Breaking News

Trending right now:
Description
 
May 21, 2013

കുട്ടനാടല്ല കെട്ടനാട്‌; ഇവിടെയാകെ യൂറിയ കുളങ്ങള്‍, കളനാശിനിത്തോടുകള്‍

പരമ്പര - 2
image അഞ്ഞൂറ്‌ ടണ്ണിലധികം വളങ്ങളും കീടനാശിനികളുമാണ്‌ ഓരോ വര്‍ഷവും കുട്ടനാട്ടില്‍ ഒഴുകിയെത്തുന്നതെന്നു കേട്ടാല്‍ ഞെട്ടരുത്‌. കുട്ടനാട്ടിലെ പാടങ്ങളില്‍നിന്നു മാത്രമല്ല, ഹൈറേഞ്ചിലെ റബര്‍തോട്ടങ്ങളില്‍നിന്നുമുള്ള വളങ്ങളുടെയും അവശിഷ്ടങ്ങളുടെയും കീടനാശിനികളുടെയും ശവക്കുഴി കൂടിയാണ്‌. 

കണ്ണീരുപോലെ തെളിഞ്ഞ വെള്ളംനിറഞ്ഞിരുന്ന തോടുകളാണ്‌ കുട്ടനാട്ടില്‍ ഉണ്ടായിരുന്നത്‌. ഇത്‌ പഴയ നൂറ്റാണ്ടിലെ കഥയല്ല. ഇരുപത്തത്തഞ്ചോ മുപ്പതോ വര്‍ഷംമുമ്പുവരെയും ഓരോ സീസണിലും കുട്ടനാട്ടില്‍ ഓരു കയറുമായിരുന്നു. കടലില്‍നിന്നുള്ള ഉപ്പുരസം കലര്‍ന്ന വെള്ളമാണ്‌ ഓര്‌. ഇത്‌ തോട്ടിലെ അഴുക്കുകളെ അപ്പാടെ തെളിച്ചെടുക്കും. കലങ്ങിക്കിടക്കുന്ന തോടുകള്‍ കണ്ണീരുപോലെ തെളിയും. കളകളപ്പാടെ ഓരില്‍ നശിച്ചു പോകും. പായലുകള്‍ പമ്പ കടക്കും. കായലിനും തോടിനും അരികിട്ടിരുന്ന ബണ്ടുകളിലെ തെങ്ങുകള്‍ക്ക്‌ ഓരുവെള്ളം വളമാണ്‌. തോടുകളിലെ ഊള (ചെളിമണ്ണ്‌) കുത്തിയെടുത്ത്‌ കരയാകെ പൊതിയുന്നത്‌ വേനലില്‍ കുട്ടനാട്ടിലാകെ പതിവായിരുന്നു. അങ്ങനെ തോടുകള്‍ക്ക്‌ ആഴം കൂടും. അവിടെ ആറ്റുമണല്‍ വന്നു നിറയും. അങ്ങനെ അടിയാകെ തെളിഞ്ഞുകിടക്കും.

മലനാട്ടിലെ മണലെല്ലാം ഊറ്റിയെടുത്തതോടെ കുട്ടനാട്ടിലേയ്‌ക്ക്‌ മണല്‍ വരുന്നില്ല. അതുകൊണ്ടുതന്നെ തോടുകളില്‍ നിറയാന്‍ ചെളിമാത്രം. വയലുകളില്‍ വാരിവിതറുന്ന യൂറിയയുടെ അവശിഷ്ടങ്ങളാണ്‌ കുട്ടനാട്ടിലെ തോടുകളില്‍ നിറയുന്നത്‌. കുളവാഴയും ആഫ്രിക്കന്‍ പായലും ആര്‍ത്തുകിളിര്‍ക്കുന്നതിന്‌ കാരണം ഇതുതന്നെ. കൂടാതെ ഹൈറേഞ്ചിലെ റബര്‍തോട്ടങ്ങളില്‍നിന്നുള്ള രാസവളങ്ങളും ഏലത്തോട്ടങ്ങളില്‍നിന്നുള്ള കീടനാശിനികളും കൂടി ഒഴുകിയെത്തുമ്പോള്‍ ചിത്രം പൂര്‍ണമായി. ഓരോവര്‍ഷവും കരുത്തുകൂടുകയാണ്‌ കളകള്‍ക്ക്‌. തോടുകളില്‍നിന്നും വാരിമാറ്റിയാലും തീരാത്തത്ര ശക്തിയില്‍ കുളവാഴകളും ആഫ്രിക്കന്‍ പായലും തിങ്ങിവളരുന്നു. ഇവ തോടുകളെ ഞെരുക്കി ശ്വാസംമുട്ടിച്ച്‌ കൊല്ലുന്നു. ഒഴുക്കില്ലാത്ത വെള്ളംകെട്ടിക്കിടക്കുന്ന വെറും അഴുക്കുചാലുകളാണ്‌ ഇന്ന്‌ കുട്ടനാട്ടിലെ പല തോടുകളും.

