Breaking News

Trending right now:
Description
 
May 19, 2013

റോസമ്മ പുന്നൂസിന്റെ നൂറാംജന്മദിനത്തോടനുബന്ധിച്ച്‌ കമ്യുണിസ്‌റ്റ്‌ പാര്‍ട്ടിയുടെ വിപ്ലവനായികമാരെ വനിതാകലാസാഹിതി ആദരിച്ചു

image  
ചങ്ങനാശേരി:കാരിരുമ്പിനെക്കാള്‍ കഠിനഹൃദയരായ അധികാര വര്‍ഗത്തോട്‌ പടവെട്ടിയ ഒരു കാലഘട്ടത്തിന്റെ ധീര വനിതകള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഉയര്‍ന്നതു വിപ്ലവ സ്‌മരണകള്‍. റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനത്തോട്‌ ചേര്‍ന്നാണ്‌ കമ്യുണിസ്‌റ്റ്‌ ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ച കൂത്താട്ടുകുളം മേരി, സി കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയി ചൗധരി, മുന്‍ മുഖ്യമന്ത്രി പി കെ വിയുടെ ഭാര്യ ലക്ഷ്‌മി കുട്ടിയമ്മ, വിപ്ലവ ഗായിക മേധിനി ചേച്ചി എന്നിവരെയാണ്‌ ആദരിച്ചത്‌. റോസമ്മ പുന്നൂസിന്റെ തിരുവല്ലയിലെ വസതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്‌. പ്രായാധിക്യത്തിന്റെ അവശതകള്‍ മറന്ന്‌ ഇവര്‍ എത്തിയപ്പോള്‍ പുത്തന്‍ തലമുറയ്‌ക്കും കമ്യുണിസ്റ്റ്‌ ചരിത്രത്തിലേക്ക്‌ പിന്‍നടത്തത്തിന്‌ സാധ്യമായി.
വനിതാകലാസാഹിതിയും യുവകലാസാഹിതിയും സംയുക്തമായി നടത്തിയ പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.

കാഞ്ഞിരപ്പള്ളി സിസ്റ്റേഴ്‌സ്‌ എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസും കേരള രാഷ്ട്രീയത്തിന്റെ ഏടുകളില്‍ സ്വര്‍ണ ലിപികളില്‍ എഴുതപ്പെട്ട പേരുകളാണ്‌. സര്‍ സി.പിയുടെ ദുര്‍ ഭരണത്തിനെതിരെ കമ്യുണിസ്റ്റ്‌ പാളയത്തില്‍ നിന്ന്‌ പോരാടി ഈ ധീര വനിതകള്‍.

പിന്നീട്‌ പുന്നൂസ്‌ എന്ന കമ്യുണിസ്റ്റ്‌ നേതാവിന്റെ ജീവിത സഖിയായി മാറിയ റോസമ്മ പുന്നൂസ്‌ രാഷ്ട്രീയ ജീവിത്തില്‍ നിന്ന്‌ വിട വാങ്ങുന്നതു വരെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ദേവികുളത്ത്‌ എംഎല്‍എയായി തിരഞ്ഞെടുത്ത റോസമ്മയുടെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കിയിരുന്നു. പിന്നീട്‌ നടന്ന ബൈ ഇലക്ഷനിലും റോസമ്മ പുന്നൂസ്‌ തന്നെ വിജയിച്ചു ആദ്യം പ്രോടൈം സ്‌പീക്കറുമായിരുന്നു റോസമ്മ പുന്നൂസ്‌.
പോലീസിന്റെ കൊടിയ മര്‍ദ്ദനമേറ്റ കുത്താട്ടുകുളം മേരി കമ്യുണിസ്‌റ്റ്‌ ചരിത്രത്തിലെ മറ്റൊരു ധീര വനിതയാണ്‌.

പികെവിയുടെ ശക്തിയായി പിന്നില്‍ പ്രവര്‍ത്തിച്ച ലക്ഷ്‌മിയമ്മയ്‌ക്കും പറയാനുള്ളത്‌ സഹനത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചാണ്‌.

അധികാരവും പണവും പദവിയും ആഗ്രഹിക്കാതെ രാഷ്ട്രീയത്തിനായി സ്വന്തം ജീവിതങ്ങള്‍ ഹോമിച്ച ഇവരെ ആദരിക്കാനാണ്‌ വനിതാകലാസാഹിതിയും യുവകലാസാഹിതിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്‌. സംസ്ഥാന വനിതാകലാസാഹിതി പ്രസിഡന്റ്‌ ശാരദാ മോഹന്‍, കലാസാഹിതി സെക്രട്ടറി സതീശന്‍, സംസ്ഥാന വനിതാകലാസാഹിതി സെക്രട്ടറി ഗീതാ നസീര്‍ തുടങ്ങിയവരാണ്‌ പരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌.