Breaking News

Trending right now:
Description
 
May 21, 2013

സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരുന്നു; കൃത്യമായ കണക്കുകള്‍ ലഭ്യമല്ല

image സംസ്ഥാനത്തു ഡെങ്കിപ്പനി പടരുമ്പോഴും കൃത്യമായ കണക്കുകള്‍ ആരോഗ്യവകുപ്പിന്‌ ലഭ്യമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നില്ല. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു സംസ്ഥാനത്തു ഇന്നലെ 26 പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചതായി സ്ഥീരീകരിച്ചു. ഡെങ്കിപ്പനിയില്‍ തലസ്ഥാന ജില്ല തന്നെയാണു മുന്നില്‍. ഇന്നലെ തിരുവനന്തപുരത്ത്‌ 11 പേര്‍ക്കു ഡെങ്കിപ്പനി പിടിപെട്ടു. തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്‌. ഇവിടെ ആറു പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്‌. സംസ്ഥാനത്തു പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഡെങ്കിപ്പനി പടരുന്നതു ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്നു. ഈ മാസം ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്തു 466 പേര്‍ക്കു ഡെങ്കിപ്പനി പിടിപെട്ടതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇടുക്കി, പാലക്കാട്‌ ജില്ലകളില്‍ ഇന്നലെ രണ്ടു പേര്‍ക്കു ഡെങ്കിപ്പനി റിപ്പോര്‍ട്ടു ചെയ്‌തു. ഡെങ്കിപ്പനിക്കൊപ്പം ചിക്കന്‍പോക്‌സും സംസ്ഥാനത്തു പടര്‍ന്നുപിടിക്കുകയാണ്‌. ഈ മാസം ഒടുവിലത്തെ കണക്കനുസരിച്ച്‌ ആയിരത്തിലേറെ പേര്‍ക്കു ചിക്കന്‍പോക്‌സും ബാധിച്ചു. കൊല്ലത്ത്‌ പതിനാറും കോഴിക്കോട്‌ പതിനാലും വയനാട്‌ അഞ്ചും പേര്‍ക്ക്‌ ഇന്നലെ ഹെപ്പറൈറ്റിസ്‌ എ പിടിപെട്ടതായാണു കണക്ക്‌. എന്നാല്‍, സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കണ്ടെത്തിയാല്‍ രോഗത്തിന്റെ തീവ്രത എത്രമാത്രമാണെന്നു അധികൃതര്‍ക്കു ബോധ്യമാവും. കൃത്യമായ കണക്കുകള്‍ എടുക്കാന്‍ ആരോഗ്യവകുപ്പ്‌ താല്‍പര്യം കാണിക്കുന്നില്ലെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.