Breaking News

Trending right now:
Description
 
May 20, 2013

കേരളമാകെ മണ്ണുമാന്തികള്‍, മുറ്റത്തുപോലും ഒരുതുള്ളി വെള്ളമിറങ്ങില്ല

പരമ്പര - 1
image മീനസൂര്യന്‍ കത്തിനില്‍ക്കുമ്പോള്‍ പോലും മൂന്നാല്‌ അരഞ്ഞാണം നിറയെ വെള്ളം കണ്ടിരുന്ന കിണറുകള്‍ പോലും ഇക്കുറി വറ്റി. നദികളും പുഴകളും വരണ്ടുകീറി. വയലുകളുടെയും കുളങ്ങളുടെയും കാര്യം പറയാനുമില്ല. 

വടക്കേയിന്ത്യയില്‍ സൂര്യതാപമേറ്റ്‌ ആളുകള്‍ മരിച്ചു എന്നു കേട്ടാല്‍ അത്‌ കേരളത്തിലെ ആരെയും സ്‌പര്‍ശിച്ചിരുന്നേയില്ല - കുറെ വര്‍ഷം മുമ്പുവരെ. എന്നാല്‍ ഇന്നോ? കൊച്ചുകുട്ടികളടക്കം എത്ര പേര്‍ക്കാണ്‌ ഈ വര്‍ഷം സൂര്യതാപമേറ്റത്‌. കന്നുകാലികള്‍ പോലും സൂര്യതാപത്താല്‍ ചത്തുവീണു. ശ്രീകണ്‌ഠാപുരത്താണ്‌ വയലില്‍ മേഞ്ഞുനടന്നിരുന്ന പശു സൂര്യതാപമേറ്റ്‌ തളര്‍ന്നുവീണ്‌ ചത്തത്‌ 41 ഡിഗ്രി വരെയും അതിനു മുകളിലുമായിരുന്നു കേരളത്തിലെ ചൂട്‌.

ഭൂമിയുടെ കുടയെന്നു വിശേഷിപ്പിക്കപ്പെടുന്ന മരങ്ങള്‍ കടപുഴക്കിയപ്പോഴും വയലുകളായ വയലുകളെല്ലാം മണ്ണിട്ടുമൂടിയപ്പോഴും വരാനിരിക്കുന്ന ശുദ്ധജലക്ഷാമത്തെക്കുറിച്ച്‌ നാമാരും ചിന്തിച്ചിട്ടുപോലുമില്ല. കുന്നും മലകളും ഇടിച്ചുനിരത്തി വയലുകളില്‍ അടിച്ചു നിറയ്‌ക്കാന്‍ നാം കാണിച്ച ഉത്സാഹംതന്നെയാണ്‌ ഇത്ര കടുത്ത ജലക്ഷാമത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌. മണ്ണില്‍ ഊറിയിറങ്ങി നിറഞ്ഞുനില്‍ക്കുന്ന വെള്ളമാണ്‌ നമ്മുടെ കിണറുകളിലും കുളങ്ങളിലും കിനിഞ്ഞിറങ്ങേണ്ടത്‌. വയലുകളില്‍ നിറഞ്ഞുനിന്നിരുന്ന ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ്‌ ചെളിയിലൂടെ ഊറി കുളങ്ങളെയും പുഴകളെയും നിറച്ചിരുന്നത്‌. അതിന്‌ മാര്‍ഗമില്ലെങ്കില്‍ പെയ്യുന്ന മഴയെല്ലാം അറബിക്കടലില്‍ പതിക്കും. ഏതാനും മണിക്കൂറുകള്‍കൊണ്ട്‌ കേരളത്തിലെ മലമുകളില്‍നിന്നുള്ള വെള്ളമത്രയും കടലിലൊഴുകും.

നമ്മുടെ കൃഷിയിടങ്ങളിലെ കുഴികളിലും കരിയിലകളിലും കല്ലുകയ്യാലകളിലും തട്ടിത്തടഞ്ഞായിരുന്നു വെള്ളം മണ്ണിലേയ്‌ക്കിറങ്ങേണ്ടത്‌. എന്നാല്‍, ഇവയൊന്നും കാണാനില്ലാതാകുന്നതോടെ വെള്ളം ശരിക്കും പാച്ചിലിലാണ്‌.

