Breaking News

Trending right now:
Description
 
May 20, 2013

വല്ലപ്പോഴും നാട്ടിലെത്തുന്ന പ്രവാസികളെ വന്യജീവികളെപ്പോലെ കാണുന്നു: ഫൊക്കാന നേതൃത്വം

മാത്യു മൂലേച്ചേരില്‍
image

 

ന്യൂയോര്‍ക്ക്: പ്രവാസി മലയാളികളുടെ ക്ഷണം സ്വീകരിച്ച് നാട്ടില്‍ നിന്നും വിവിധ പ്രോഗ്രാമുകളുമായി കടന്നുവരുന്ന കലാകാരന്മാരും കലാകാരികളും അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനെങ്കിലും നന്ദിയും സ്നേഹവുമുള്ളവരായി പെരുമാറണമെന്ന് ഫൊക്കാന നേതൃത്വം അഭ്യര്‍ത്ഥിച്ചു. അവര്‍ നന്ദിയും കടപ്പാടുമില്ലാതെ, നിഗളിപ്പും ധാര്‍ഷ്ഠ്യതയും വച്ചു പുലര്‍ത്തുന്നതിന്റെ ഉത്തമോദാഹരണമാണ് ഈ കഴിഞ്ഞ ദിവസം പ്രവാസി മലയാളികളുടെ പണം കൊണ്ട് പടുത്തുയര്‍ത്തിയ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അരങ്ങേറിയതെന്ന് ഫൊക്കാന നാഷണല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

പ്രവാസികളായി അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് അവരുടെ സാമൂഹിക സാംസ്കാരിക പൈതൃകം കൈമോശം വരാതിരിക്കുന്നതിനായി കേരളത്തിലെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രവാസികളെ സംയോജിപ്പിച്ചു 1970-ല്‍ തുടങ്ങിയതാണ് ഫൊക്കാന. നാളിതുവരെ നമ്മുടെ കേരളത്തനിമക്ക് മൂല്യച്ച്യൂതി സംഭവിക്കാതെ അതിനെ കാത്തു സൂക്ഷിക്കുവാന്‍ ഫൊക്കാന ശ്രമിച്ചിട്ടുണ്ട്.

ഭാരിച്ച ജീവിത പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്ന പ്രവാസി മലയാളികള്‍ക്ക് ഒരല്പം സന്തോഷത്തിനും, സാമൂഹിക സാംസ്കാരിക കൂട്ടായ്മയ്ക്കും, കൂടാതെ അവരുടെ ഇഷ്ടതാരങ്ങളെ ഒന്ന് അടുത്തുകാണുന്നതിനുമാണ് ഇവിടെയുള്ള പല സമുദായിക, സാംസ്കാരിക സംഘടനകളും നാട്ടില്‍ നിന്ന് കലാകാരന്മാരെയും കലാകാരികളെയും കൊണ്ടു വരുന്നത്. അവരിവിടെ എത്തുമ്പോള്‍ മുതല്‍ അവര്‍ക്കാവശ്യമായ സുഖസൗകര്യങ്ങളൊരുക്കി താലപ്പൊലിയുമായി എല്ലാവരും അവരെ സ്വീകരിക്കുകയും ചെയ്യും. 

എന്നാല്‍ നാട്ടില്‍ നിന്നും വരുന്നവരുടെ ധാരണ പ്രവാസികളെല്ലാം വെറും രണ്ടാംകിട പൗരന്മാരാണ് എന്നുള്ളതാണ്. അവര്‍ക്ക് പ്രവാസി മലയാളികളുടെ പണത്തിലും എഴുന്നള്ളിപ്പിലും മാത്രമാണ് നോട്ടം. ഇവിടെ വന്ന് തിരികെ നാട്ടിലേക്കുള്ള വിമാനത്തില്‍ കയറുന്നതുവരെ മാത്രമേയുള്ളു അവരുടെ പ്രവാസി മലയാളി സ്നേഹം. വിമാനത്തില്‍ വച്ചു തന്നെ തുടങ്ങും അവരുടെ സംസ്കാര ശൂന്യതയും സാമൂഹിക പ്രതിബദ്ധതയില്ലായ്മയും.

