Breaking News

Trending right now:
Description
 
May 21, 2013

ഗണേശിന്‌ കാനഡയില്‍നിന്ന്‌ വിസ വന്നു, 'പണി'കിട്ടിയത്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌

രമേശ്‌ മന്ത്രി സഭയിലേക്ക്‌ ഇല്ല: മുഖ്യമന്ത്രി
image

ഗണേഷ്‌കുമാറിന്‌ മന്ത്രിസ്ഥാനം പോയ വഴിയില്‍ നായര്‍ സമുദായസന്തുലനം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ശ്രമങ്ങള്‍ മുതലാക്കാനായിരുന്നു രമേശ്‌ ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും ശ്രമം. പക്ഷേ, അത്‌ പാതിവഴിയില്‍ പാളി. രാഷ്ട്രീയത്തിലെ ആസൂത്രണത്തിലും കുശാഗ്രബുദ്ധിയിലും അഗ്രഗണ്യര്‍ അണിനിരന്ന്‌ നടത്തിയ അണിയറ നാടകങ്ങള്‍ കണ്ട്‌ കണ്ടുനിന്നവരുടെ കണ്ണുതള്ളിപ്പോയി. അതിനപ്പുറം കഥയറിയാത്തവര്‍ മൂക്കത്തുവിരല്‍ വച്ചുപോയി.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമെന്ന്‌ ഉറപ്പായ തെരഞ്ഞെടുപ്പിലാണ്‌ സ്വയം മുഖ്യമന്ത്രിസ്ഥാനമുറപ്പിച്ച്‌ രമേശ്‌ ചെന്നിത്തല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. അണികള്‍ നിര്‍ബന്ധിക്കുമ്പോള്‍ എന്തു ചെയ്യുമെന്നു ചോദിച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു രമേശിന്റെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം. എങ്കില്‍, പിന്നെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചിട്ടുവേണ്ടേ പടയ്‌ക്കിറങ്ങാന്‍ എന്നു ചോദിച്ചവരോട്‌ ലീഡര്‍ സ്‌റ്റൈലില്‍ കണ്ണിറുക്കി കാണിച്ചതേയുള്ളൂ രമേശ്‌. അതുകണ്ടവര്‍ക്കു മനസിലായി കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത്‌ എടുക്കണമെന്നാണ്‌ രമേശിന്റെ മനസിലിരുപ്പെന്ന്‌.

ഒരു വേള മാവേലിക്കരയില്‍, മങ്ങലുണ്ടെന്നു തോന്നിയപ്പോള്‍ എന്‍എസ്‌എസ്‌ ആസ്ഥാനത്തേയ്‌ക്കും വെള്ളാപ്പള്ളിയുടെ സന്നിധിയിലേയ്‌ക്കും അച്ഛാ, കൊച്ചച്ഛാ എന്നൊക്കെ വിളിച്ച്‌ ചെന്നിരുന്നുവെന്നും ഭാവി മുഖ്യമന്ത്രിയായ തന്നെ ഉമ്മന്‍ചാണ്ടി ചവുട്ടിത്തേക്കുന്നെന്നും തോല്‍പ്പിച്ചുകളയുമെന്നു ഭയക്കുന്നുവെന്നും പറഞ്ഞ്‌ ഒരു മുന്‍കൂര്‍ ഹര്‍ജി കൊടുത്തത്രേ. അത്‌ ഫയലില്‍ സ്വീകരിച്ച്‌ രമേശന്‍കുഞ്ഞിനെ ജയിപ്പിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെയാണ്‌ നായര്‍സൈന്യം രംഗത്തിറങ്ങിയത്‌.