പണ്ടുകാലത്ത്‌ സ്ഥിരമായി വള്ളങ്ങളും ബോട്ടുകളും പോയിരുന്ന തോടുകളിലും എപ്പോഴും വെള്ളത്തിന്‌ അനക്കമുണ്ടായിരുന്നു. ഇന്ന്‌ തോട്ടിലൂടെയുള്ള സഞ്ചാരം ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ കളകള്‍ കരുത്തോടെ വളര്‍ന്ന്‌ തോടുകളെ ശ്വാസംമുട്ടിക്കുന്നു. കോടിക്കണക്കിന്‌്‌ വിത്തുകളാണ്‌ കളകള്‍ തോടുകളുടെ അടിത്തട്ടില്‍ നിക്ഷേപിക്കുന്നത്‌. ഇവ അടുത്ത സീസണില്‍ വളര്‍ന്നു പെരുകും. കീടങ്ങള്‍ ആര്‍ത്തുവളരും. പണ്ടൊക്കെ അവയെ ഒതുക്കിയിരുന്ന തവളകളും അരണകളും ഓന്തുകളും മറ്റുമായിരുന്നു. ഇവയെ മഷിയിട്ടു നോക്കിയാല്‍ കാണാനില്ല എന്നതാണ്‌ ഇന്നത്തെ സ്ഥിതി.

ഇന്ന്‌ കുട്ടനാട്ടിലെ കളകള്‍ നിറഞ്ഞ, കെട്ടിക്കിടക്കുന്ന തോടുകളില്‍ ഇറങ്ങിയാല്‍ ചൊറിഞ്ഞുനാശമാകും. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക്‌ കാലിലും കൈയിലും ചൊറി പടരുന്നത്‌ വ്യാപകമായി. കുടിക്കാന്‍ പോയിട്ട്‌ കാലു കഴുകാന്‍ പോലുമാകാത്ത അവസ്ഥ. "വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാന്‍ ഇല്ലത്രേ" എന്നത്‌ കുട്ടനാട്ടുകാരെ സംബന്ധിച്ച്‌ വെറുംവാക്കല്ല. ലോറികളില്‍ വെള്ളമെത്തിയില്ലെങ്കില്‍ കുട്ടനാട്ടിലെ പല പ്രദേശങ്ങളിലുമുള്ളവര്‍ക്ക്‌ ഇന്ന്‌്‌ കുളിക്കാന്‍ പോയിട്ട്‌ മുഖംകഴുകാന്‍ പോലുമാകില്ല. കുടിവെളള പദ്ധതികള്‍ പലതുണ്ടെങ്കിലും ഇന്നും കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശുദ്ധജലമെത്തുന്നില്ല. പലയിടത്തും കുടിവെള്ള പൈപ്പുകള്‍ എത്തിയിട്ടേയില്ല.

കുട്ടനാട്ടിലെ നെല്‍ക്കൃഷിക്ക്‌ തുണയാകുമെന്നു പറഞ്ഞ്‌ കോടികള്‍ മുടക്കി ആരംഭിച്ച തണ്ണീര്‍മുക്കം, തോട്ടപ്പളളി ബണ്ടുകള്‍ പാഴായി. ഓരുവെള്ളത്തെ തടഞ്ഞുനിര്‍ത്താനും ആവശ്യസമയത്ത്‌ വെള്ളം ഒഴുക്കിവിടാനും ഉദ്ദേശിച്ചു നിര്‍മ്മിച്ച ബണ്ടുകളുടെ ഷട്ടറുകള്‍ തുരുമ്പെടുത്ത്‌ തുറക്കാതായി. ഓരുവെള്ളത്തിന്റെ സാന്നിധ്യത്തില്‍ മാത്രം പ്രജനനം നടത്തുന്ന ചെമ്മീനും ഏറെ പ്രിയമുള്ള കരിമീനും വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തും കേരളത്തിലെ തോടുകളില്‍നിന്ന്‌ കാണാന്‍ കിട്ടാതായത്‌ അങ്ങനെയാണ്‌. കുട്ടനാട്ടുകാര്‍ക്ക്‌്‌ പണ്ടൊക്കെ മീന്‍ കൂട്ടാന്‍ ഒരു ചൂണ്ടയുമായി ഇറങ്ങിയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഒരു വീശുവലയുമായി അര മണിക്കൂര്‍ അദ്ധ്വാനിക്കണം. സമൃദ്ധമായി ലഭിച്ചിരുന്ന മീനുകള്‍ ഇന്നില്ല. പകരം വലയില്‍ കുരുങ്ങുന്നത്‌ കുളവാഴയും കമ്പും കോലും. കൂട്ടത്തില്‍ ഇഷ്ടംപോലെ കിട്ടുന്ന മറ്റൊന്നുണ്ട്‌ - പ്ലാസ്‌ററിക്‌ കൂടുകള്‍.

കേരളത്തിലെ തോടുകളിലും നീരൊഴുക്കുകളിലും ഇന്ന്‌ പ്ലാസ്റ്റിക്‌ കൂമ്പാരങ്ങളാണ്‌. നിരോധിക്കപ്പെട്ടെങ്കിലും സര്‍വസാധാരണമായി ലഭിക്കുന്ന കനംകുറഞ്ഞ പ്ലാസ്‌റ്റിക്‌ സഞ്ചികള്‍ മടിയില്ലാതെ നാം വലിച്ചെറിയുന്നു. ഇത്‌ തോടുകളിലും കുളങ്ങളിലും നിറഞ്ഞു കവിയുന്നു. വെളളം കണ്ടാല്‍ അറയ്‌ക്കുന്ന രീതിയില്‍ മാറുന്ന ജലസ്‌ത്രോതസുകളെയോര്‍ത്ത്‌ വിലപിക്കാന്‍ മാത്രമേ കഴിയൂ. വലിച്ചെറിയല്‍ സംസ്‌കാരത്തിന്‌ അത്രയ്‌ക്ക്‌ അടിമപ്പെട്ടു കഴിഞ്ഞു കേരളം. (പരമ്പര തുടരും)