നാട്ടില്‍ നിന്നും കടന്നുവന്നിട്ടുള്ള സകല നേതാക്കന്മാരെയും മത മേലദ്ധ്യക്ഷന്മാരെയും, സാമൂഹിക-സാംസ്കാരിക നായകരെയും കക്ഷിരാഷ്ട്രീയ, ജാതി, മത, വര്‍ഗ്ഗ ഭേദമെന്യെ സ്വീകരിക്കുകയും അവര്‍ക്കാവശ്യകരമായ സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുള്ളതുമായ ഒരു സാംസ്കാരിക സംഘടനയാണ് ഫൊക്കാന. അതുപോലെ തന്നെയാണ് പ്രവാസികളുടെ മറ്റ് സംഘടനകളും എന്നാണ് വിശ്വാസം. അതെടുത്ത് പറയാതെ തന്നെ എല്ലാവര്‍ക്കുമറിവുള്ള കാര്യവുമാണ്. എന്നാല്‍ ഇവിടെയായിരിക്കുമ്പോള്‍ അവരില്‍ ചിലര്‍ പ്രവാസികള്‍ക്കായി വച്ചു നീട്ടിയിട്ടുള്ള വാഗ്ദാനങ്ങളില്‍ പലതും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലയെന്നുള്ളത് ഖേദകരമായ ഒരു വസ്തുതയാണ്.

കേരളത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും പ്രവാസി മലയാളികളുടെ പണത്തിനും ഒരു പ്രധാന പങ്കുണ്ട് എന്നത് ആരും മനസ്സിലാക്കുന്നില്ല! അല്ല, അറിഞ്ഞിട്ടും അറിയാത്തവരെപ്പോലെ നടിക്കുന്നു. പ്രവാസി മലയാളികള്‍ക്ക് വേണ്ടി വാദിക്കാന്‍, നിലകൊള്ളാന്‍ അവിടെയാരുമില്ല. ഇന്ന് പ്രവാസി മലയാളികള്‍ നാട്ടിലുള്ള ഉദ്യോഗസ്ഥരില്‍ ചിലരുടെയും ചില ദുഷ്ട ജനങ്ങളുടേയും ചൂഷണത്തിനിരയാണ്. വല്ലപ്പോഴും ഒരിക്കല്‍ നാട്ടിലേക്ക് കടന്നു ചെല്ലുന്ന അവരെ വന്യജീവികളെന്നവണ്ണം കാണുകയും പീഡിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ അവിടെയായിരിക്കുന്ന ഒരോ നിമിഷവും അവരുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിന് അവര്‍ പെടാപ്പാട് പെടുകയാണ്.

പ്രവാസികളോടുള്ള ഈ മനോഭാവത്തിന്റെ ബലിയാടാണ് ബിനോയി ചെറിയാന്‍ ചെരിപുറം. നാട്ടില്‍ നിന്നും ഇവിടേക്ക് കടന്നുവന്ന സാംസ്കാരിക സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത രജ്ഞിനി ഹരിദാസിന്റെ പ്രവര്‍ത്തി നിമിത്തം രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി സകുടുംബം നാട്ടിലേക്ക് കടന്ന് പോയ ബിനോയിക്കും കുടുംബത്തിനും അവരുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുവാനിടയായി. സാമൂഹിക നീയമങ്ങള്‍ അനുസരിച്ച് മാന്യമായി 'ക്യൂ' പാലിച്ചിരുന്ന അവരുടെ മുന്‍പിലേക്ക് രജ്ഞിനിയും പിണിയാളുകളും കടന്ന് കയറ്റം നടത്തി. അതിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ മാനസ്സീകമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു.

ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന എയര്‍പ്പോര്‍ട്ടിലെ ചില സെക്യൂരിറ്റി ജീവനക്കാരും, ചില ഉദ്യോഗസ്ഥരും പക്ഷപാതപരമായിത്തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. ബിനോയി കുറ്റക്കാരനല്ല എന്ന് മനസ്സിലാക്കുന്നതിന് അവര്‍ക്ക് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വന്നുവെന്നത് ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാരണം ഇതെല്ലാം കണ്ടുകൊണ്ട് നിന്ന പോലീസിനെന്തിനാണ് സി.സി.ടി.വി സഹായം.

ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി ആലുവാ റൂറല്‍ എസ്.പി സന്തോഷ് ബിനോയി ഐ.പി.എസ്, ഡി.വൈ.എസ്.പി സോണി ഉമ്മന്‍ കോശി എന്നിവരുമായി ബന്ധപ്പെടുകയും ഫൊക്കാനയുടെ ഉത്ക്കണ്ഠ അറിയിക്കുകയുമുണ്ടായി. അറസ്റ്റിനെക്കുറിച്ച് ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ബിനോയിക്ക് യാത്രകള്‍ക്ക് അതൊരു തടസ്സമാവില്ലെന്നും അവര്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കുകയുണ്ടായി.

എങ്കില്‍ തന്നെയും മുന്‍ അനുഭവങ്ങള്‍ വെച്ച് ഉറപ്പുകളില്‍ മാത്രം വിശ്വസിച്ച് മുന്നോട്ട് നീങ്ങുവാന്‍ ഫൊക്കാന തയ്യാറല്ല. ഇതുപോലുള്ള വിഷയങ്ങള്‍ ഭാവിയിലുണ്ടാകാതിരിക്കാനായും പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ടുകൊണ്ടും ഫൊക്കാന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, അതത് വകുപ്പ് മന്ത്രിമാര്‍ക്കും, കേന്ദ്ര മന്ത്രിമാര്‍ക്കും, എം.പി.മാര്‍ക്കും കൂടാതെ എല്ലാ രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്കും, നിവേദനം സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഈ കേസന്വേഷണം ശരിയാംവണ്ണം നടത്താതെയും കുറ്റക്കാരിയായ രജ്ഞിനി ഹരിദാസിന് വ്യക്തിതാത്പര്യാടിസ്ഥാനത്തില്‍ അര്‍ഹമായ ശിക്ഷ നല്‍കാതെയിരിക്കുകയും ചെയ്യുന്ന പക്ഷം ലോകമെമ്പാടുമുള്ള എല്ലാ പ്രവാസികളേയും ഉള്‍പ്പെടുത്തി ശക്തമായ തീരുമാനങ്ങള്‍ കൈള്ളുന്നതാണ്. അതുപോലെ തന്നെ സംസ്കാര ശൂന്യയാ(മാ)യ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഇനിമേലാല്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍നിന്നും പീഡിപ്പിക്കുന്നതില്‍ നിന്നും സംരക്ഷിപ്പാന്‍ ഫൊക്കാനയാല്‍ ആവുന്നതെല്ലാം ചെയ്യുകയും ചെയ്യും.

ഫൊക്കാനയും മറ്റിതര സംഘടനകളും നല്‍കിയിട്ടുള്ള ഊഷ്മള സ്വീകരണവും ഉപഹാരവും അടുത്തറിഞ്ഞിട്ടുള്ള ഒരു വ്യക്തിയാണ് സിനിമാ നടിയും ചാനല്‍ അവതാരികയുമായ രജ്ഞിനി ഹരിദാസ്. എന്നാല്‍ അതെല്ലാം വിസ്മരിച്ചുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തി നീതീകരിക്കാന്‍ സാധ്യമല്ലാത്തതാണ്. ഇതിനര്‍ഹമായ മറുപടി രജ്ഞിനി ഹരിദാസില്‍ നിന്നോ ബന്ധപ്പെട്ടവരില്‍ നിന്നോ ലഭിക്കാത്ത പക്ഷം മുന്‍പോട്ടുള്ള അമേരിക്കന്‍ പൊതുവേദികളില്‍ നടത്തുവാനുദ്ദേശിക്കുന്ന ഇത്തരത്തിലുള്ള മനുഷ്യത്വഹീനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരുടെ എല്ലാ പരിപാടികളും അമേരിക്കന്‍ നീയമത്തിന്റെ പിന്‍ബലത്താലും പ്രവാസി മലയാളികളുടെ നേതൃത്വത്താലും നേരിടുകയും ബഹിഷ്കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.