അതുകൊണ്ടെന്താ വലിയ ഭൂരിപക്ഷമില്ലെങ്കിലും നിയമസഭയുടെ തണുപ്പുകൊള്ളാന്‍ രമേശിനു ഭാഗ്യം കിട്ടി. എന്നിട്ടും, ഏറ്റവും തണുപ്പുള്ള മുന്‍നിരയിലെ സീറ്റിലിരിക്കാന്‍ ഭാഗ്യം കിട്ടിയില്ല. വീതം വച്ചുവന്നപ്പോള്‍, രമേശിനു കൊടുക്കാന്‍ ഒരു എല്ലിന്‍കഷണം ബാക്കിയില്ലാതെപോയി. സമുദായ സന്തുലനം വിട്ടിട്ട്‌ ഒരു പണിയുമില്ലെന്ന്‌ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും പറഞ്ഞതോടെ പഴയ കെപിസിസി പ്രിസഡന്റുമാരായ കെ. മുരളീധരനും രമേശ്‌ ചെന്നിത്തലയുമെല്ലാം നിയമസഭയില്‍ വെടിവട്ടവുമായി കൂടുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. പിന്നാലെ, ഇതേ മാനസികാവസ്ഥയുമായി ടി.എന്‍. പ്രതാപനും വി.ഡി. സതീശനുമുണ്ടായിരുന്നു. ഇവരെ അനുനയിപ്പിക്കുകയും കണ്ണീരു തുടച്ചുകൊടുക്കുകയും ചെയ്യേണ്ട ഗതികേടുകൂടിയുണ്ടായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്‌.

രണ്ടുവര്‍ഷം കാത്തിരിക്കൂ രമേശേ എന്നായിരുന്നു പെരുന്നയിലേയ്‌ക്കു വിളിക്കുമ്പോഴുള്ള സ്ഥിരം മറുപടി. ഇതില്‍ ആശ്വസിച്ച്‌ ദീര്‍ഘനിശ്വാസവുമായി കഴിഞ്ഞിട്ടും കിം ഫലം. കേന്ദ്രത്തില്‍ പിടിയുണ്ട്‌, ഹിന്ദി പച്ചവെള്ളം പോലെ പറയും, പ്രായപൂര്‍ത്തിയായപ്പോഴേ മന്ത്രിയായതാണ്‌, ഭൂരിപക്ഷസമുദായത്തിലെ അംഗമാണ്‌ എന്നൊക്കെ പറഞ്ഞിട്ട്‌ എന്താ കാര്യം, വരയില്ലാതെ പോയി.

അപ്പോഴാണ്‌ ചക്കവീണ്‌ മുയലു ചത്ത മാതിരി ഗണേഷ്‌ കുമാര്‍ എന്ന ഭൂരിപക്ഷാംഗം പുറത്താകുന്നത്‌. ആ കസേര കണ്ട്‌ പനിച്ചവര്‍ നിരവധിയാണ്‌. കിടുകിടെ വിറയ്‌ക്കുന്ന കടുത്ത പനി. അതിപ്പം ഡെംഗിപ്പനിയാണോ മഞ്ഞപ്പനിയാണോ തക്കാളിപ്പനിയാണോ എന്നൊന്നും നിശ്ചയമില്ല. പക്ഷേ, എല്ലാവരും മരുന്നുമേടിച്ചത്‌ പെരുന്നയില്‍നിന്നാണെന്നതു മാത്രമാണ്‌ സാമ്യം. പക്ഷേ, പനിക്കാര്‍ക്കെല്ലാം ജ്വരമായതല്ലാതെ രോഗം കുറഞ്ഞില്ല.

കാരയ്‌ക്ക പഴുത്തപ്പോള്‍ കാക്കയ്‌ക്കു വായ്‌പ്പുണ്ണ്‌ എന്ന മാതിരി നല്ലനായരായിട്ടും രമേശിനെ ഇടംകണ്ണുകൊണ്ടുപോലും നോക്കാതായി പെരുന്നയില്‍. പകരം, കസേരയില്‍ കയറിയിരിക്കാന്‍ ചാര്‍ത്തിക്കിട്ടിയവരെ കണ്ടിട്ട്‌ സുകുമാരന്‍നായര്‍ക്കു പോലും പനിച്ചു എന്നാണ്‌ കേള്‍വി. അതോടെ കളം മാറി.

