‍. എന്നിട്ടും രോഗത്തെ തുടച്ചു മാറ്റാന്‍ പെടാപാടുപെടുന്നു. ചിക്കുന്‍ ഗുനിയ തുടങ്ങിയ പനികള്‍ പിടികൂടിയവര്‍ ഇന്നും ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌. മുട്ട്‌ നിവരില്ല. കഠിനവേദന പുറമെ. മഞ്ഞപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി തുടങ്ങി പേരുള്ളതും പേരറിയാത്തതുമായ എത്രയോ പനികളാണ്‌ നമ്മുടെ നാട്ടില്‍ പരക്കുന്നത്‌. 

അരണ, ഓന്ത്‌, തുടങ്ങിയവ നമ്മുടെ നാട്ടില്‍ കുത്തനെ കുറഞ്ഞത്‌ ആരും പിടിച്ചുകൊണ്ടുപോയിട്ടല്ലല്ലോ എന്നു ചോദിക്കാം. ശരിയാണ്‌ ഇവയെ ആരും വെട്ടിവിഴുങ്ങിയില്ല. എന്നാല്‍, മാരകകീടനാശിനികള്‍ ഇവയുടെ വംശത്തെ തുടച്ചുനീക്കുമെന്ന അവസ്ഥയിലാണ്‌. ഇവ അകത്താക്കിയിരുന്ന കീടങ്ങളുടെ എണ്ണം എത്രയെന്നതിന്‌ കണക്കില്ല. ഒരു രാത്രിയില്‍ ഒരാളെ പത്തു കൊതുകുകള്‍ കടിക്കുന്നുവെന്നു സങ്കല്‍പ്പിക്കുക, എത്ര അസ്വസ്ഥമായിരിക്കും ആ രാത്രിയിലെ ഉറക്കം. ഒരു തവളയുണ്ടായിരുന്നെങ്കില്‍ ഒരു ദിവസം പിടിച്ചു തിന്നുമായിരുന്നത്‌ പതിമൂന്നു മുതല്‍ പതിനഞ്ച്‌ കൊതുകുകളെയായിരുന്നു. പല ചെറുതവളകളും അവയുടെ ശരീരഭാരത്തിനു തുല്യമായ കീടങ്ങളെ അകത്താക്കുമെന്നറിയുമ്പോഴാണ്‌ നാട്ടില്‍ കൊതുകും കീടങ്ങളും പെരുകിയതിനു മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്നു പറയുന്നത്‌.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും കൊത്തുംകിളയും ഉഴവും വെള്ളം കയറ്റലുമുണ്ടായിരുന്ന വയലുകളായിരുന്നു കേരളത്തിലേത്‌. ഇവയില്‍ ഭൂരിഭാഗവും ഇന്ന്‌ തരിശായി കിടക്കുന്നു. കളകള്‍ വളര്‍ന്ന്‌ നില്‍ക്കുന്നിടത്ത്‌ കീടങ്ങള്‍ ആര്‍ത്തുവളരും. വെള്ളംകെട്ടിക്കിടക്കുന്ന വയലുകളില്‍ പുളിയിളകി വെള്ളം മോശമാകും. തെളിമ നശിക്കും. കളകള്‍ വളര്‍ന്നു നില്‍ക്കുന്ന വെള്ളത്തില്‍ സൂര്യപ്രകാശം പതിക്കില്ല. വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഓക്‌സിജന്റെ അളവ്‌ കുത്തനെ കുറയും അതോടെ ജലത്തിന്റെ ജീവന്‍ പോകും. ജീവനില്ലാത്ത ഈ വെള്ളമാണ്‌ ഇന്ന്‌ കേരളത്തിലെ നീര്‍ത്തടങ്ങളില്‍ കെട്ടിക്കിടക്കുന്നത്‌.

കീടങ്ങള്‍ കൂടുന്നതിന്‌ അനുസരിച്ച്‌ കൃഷിയില്‍ ഇവയുടെ ആക്രമണം കൂടും. അതിനനുസരിച്ച്‌ കൃഷിക്കാര്‍ കീടനാശിനികളുടെ അളവ്‌ കൂട്ടും. കൂടുതല്‍ വീര്യമുള്ള കളനാശിനികളും കീടനാശിനികളും വിപണിയിലെത്തുന്നത്‌ അങ്ങനെയാണ്‌. യൂറിയ പോലെയുള്ള നൈട്രജന്‍ വളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ആര്‍ത്തുവളരുന്ന ചെടികളില്‍ കീടങ്ങള്‍ പെരുകുന്നതില്‍ അത്ഭുതമില്ല. പുതിയ പല ഇനങ്ങളും വളങ്ങളോട്‌ അമിതമായി പ്രതികരിക്കുന്നവയാണ്‌. അതു കീടവളര്‍ച്ച കൂട്ടുന്നു. കുറെനാള്‍ കഴിയുമ്പോള്‍, ഇങ്ങനെയൊരു ബോര്‍ഡ്‌ കണ്ടാല്‍ അത്ഭുതപ്പെടരുത്‌, കീടങ്ങളുടെ സ്വന്തം നാട്‌, കീടനാശിനികളുടെയും. (പരമ്പര തുടരും)