വീടുകള്‍ക്കും ചുറ്റും വൈവിധ്യമാര്‍ന്ന മരക്കൂട്ടങ്ങളുടെ സമൃദ്ധിയായിരുന്നു കേരളത്തിലെങ്ങും. വലിയ തറവാടുകള്‍ക്കു ചുറ്റുമായി കാവും കുളവുമുണ്ടായിരുന്നു. കാവിലെ മരക്കൂട്ടങ്ങളില്‍നിന്ന്‌ കിനിഞ്ഞിറങ്ങുന്ന വെള്ളമാണ്‌ കുളങ്ങളില്‍ സമൃദ്ധിയായി പെയ്യുന്നതെന്നു പഴമക്കാര്‍ക്ക്‌ നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കാവ്‌ തീണ്ടിയാല്‍ കുളം വറ്റും എന്നു പറഞ്ഞുവച്ചത്‌. ഇന്ന്‌ കാവ്‌ തീണ്ടി അശുദ്ധമാക്കി, കുളങ്ങള്‍ നിരപ്പാക്കി, സസ്യജാലങ്ങള്‍ നിലംപരിശായി, വീടുനശിച്ച ജന്തുജാലങ്ങള്‍ നാട്ടിലിറങ്ങി കുറുവടിക്കിരയായി.

കാട്ടില്‍ പെയ്യുന്ന മഴ പുറത്തേയ്‌ക്കു പാഞ്ഞുപോകാറില്ല. അത്‌ അടിയില്‍ അടിഞ്ഞുകൂടി കിടക്കുന്ന കരിയിലകള്‍ സ്‌പോഞ്ച്‌ പോലെ ആവാഹിക്കും. പതിയെ മണ്ണിലേയ്‌ക്ക്‌ ഇറക്കിവിടും. അവ മണ്ണില്‍ നീരൊഴുക്കായും ജലസമൃദ്ധിയായും നിറയും.

കാടുകളുടെ വിസ്‌തൃതി കുറഞ്ഞുവരുന്നതിനെക്കുറിച്ച്‌ നമുക്ക്‌ പരിഭവമില്ല. കാട്‌ എന്താണെന്ന്‌ നേരിട്ടു കണ്ടവര്‍ക്കറിയാം അതിന്റെ ജൈവസമൃദ്ധി, കുളിര്‍മ. എത്രയിനം പേരറിയാത്ത ചെടികള്‍ക്കും മരങ്ങള്‍ക്കും വള്ളികള്‍ക്കും കായ്‌കനികള്‍ക്കും പക്ഷികള്‍ക്കും ജന്തുജാലങ്ങള്‍ക്കും ശലഭങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഇരിപ്പിടമാണ്‌ കാട്‌ എന്നത്‌ നാമാരും അറിയാറേയില്ല. കത്തിനില്‍ക്കുന്ന വെയിലില്‍നിന്ന്‌ മരക്കൂട്ടങ്ങള്‍ക്ക്‌ ഇടയിലേയ്‌ക്ക്‌ നടന്നുകയറുമ്പോള്‍ എട്ടും പത്തും ഡിഗ്രി ചൂടാണ്‌ കുറയുക. അതായത്‌ 33 ഡിഗ്രി ചൂടുള്ള വെറുംപ്രദേശത്തുനിന്ന്‌ കാട്ടിലെത്തുമ്പോള്‍ എസിയില്‍ കയറിയതുപോലെ 23-25 ഡിഗ്രി തണുപ്പനുഭവപ്പെടും. ഇത്‌ അനുഭവിച്ചുതന്നെ അറിയണം. അങ്ങനെ വരുമ്പോള്‍ ഭൂമിയുടെ കുടയായിനിന്ന മരക്കൂട്ടങ്ങള്‍ വെട്ടിത്തെളിച്ചപ്പോള്‍ ചൊരിമണ്ണില്‍ ചൂട്‌ കൂടുന്നതിന്‌ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ?