രമേശിന്‌ അകത്തുകടത്താന്‍ തിരുവഞ്ചൂരിനെ തൊഴിക്കാന്‍ സമ്മതിക്കില്ലെന്നു എ ഗ്രൂപ്പ്‌ കട്ടായം പറഞ്ഞു. അടൂര്‍ പ്രകാശിന്റെ തലമൊട്ടയടിച്ചിട്ട്‌ രമേശിന്‌ കിരീടം വയ്‌ക്കാമെന്ന്‌ വെള്ളാപ്പള്ളിയും വ്യക്തമാക്കി. അപ്പോള്‍പ്പിന്നെ, വല്ല തൊഴില്‍ വകുപ്പോ ഗ്രാമവികസനമോ സ്വന്തമാക്കി മന്ത്രിയാകാനേ വകുപ്പുള്ളൂവെന്ന്‌ രമേശിനും മനസിലായി. അങ്ങനെ മന്ത്രിസ്ഥാനം കൊടുക്കാമെന്നു പറഞ്ഞ്‌ കെപിസിസി പ്രസിഡന്റിനെ കളിയാക്കരുതെന്ന്‌ കണ്ണൂരില്‍നിന്ന്‌ സുധാകരന്‍ ഗര്‍ജ്ജിച്ചു. ഇതുകണ്ട്‌ മുരളീധരന്‍ ഊറിച്ചിരിച്ചുണ്ടാകണം. കെപിസിസി ആസ്ഥാനത്ത്‌ രാജകീയമായി വാഴവെ ഉണ്ടായ വിളിയാണല്ലോ എല്ലാം തകര്‍ത്തത്‌ എന്നു മനസില്‍ കരുതിയിട്ടുമുണ്ടാകും.

അപ്പോഴാണ്‌, ഗണേശിനൊരു കമ്പി വരുന്നത്‌. അങ്ങു കാനഡയില്‍നിന്നാണ്‌. അഞ്ചുലക്ഷം നികുതിയില്ലാതെ ശമ്പളം. കറങ്ങുന്ന കസേര, പരിവാരങ്ങള്‍. ആണ്ടിലൊന്ന്‌ കൊട്ടാരക്കരയില്‍ പോയി ഉണ്ടുവരാന്‍ വിസ. ചെലവുകാശ്‌ പുറമെ. കൂടെ ആരെ നിയമിച്ചാലും അച്ഛനല്ല, കൊച്ചച്ഛന്‍ പോലും ചോദിക്കാത്ത അവസരം. എങ്കില്‍പിന്നെ, പത്തനാപുരംകാരെ സേവിക്കുക എന്ന ദിവസക്കൂലിപ്പണി വിട്ട്‌ പോയാലെന്തെന്ന്‌ ഉറക്കെപ്പറഞ്ഞുപോയി.

അതിലെ അപകടം ഉമ്മന്‍ചാണ്ടിക്കു പിടികിട്ടി. പണി പാലുംവെള്ളത്തില്‍ കിട്ടുന്നപോലെയാണ്‌ ഗണേശിനു ജോലി കിട്ടിയാല്‍ എന്നതുറപ്പ്‌. എന്തായാലും അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അടുത്ത മുന്നണിക്കു ഭരിക്കാനാണ്‌ കേരളത്തിലെ വിധി. അത്‌ മൂന്നുവര്‍ഷംപോലുമെത്തിക്കാതെ ഉടച്ചുകളയുന്നതിലും ഭേദം ഗണേശിനെ മന്ത്രിയാക്കുന്നതുതന്നെയെന്ന്‌ ഉമ്മന്‍ചാണ്ടി വിചാരിച്ചു.

പിള്ളയ്‌ക്കുപോലും കാര്യം പിടികിട്ടി. ന്യൂനപക്ഷ ചെയര്‍മാന്‍ എന്നൊക്കെ പഞ്ചാരയില്‍ പൊതിഞ്ഞു പറയുമെങ്കിലും മന്ത്രിസ്ഥാനത്തിന്റെ വില അത്ര ചെറുതല്ലെന്നു സുകുമാരന്‍നായരുടെ ഉപദേശംകൂടിയായപ്പോള്‍ ശുഭം. പിന്നെ, കണ്ടത്‌ രമേശിന്റെ വീട്ടില്‍ നിത്യലോഡ്‌ ഷെഡിംഗാണ്‌. അത്‌ ഉടനെയൊന്നും മാറുമെന്നു തോന്നുന്നുമില്ല. രമേശ്‌ തെക്കുവടക്കുനടക്കുമെന്നു പറഞ്ഞത്‌ ആരാണെങ്കിലും അത്‌ അറംപറ്റിയ പോലെയായി.