ഒട്ടുമിക്ക നഗരങ്ങളിലും പല ഗ്രാമങ്ങളിലും മിനി എയര്‍പോര്‍ട്ടുകളുടെ രൂപത്തിലാണ്‌ പല പറമ്പുകളും. നടുവിലൂടെ ടാര്‍ റോഡുകള്‍ തീര്‍ത്ത്‌ പ്ലോട്ടുകളായി തിരിച്ചുവില്‍പ്പനയ്‌ക്കിട്ടിരിക്കുകയാണ്‌.

മരം ഒരു വരമാണെന്നു പറഞ്ഞ പഠിപ്പിച്ച തലമുറയെത്തന്നെ നാം മറന്നുകഴിഞ്ഞു. ഒരു മരമെങ്കിലും നട്ടുവളര്‍ത്തണമെന്നു തോന്നുന്നവരുടെ എണ്ണം കുറവാണ്‌. തണലായി വിടര്‍ന്നുനിന്നിരുന്ന ശര്‍ക്കരച്ചി മാവും തേന്‍വരിക്കയും വെട്ടിനിരത്തി എത്ര നിലകള്‍ പണിതുതീര്‍ക്കാമെന്നാണ്‌ നാം കണക്കുകൂട്ടുന്നത്‌.

നാട്ടുവേലിയുടെ ഭംഗിയെന്താണെന്ന്‌ ഇന്ന്‌ എത്ര കുട്ടികള്‍ക്കറിയാം. ചെമ്പരത്തിയും കാക്കപ്പൂവും പൂവരശും കൊന്നപ്പത്തലും കൊണ്ടുതീര്‍ത്ത വേലികള്‍ ജൈവസുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്‌. അതിനപ്പുറം നാടിന്റെ ഹരിതശ്വാസകോശമായിരുന്നു.

ഒരു കരിയിലപോലും കൊഴിഞ്ഞുവീഴാതെ വെട്ടിനിരത്തിയ മുറ്റത്താകെ കോണ്‍ക്രീറ്റ്‌ ടൈലുകള്‍ പാകാനാണ്‌ നമുക്ക്‌ ഉത്സാഹം. മുറ്റത്തുവീഴുന്ന മഴ അങ്ങനെ ഒഴുകി ടാര്‍ റോഡിലേയ്‌ക്കും അവിടെ നിന്ന്‌ കോണ്‍ക്രീറ്റ്‌ ഓടയിലേയ്‌ക്കും അവിടെനിന്ന്‌ അകലങ്ങളിലേയ്‌ക്കും ഒഴുകിപ്പോകുന്നു. ഒരുതുള്ളി പോലും നമ്മുടെ പുരയിടത്തിലോ അയല്‍പക്കങ്ങളിലോ താഴാതെ. ഒഴുകുന്ന വഴികളിലൊന്നും കുഴികളോ കുണ്ടുകളോ കുന്നുകളോ ഇല്ലാത്തതിനാല്‍ പേടിക്കേണ്ട, അവിടെയൊന്നും നില്‍ക്കാതെ പെട്ടെന്നുതന്നെ വെള്ളം അറബിക്കടലില്‍ പതിച്ചുകൊള്ളും.

വേനലറുതിയില്‍ വിളിപ്പുറത്ത്‌ ടാങ്കര്‍ ലോറികള്‍ വന്നുനില്‍ക്കുമെന്നാകും പലരും ആശ്വസിക്കുന്നത്‌. കഴിഞ്ഞദിവസം കേരളത്തിലെ ഒരു വീട്ടിലെ കിണറ്റില്‍ വെള്ളം അടിച്ചുനിറച്ച്‌ പച്ചനോട്ടുകള്‍ വാങ്ങി ടാങ്കര്‍ സ്ഥലംവിട്ടു. കുറെക്കഴിഞ്ഞ്‌ വീട്ടുകാര്‍ നോക്കുമ്പോഴാണ്‌ കാണുന്നത്‌ കിണറ്റിലുള്ളത്‌ ചീഞ്ഞുനാറിയ വെള്ളമാണെന്ന്‌. കുടിവെള്ള ടാങ്കറാണോ കക്കൂസ്‌ മാലിന്യം തള്ളുന്ന ലോറിയാണോ എന്നു പോലും നോക്കാതെ കുടിക്കാനുളള വെള്ളം നാം വിലകൊടുത്ത്‌ വാങ്ങാന്‍ മടിക്കുന്നില്ല.

(തുടരും)